മലപ്പുറം: ഇന്ത്യയിലുടനീളം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ അതിക്രമങ്ങളില്‍ മുസ്‌ലിം ലീഗ് പുലര്‍ത്തുന്ന മൗനം അപകടകരമാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കത്വ-ഉന്നാവ ഇരകള്‍ക്കായി നടത്തിയ പണപ്പിരിവിലും ചന്ദ്രിക പത്രത്തിലെ കള്ളപ്പണ ഇടപാടിലും ഇ.ഡി. അന്വേഷണം നേരിടുന്നതുകൊണ്ടാണ് മുസ്‌ലിം ലീഗ്, ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ശബ്ദമുയര്‍ത്താത്തതെന്നും ജലീല്‍ കുറ്റപ്പെടുത്തി.
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും യാഥാര്‍ത്ഥ്യം വ്യക്തമാക്കി പത്ര സമ്മേളനം നടത്താന്‍ യൂത്ത് ലീഗിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പരാമര്‍ശം.
ബി.ജെ.പിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ചന്ദ്രിക ദിനപത്രം പൂട്ടിപ്പോയാല്‍ ദേശാഭിമാനിയുടെ പ്രസില്‍ നിന്നും പത്രം അച്ചടിച്ചിറക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസ്റ്റുകളുടെ അക്രമ വാഴ്ചക്കെതിരെ ഇനിയും ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ രാജ്യത്തെ ഒറ്റിക്കൊടുത്ത മിര്‍ജാഫറിന്റെയും മിര്‍സാദിഖിന്റെയും ആമു സൂപ്രണ്ടിന്റെയും പിന്‍മുറക്കാരുടെ പട്ടികയില്‍ മുസ്‌ലിം ലീഗിന്റെ പേരും ചേര്‍ക്കപ്പെടുമെന്നും ജലീല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
‘യൂത്ത് ലീഗിന്റെ മൗനത്തിന്റെ കാരണം എന്താണ്? ഇന്ത്യയില്‍ മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് നോക്കി നില്‍ക്കെ കയ്യാമത്തില്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ വെടിവെച്ച് കൊന്ന യു.പിയിലെ ജംഗിള്‍ രാജ്,
രാമനവമി ആഘോഷത്തിന്റെ മറവില്‍ അരങ്ങേറിയ അതിക്രമങ്ങളും കൊലപാതകങ്ങളും, യഥാര്‍ത്ഥ ചരിത്രം തമസ്‌കരിച്ചും വെട്ടിമാറ്റിയും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍, കര്‍ണ്ണാടകയില്‍ 4% മുസ്ലിം സംവരണം അവസാനിപ്പിച്ച നടപടി, തെലങ്കാനയില്‍ മുസ്ലിം സംവരണത്തിന് അന്ത്യം കുറിക്കുമെന്ന അമിത്ഷായുടെ പ്രഖ്യാപനം, പശുവുമായി ബന്ധപ്പെട്ട് തുടരുന്ന മുസ്ലിം വേട്ട, ഏകസിവില്‍കോഡിലേക്കുള്ള പ്രയാണം, ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ട അനേകം സംഭവങ്ങള്‍, ക്രൈസ്തവ വിശ്വാസികള്‍ അക്രമിക്കപ്പെട്ട നിരവധി പരാതികള്‍, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നരമേധങ്ങളാണ് മോദി സര്‍ക്കാരിന് കീഴില്‍ രാജ്യമൊട്ടുക്കും തിമര്‍ത്താടുന്നത്.
മുസ്‌ലിം ലീഗും യൂത്ത് ലീഗും ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കേണ്ട സമയമാണിത്. പക്ഷെ ഒരു ഇലയനക്കമായിപ്പോലും അവര്‍ക്ക് മാറാനാകാത്ത നിസ്സഹായാവസ്ഥ ആരിലും സഹതാപമുണര്‍ത്തും. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ഉള്‍പ്പടെ പല യുവജന സംഘടനകളും തെരുവുകളില്‍ പ്രതിഷേധ പര്‍വ്വം തീര്‍ത്തു. ലീഗിനും യൂത്ത് ലീഗിനും മാത്രം ഒരനക്കവുമില്ല.
യൂത്ത്‌ലീഗിന്റെ കുറ്റകരമായ നിസ്സംഗതയുടെ കാരണം തേടി പഴയ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാനൊരു അന്വേഷണം നടത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എനിക്ക് ലഭിച്ചത്. കത്വ, ഉന്നാവോ എന്നിവിടങ്ങളില്‍ ബലാല്‍സംഗത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമ സഹായം നല്‍കാനുമെന്ന പേരില്‍ പിരിച്ചെടുത്ത സംഖ്യ മുക്കിയതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ മുന്നില്‍ യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിനും സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനുമെതിരായി കേസുകള്‍ നിലവിലുണ്ട്.
