| Friday, 11th August 2023, 3:27 pm

'പണ്ഡിതര്‍ ക്ഷമാപണം നടത്തട്ടെ'; എം.കെ. സക്കീര്‍ മഹല്ലില്‍ വിശ്വാസികളോട് സംസാരിക്കുന്ന ചിത്രം പങ്കുവെച്ച് ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബോര്‍ഡ് അധ്യക്ഷനായി എം.കെ. സക്കീറിനെ നിയമിക്കുന്നതിനെതിരെ രംഗത്തെത്തിയ പണ്ഡിതര്‍ അടക്കമുള്ളവര്‍ ക്ഷമാപണം നടത്തണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. വഖഫ് ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാനിരിക്കുന്ന അഡ്വ. മുഹമ്മദ് സക്കീര്‍ തന്റെ മഹല്ലായ പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ ജുമുഅ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ജലീലിന്റെ പ്രതികരണം. ‘ചന്ദ്രിക” ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സമസ്ത മുഷാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വി അടക്കമുള്ളവര്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയതെന്നും ജലീല്‍ പറഞ്ഞു.

വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന കുറ്റത്തിന്റെ ‘ഇസ്‌ലാമിക വിധി’ അടക്കം ഉദ്ധരിച്ചാണ് ജലീലിന്റെ കുറിപ്പ്.

‘പറ്റിയ തെറ്റ് ഏറ്റുപറയാനും തിരുത്തി പോസ്റ്റ് ഇടാനും അസത്യം വിളിച്ചു പറഞ്ഞവര്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം അതീവ ഗൗരവമുള്ളതാകും. ആളുകളെ അകാരണമായി നിരീശ്വരവാദിയാക്കലും നിഷേധികളാക്കലും തുടര്‍ക്കഥയാകും. പള്ളി മഹല്ലുകളില്‍ അത് ഭിന്നിപ്പിന്റെ വിത്ത് പാകും,’ ജലീല്‍ പറഞ്ഞു.

അഡ്വ. സക്കീര്‍ നിരീശ്വരവാദിയാണെന്ന തരത്തില്‍ ബഹാവുദ്ദീന്‍ പറഞ്ഞ അഭിപ്രായം തീര്‍ത്തും തെറ്റാണെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. ഏതെങ്കിലും സൈബര്‍ ഗുണ്ടകള്‍ പോസ്റ്റ് ചെയ്യുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഒരു നേതാവ് വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് പ്രയാസമുളവാക്കുന്നതാണെന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്.

അതേസമയം, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ വഖഫ് ബോര്‍ഡ് അധ്യക്ഷനായി നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യം കാണിക്കുന്നുവെന്നായിരുന്നു ബഹാവുദ്ദീന്‍ നദ്‌വിയുടെ ആരോപണം.

പി.എസ്.സി മുന്‍ ചെയര്‍മാന്‍ അഡ്വ. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഓഗസ്റ്റ് 18ന് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് നടക്കും. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ഡിതര്‍ ക്ഷമാപണം നടത്തട്ടെ. പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് സക്കീര്‍ തന്റെ മഹല്ലായ പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ ജുമുഅക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ഇമേജില്‍.

അസത്യം ബോധ്യമായ സ്ഥിതിക്ക് ഡോ. ബഹാവുദ്ദീന്‍ നദ്‌വി സാഹിബും അഡ്വ. സക്കീറിനെതിരെ തെറ്റായ പ്രചരണം നടത്തിയവരും, അതിനെല്ലാം കാരണമായ ‘ചന്ദ്രിക” ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ സൂത്രധാരനും പറഞ്ഞത് പിന്‍വലിച്ച് ക്ഷമാപണം നടത്തട്ടെ. അല്ലെങ്കില്‍ അതെന്നും അവരുടെ ദേഹത്ത് ഒരു കറയായി അവശേഷിക്കും.

വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന കുറ്റത്തിന്റെ ‘ഇസ്‌ലാമിക വിധി’ എന്താണെന്ന് ബന്ധപ്പെട്ടവര്‍ ‘കിതാബ്’ മറിച്ചു നോക്കുന്നത് നന്നായിരിക്കും.

പറ്റിയ തെറ്റ് ഏറ്റുപറയാനും തിരുത്തി പോസ്റ്റ് ഇടാനും അസത്യം വിളിച്ചു പറഞ്ഞവര്‍ തയ്യാറാകുന്നില്ലെങ്കില്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം അതീവ ഗൗരവമുള്ളതാകും.

”ആരെയെങ്കിലും നിങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വേദനിപ്പിച്ചാല്‍ അയാളോട് ക്ഷമാപണം നടത്തി പൊരുത്തപ്പെടീച്ചില്ലെങ്കില്‍ പടച്ച തമ്പുരാന്‍ പോലും ആ പാപം നിങ്ങള്‍ക്ക് പൊറുത്തുതരില്ലെന്ന്’ വിശ്വാസികളെ പഠിപ്പിച്ച പ്രവാചകന്റെ വചനങ്ങള്‍ കഥയില്ലായ്മയാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും. ആളുകളെ അകാരണമായി നിരീശ്വരവാദിയാക്കലും നിഷേധികളാക്കലും തുടര്‍ക്കഥയാകും. പള്ളി മഹല്ലുകളില്‍ അത് ഭിന്നിപ്പിന്റെ വിത്ത് പാകും.

പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ് യഥാര്‍ത്ഥ പണ്ഡിതരെന്നാണ് തിരുവചനം. മാതൃക കാണിക്കേണ്ടവര്‍ അതിന് തയ്യാറാവുക. അതല്ലെങ്കില്‍ ഇസ്‌ലാം പറയാന്‍ മാത്രമുള്ളതാണെന്നും പ്രാവര്‍ത്തികമാക്കാനുള്ളതല്ലെന്നും മാലോകര്‍ കരുതും. അത് മതത്തിന്റെ വിശ്വാസ്യതയെ ദുര്‍ബലമാക്കും. ‘ദുരഭിമാനം ആരെയും നരകത്തിലേക്ക് നയിക്കാതിരിക്കട്ടെ’.

Content Highlights: KT Jaleel shares a Picture M.K. sakeer speaking to the faithful at Mahal

We use cookies to give you the best possible experience. Learn more