കോഴിക്കോട്: ഖുര്‍ആനില്‍ സ്വര്‍ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്‍ ആരോപണം ഉന്നയിച്ച യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത 4,479 കിലോഗ്രാം തൂക്കമുള്ള വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ് കോണ്‍സുലേറ്റിന് നോട്ടീസയച്ചെന്ന് ജലീല്‍ പറഞ്ഞു.
‘10,84,993 രൂപയാണ് ഇതിന്റെ മതിപ്പുവിലയെന്നും നോട്ടീസില്‍ പറയുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സാധനങ്ങള്‍ക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുര്‍ആന്‍ കോപ്പികള്‍ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ യു.എ.ഇ കോണ്‍സുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണര്‍ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്,’ ജലീല്‍ കൂട്ടിച്ചേര്‍ത്തു.