ഒരു വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ പള്ളികളിലും ഈ ആവശ്യത്തിലേക്ക് പണം സമാഹരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഏകദിന പിരിവില്‍ 39.91 ലക്ഷം പിരിഞ്ഞു കിട്ടിയതായി നേതാക്കളുടെ പ്രസ്താവന ‘ചന്ദ്രിക’യില്‍ അച്ചടിച്ച് വന്നു. എന്നാല്‍ അതില്‍ നിന്ന് ഒരു രൂപ പോലും ദേശീയ യൂത്ത്‌ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ടിനായി മാത്രം തുടങ്ങിയ കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വ്യക്തമാക്കുന്നു.
പ്രസ്തുത അക്കൗണ്ടില്‍ വന്ന ഒരു കോടിയിലധികം വരുന്ന സംഖ്യ വിദേശത്തും സ്വദേശത്തുമുള്ള ഉദാരമതികളായ വ്യക്തികള്‍ അയച്ച പണമാണ്. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് യൂത്ത്‌ലീഗ് മുന്‍ ദേശീയ കമ്മിറ്റി അംഗം യൂസുഫ് പടനിലത്തെ ഇ.ഡി 21.2.2023 ന് വിളിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അന്ന് ഹാജരായില്ല. 24.2.2023 ന് നേരില്‍ചെന്ന് മൊഴി കൊടുത്തു.
കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണുനീരും നിലവിളികളും ജനഹൃദയങ്ങളിലേക്ക് എറിഞ്ഞ് പണം ശേഖരിച്ച് അത് മുക്കിയതിന് നേതൃത്വം നല്‍കിയവരുടെ കുന്ദമംഗലത്തെ മണിമാളികയും ആര്‍ഭാട ജീവിതവും കുടുംബസമേതം ഇടക്കിടെ നടത്തുന്ന വിദേശയാത്രകളുടെ ഉറവിടവും പരിശോധിച്ചാല്‍ പിരിച്ച പണം പോയ വഴി കണ്ടെത്താനാകും.
ഈ കൊടും വഞ്ചനക്ക് യുത്ത് ലീഗിന് കൊടുക്കേണ്ടി വരുന്ന വിലയാണ് ബി.ജെ.പിയോടും ആര്‍.എസ്.എസ്സിനോടും പുലര്‍ത്തുന്ന മാപ്പര്‍ഹിക്കാത്ത മൗനം. യൂത്ത് ലീഗിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇപ്പോഴത്തെ യൂത്ത്‌ലീഗ് നേതൃത്വത്തെ കത്വ-ഉന്നാവോ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഒരു പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു. അവര്‍ ഒരു പത്രസമ്മേളനത്തിന് മുന്നോട്ടുവന്നാല്‍ തൊട്ടടുത്ത ദിവസം എല്ലാ തെളിവുകളും പുറത്തുവിട്ട് പത്രസമ്മേളനം നടത്താന്‍ ഞാനൊരുക്കമാണ്.
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സി.കെ സുബൈറിനെ യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആറുമാസം കഴിഞ്ഞപ്പോള്‍ സുബൈറിനെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറിയാക്കിയ വാര്‍ത്ത കേട്ട് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ മൂക്കത്ത് കൈവിരല്‍ വെച്ചത് ആര്‍ക്കും പെട്ടന്ന് മറക്കാനാവില്ല.
‘ചന്ദ്രിക’യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ഇ.ഡി കേസ് മുസ്‌ലിം ലീഗിന്റെയും കൈകാലുകള്‍ക്ക് വിലങ്ങിട്ടിരിക്കുകയാണ്. ഫാഷിസ്റ്റുകള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇ.ഡി ‘ചന്ദ്രിക’ കണ്ടുകെട്ടിയാല്‍ ദേശാഭിമാനിയുടെ പ്രസ്സില്‍ നിന്ന് ചന്ദ്രിക അച്ചടിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ലീഗ് നേതാക്കളില്‍ പലരുടെയും അവിഹിത പണപ്പെട്ടികള്‍ക്കു മുകളില്‍ ഇ.ഡി കൈവെച്ചതായാണ് റിപ്പോര്‍ട്ട്.
ഫാഷിസ്റ്റുകള്‍ വരിഞ്ഞ് മുറുക്കിയ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് ലീഗ് നേതാക്കള്‍ പുറത്ത് വരട്ടെ. ജംഗിള്‍രാജിലേക്ക് ഇന്ത്യയെ നയിക്കുന്ന ബി.ജെ.പിക്കെതിരായ ജനാധിപത്യ പോരാട്ടത്തില്‍ പങ്കാളികളാവട്ടെ. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിയെ മതനിരപേക്ഷ ശക്തികളുടെ കൂടെച്ചേര്‍ന്ന് ‘നിഷ്‌കരുണം’ തുറന്നു കാട്ടട്ടെ. അല്ലെങ്കില്‍ മിര്‍ജാഫറിന്റെയും മിര്‍സാദിഖിന്റെയും ആമു സൂപ്രണ്ടിന്റെയും പിന്‍മുറക്കാരുടെ പട്ടികയില്‍ മുസ്ലിംലീഗെന്ന പേരും രേഖപ്പെടുത്തപ്പെടും. തീര്‍ച്ച.
Content Highlight: kt jaleel slams youth league in facebook