| Thursday, 28th April 2022, 2:54 pm

പാര്‍ട്ട് ടൈം കാരെ അല്ല, ലീഗിന് വേണ്ടത് ഫുള്‍ ടൈം എം.പിമാരെയും ദേശീയ നേതാക്കളെയും: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. മുസ്‌ലിം ലീഗിന് വേണ്ടത് ഫുള്‍ ടൈം എം.പിമാരെയും ദേശീയ നേതാക്കളെയുമാണെന്നും അല്ലാതെ പാര്‍ട്ട് ടൈം കാരെ അല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു ജലീലിന്റെ വിമര്‍ശനം.

ദല്‍ഹി ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ തടര്‍ന്നപ്പോള് ലീഗ് എം.പിമാര്‍ക്ക് പ്രത്യേകിച്ച് റോളോന്നുമുണ്ടായിരുന്നില്ലെന്ന വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ വിമര്‍ശനം.

ജലീലിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ലീഗ് അണികള്‍ തന്നെ രംഗത്തെത്തി. സി.പി.ഐ.എമ്മിന്റെ ഭാഗമായി നില്‍ക്കുന്ന കെ.ടി. ജലീല്‍ ലീഗിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് ലീഗ് അണികള്‍ പോസ്റ്റിന് കമന്റുകളായി പറയുന്നത്.

‘ജലീല്‍ നേരത്തെ സി.പി.ഐ.എമ്മില്‍ പാര്‍ട്ട്‌ടൈം ആയിരുന്നു. കുറച്ച് നാള്‍ മുമ്പ് പാര്‍ട്ടി നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയതിനു ശേഷം ഇപ്പോള്‍ ഫ്രീലാന്‍സ് ആയി മറ്റുള്ള പാര്‍ട്ടിക്കാരെപ്പറ്റി ആകുലതപ്പെടുന്നു,’ എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.

ജലീലിന്റെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ‘ഞങ്ങള്‍ക്കാകെ കേരളത്തില്‍ ഒരു ജില്ലയില്‍ മാത്രമേ ആളുള്ളു. പിന്നെ അഖിലേന്ത്യാ തലത്തില്‍ പോയി ഫുള്‍ ടൈമായായാല്‍ ആര് ചിലവിന് തരും?,’ എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.

അതേസമയം, ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കലിന് ഇരകളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗ് പ്രതിനിധി സംഘം പറഞ്ഞിരുന്നു. വടക്ക് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടികള്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞിരുന്നു.

Content Highlights: KT Jaleel  The Muslim league needs full-time MPs and national leaders, not part-timers

Latest Stories

We use cookies to give you the best possible experience. Learn more