കോഴിക്കോട്: ലോകായുക്തക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്ന് ജലീല്‍ ആരോപിച്ചു. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറയുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ ആയുധമാക്കി ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയുകയായിരുന്നു യു.ഡി.എഫ് ലക്ഷ്യമെന്ന് കെ.ടി. ജലീല്‍ കുറിച്ചു. തനിക്കെതിരായ കേസില്‍ അഡ്വ. കാളീശ്വരം രാജ് സുപ്രീംകോടതിയിലുള്ള തന്റെ കേസുകളുടെ വിവരം ചെയ്ത ഇമെയില്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകായുക്തയില്‍ ഒരു ഹിയറിങ്ങിന് പോലും അനുമതി ലഭിക്കുമായിരുന്നില്ലെന്ന് ജലീല്‍ വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് കെ.എസ്. അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും ജലീല്‍ പങ്കുവെച്ചിട്ടുണ്ട്.
തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്ന് ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എം.ജി. വി.സി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചു.
കെ.ടി. ജലീലിന്റെ വാക്കുകള്‍
‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
‘2021 മാര്‍ച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്പ് ‘ബോംബ്’ പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു യു.ഡി.എഫിന്റെ ലക്ഷ്യം. മൈനോരിറ്റി കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ല്‍ ഇല്ലായിരുന്നെങ്കില്‍ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസന്‍.
സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്‌ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.’വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല
അഡ്വ: കെ.എസ്. അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നുള്ള വരികളാണ് താഴെ. ഈ വരികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത് അരുണ്‍ കുമാറിന്റെ നിരീക്ഷണം മാത്രമാണ്
:”കേരളാ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചത് 2022 ജനുവരി 19 നാണ്. ശുപാര്‍ശ ചെയ്തപ്പെട്ടഓര്‍ഡിനന്‍സ് ഇപ്പോള്‍ ബഹുമാനപ്പെട്ട ഗവര്‍ണറുടെ പരിഗണനയിലാണ്.
ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ചാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പത്ര-ദൃശ്യ മാധ്യമങ്ങളിലെ വാര്‍ത്തകളും ചര്‍ച്ചകളും എല്ലാം. നിയമ ഭേദഗതിയിലേക്ക് നയിച്ചത് മുന്‍ മന്ത്രി ശ്രീ കെ.ടി. ജലീലിനെതിരെ ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസും അതിന്റെ വിധിന്യായവും ആണ് എന്നാണ് ആരോപിക്കുന്നത്. ശ്രീ. കെ.ടി. ജലീലിനെതിരായ ലോകായുക്ത കേസില്‍ അദ്ദേഹത്തിനെ ലോകായുക്ത വിസ്തരിക്കുകയോ അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ അനുവാദം ലഭിക്കുകയോ ചെയ്തിതില്ല എന്ന് ആദ്യഘട്ടം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ കെ.ടി. ജലീലിനെ ലോകായുക്ത വിസ്തരിച്ചു എന്നും അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും കെ.ടി. ജലീല്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം പരിശോധിച്ചിട്ടാണ് ലോകായുക്ത വിധി പറഞ്ഞതെന്നും യു.ഡി.എഫ് നേതാക്കളും ചാനല്‍ ചര്‍ച്ചകളിലെ ‘നിയമ വിദഗ്ദന്മാരും’ മാധ്യമ ജഡ്ജിമാരുടെ മുന്നില്‍ വാദിക്കുന്നത് കണ്ടു. എന്നാല്‍ എന്താണ് കെ.ടി. ജലീല്‍ കേസുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ നടന്നത്?
ലോകയുക്ത നിയമപ്രകാരം ഒരു പരാതി ലഭിച്ചാല്‍ ആ പരാതി നിയമപരമാണോ എന്നറിയാന്‍ ആദ്യം പ്രാഥമിക പരിശോധന (Preliminary Inquiry) നടത്തണം. പിന്നീട് പരാതിയിലെ വസ്തുതകളെക്കുറിച്ച് വിശദമായ അന്വേഷണം ( Investigation) നടത്തണം. പിന്നീട് ലോകയുക്ത നിയമത്തിന്റെ വകുപ്പ് 11 പ്രകാരം തെളിവെടുപ്പ് ( Evidence) നടത്തണം. തെളിവെടുപ്പ് പൂര്‍ത്തികരിച്ചാല്‍ മാത്രമേ കേസ് വാദത്തിനായി(Hearing) മാറ്റുകയുള്ളൂ.എന്നാല്‍ ശ്രീ കെ.ടി. ജലീലിനെതിരായി ലോകായുക്തയില്‍ ഫയല്‍ ചെയ്ത C. No. 57/19 B കേസിന്റെ ദിവസേനയുടെ നടപടിക്രമങ്ങള്‍ (Proceeding Sheet) പരിശോധിച്ചാല്‍ വസ്തുതകള്‍ വ്യക്തമാകും.