കോഴിക്കോട്: മുസ്‌ലിം ലീഗ് ഇതുവരെ 44 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് നിയമസഭയില്‍ പ്രസംഗിച്ച മന്ത്രി കെ.ടി ജലീലിനെതിരെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ രംഗത്ത്. കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞ 44 കൊലപാതകങ്ങളുടെ പട്ടിക അദ്ദേഹം പുറത്ത് വിടണം, അതെല്ലാം ഇ.കെ – എ.പി വിഭാഗങ്ങളുടെ സംഘര്‍ഷത്തിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദവും വസ്തുതാപരമായി അദ്ദേഹം തെളിയിക്കണമെന്നും സത്താര്‍ പറഞ്ഞു. മന്ത്രിയും പ്രതിപക്ഷ നേതാവും ആര്‍ക്ക് പുറം ചൊറിഞ്ഞു കൊടുത്താലും അത് മത സംഘടനകളുടെ ചെലവില്‍ വേണ്ട എന്നും സത്താര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തു മുസ്ലിംലീഗുകാര്‍ 44 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു നിയമസഭയില്‍ മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം. കൊല്ലപ്പെട്ടവരുടെ പട്ടിക സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ തയാറാണെന്നും ജലീല്‍ വ്യക്തമാക്കി. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലുണ്ടായ ജലീലിന്റെ ആരോപണത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ആരോപണങ്ങള്‍ രേഖയില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആലോചിക്കാമെന്നും പട്ടിക ആവശ്യമുള്ളവര്‍ക്കു ജലീല്‍ നേരിട്ടു നല്‍കിയാല്‍ മതിയെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നു.
Read Also : ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗ് 44 കൊലപാതകങ്ങള്‍ നടത്തിയെന്ന് പറഞ്ഞത്; കെ.ടി ജലീലിനെതിരെ കണക്ക് നിരത്തി അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി
എ.പി ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലെ സാമുദായിക സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുകളാണു ജലീല്‍ പറയുന്നതെന്നും അവയ്ക്കു ലീഗുമായി ബന്ധമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
സി.പി.ഐ.എം ഉള്ളിടത്തെല്ലാം മുസ്ലിംകള്‍ അരക്ഷിതരാണെന്നു കഴിഞ്ഞദിവസം കെ.എം.ഷാജി ഉന്നയിച്ച ആരോപണത്തിനെതിരെയായിരുന്നു ജലീലിന്റെ തിരിച്ചടി. ലീഗ് 44 പേരെ കൊന്നിട്ടുണ്ടെങ്കില്‍ ഒരു പതിറ്റാണ്ടിലേറെ ലീഗിലുണ്ടായിരുന്ന കെ.ടി.ജലീല്‍ അതില്‍ എത്ര കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നു വി.കെ.ഇബ്രാഹിംകുഞ്ഞ് ചോദിച്ചിരുന്നു. നാദാപുരത്തു രണ്ടു ലീഗുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്തുടനീളം തന്നോടൊപ്പം കെ.ടി.ജലീല്‍ പര്യടനം നടത്തി സിപി.ഐ.എമ്മിനെതിരെ പ്രസംഗിച്ചത് ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു എം.കെ.മുനീര്‍ പറഞ്ഞത്.