കൊച്ചി: ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍. മാധ്യമം ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താന്‍ കോണ്‍സുലേറ്റ് ജനറലിന് കത്തയച്ചിട്ടുണ്ടെന്നും എന്നാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് കെ.ടി. ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് ബന്ധമില്ലെന്ന് സ്വപ്‌ന പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മരണങ്ങളെക്കുറിച്ച് മാധ്യമം ദിനപത്രം ചെയ്ത വാർത്ത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ കോണ്‍സുലേറ്റ് ജനറലിന് കത്തയച്ചിരുന്നുവെന്നും ജലീല്‍ പറഞ്ഞു. പക്ഷേ പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമം ദിനപത്രത്തെക്കുറിച്ചുള്ള കത്തയച്ചത് സ്വപ്‌നയ്ക്കാണ്.
സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ അറിവോടയല്ല കത്തയച്ചതെന്നും ജലീല്‍ പറഞ്ഞു. പത്രം നിരോധിക്കാനല്ല മറിച്ച് വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് മാധ്യമം ദിനപത്രത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വാര്‍ത്ത വന്നത്. ഇതുമായി ബന്ധപ്പെട്ട് പലയിടത്തുനിന്നും മാധ്യമം ദിനപത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളും മാധ്യമത്തിനെതിരെ പ്രതികരിച്ചിരുന്നു. അത്തരത്തില്‍ ഒരു സാഹചര്യത്തില്‍ എന്താണ് ഇതിന്റെ നിജസിസ്ഥിതി എന്ന് അന്വേഷിച്ചിരുന്നു. നിരവധി ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കൃത്യമായ പരിരക്ഷ കിട്ടാതെ, ചികിത്സ കിട്ടാതെ മരണപ്പെട്ടെന്ന് കാണിക്കുന്ന വാര്‍ത്ത വന്നിട്ടുണ്ട്. അവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട് മാധ്യമം പത്രം.
എന്താണ് ഇതിന്റെ നിജസ്ഥിതി എന്ന് ചോദിച്ചുകൊണ്ട് അന്നത്തെ കോണ്‍സല്‍ ജനറലിന്റെ പി.എയ്ക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. എന്റെ പേഴ്‌സണല്‍ മെയില്‍ ഐഡിയില്‍ നിന്ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് ഇതിന്റെ കോപ്പി ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. അതല്ലാതെ ഏതെങ്കിലും പത്രം നിരോധിക്കണമെന്ന് അതില്‍ പറഞ്ഞിട്ടില്ല. അതിന്റെ കോപ്പി അവര്‍ തന്നെ നിങ്ങള്‍ക്ക് നല്‍കും. പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നാല്‍ ഇക്കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്, അതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല,’ കെ.ടി. ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗള്‍ഫില്‍ മാധ്യമം ദിനപത്രത്തിൻറെ പ്രസിദ്ധീകരണം നിരോധിക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. ഗള്‍ഫ് മേഖലയില്‍ മാധ്യമം ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന ആവശ്യവുമായി മുന്‍ മന്ത്രി കെ.ടി. ജലില്‍ യു.എ.ഇ അധികൃതര്‍ക്ക് കത്തയിച്ചിരുന്നുവെന്നും
ഇത് സംബന്ധിച്ച ചാറ്റുകള്‍ കൈവശമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
പത്രം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലീല്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും സ്വപ്ന ആരോപിച്ചു.
കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു.എ.ഇ അധികാരികളില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നും കെ.ടി. ജലീല്‍ പറഞ്ഞതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രം നിരോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടതെന്നും പത്രം നിരോധിച്ചാല്‍ അത് രാഷ്ട്രീയപാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു ജലീല്‍ സൂചിപ്പിച്ചതെന്നും സ്വപ്ന ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കത്തിന്റെ ഡ്രാഫ്റ്റും വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയതായും സ്വപ്ന നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊറോണയേക്കാള്‍ മാരകമായ വൈറസ് വാഹകര്‍ എന്ന തലക്കെട്ടോടെ 2020ലാണ് കെ.ടി. ജലീല്‍ മാധ്യമം ദിനപത്രത്തിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
മരണമടഞ്ഞവരുടെ ഫോട്ടോകള്‍ സഹിതം പ്രസിദ്ധപ്പെടുത്തിയ മാധ്യമം ദിനപത്രം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ തത്രപ്പാടില്‍ മറന്നുപോയ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് പോസ്റ്റ് എന്നായിരുന്നു അദ്ദേഹം ഫേസബുക്കില്‍ കുറിച്ചത്.
പിടിച്ചു നിര്‍ത്താവുന്നതിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ലോകത്തെവിടെയും സംഭവിക്കുന്നതേ ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളൂ. പിണറായി വരുദ്ധ തിമിരം ബാധിച്ച് കണ്ണിനും മനസ്സിനും അന്ധത ബാധിച്ച ജമാഅത്തെ ഇസ്ലാമി, ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് ഒന്ന് നോക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അബൂദാബിയിലെ ബനിയാസ് ഖബര്‍സ്ഥാന്റെ ചിത്രം കൊടുത്ത് അവിടെ കാണുന്ന നൂറുകണക്കിന് മീസാന്‍ കല്ലുകള്‍ (കുഴിമാടം) ചൂണ്ടി ഇതെല്ലാം കോവിഡ് പിടിപെട്ട് ചികിത്‌സ ലഭിക്കാതെ അറേബ്യന്‍ നാടുകളില്‍ ശ്വാസംമുട്ടി മരിച്ചവരുടേതാണെന്ന് വരുത്തിത്തീര്‍ത്ത്, വെല്‍ഫെയര്‍ പാര്‍ട്ടിക്കും അതിലൂടെ ലീഗിനും കോണ്‍ഗ്രസിനും വോട്ടുണ്ടാക്കാന്‍ ‘മാധ്യമം’ പത്രം നടത്തിയ നീക്കം അങ്ങേയറ്റം ഹീനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ കൊറോണയെക്കാള്‍ മാരകമായ വൈറസാണ് ഈ മുസ്‌ലിം ഗോള്‍വാള്‍ക്കറിസ്റ്റുകള്‍ മനസ്സില്‍ പേറുന്നത്. കൊറോണയോട് മാത്രമല്ല ജമാഅത്തെ ഇസ്‌ലാമിയോടും നമുക്ക് സാമൂഹ്യ അകലം പാലിക്കാമെന്നും അദ്ദേഹം കുറിച്ചിരുന്നു.
Content Highlight: KT jaleel says that he hasn’t told anyone to ban madhyamam newspaper in gulf