കെ.എം ഷാജി കോളേജില്‍ കയറിയിട്ടില്ലെന്ന പരാമര്‍ശം; ജലീലിനെ പ്രാഥമിക തത്വം ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍, ഖേദം പ്രകടിപ്പിച്ച് കെ.ടി ജലീല്‍
തിരുവനന്തപുരം: അഴീക്കോട് എം.എല്‍.എ കെ.എം ഷാജി കോളേജിന്റെ പടി ചവിട്ടിയില്ലാത്ത വ്യക്തിയാണെന്ന വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിയമസഭയുടെ നിലപാട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ജലീലിന്റെ ഖേദപ്രകടനം.
കെ.എം ഷാജി വിഷയം സഭയ്ക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 31ാം തിയ്യതി മന്ത്രി ജലീല്‍ നടത്തിയ ആക്ഷേപത്തെ കുറിച്ചാണ് ഷാജി പറഞ്ഞത്.
തെരുവ് പ്രാസംഗികനാണെന്നാണ് തന്നെ കുറിച്ച് സഭയില്‍ പറഞ്ഞത്. അതൊരു ആക്ഷേപമായാണ് മന്ത്രി പറഞ്ഞതെങ്കിലും അതൊരു അംഗീകാരമായി സ്വീകരിക്കുന്നു. കോളേജില്‍ കയറാത്ത ഷാജിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് ഒരക്ഷരം പറയാന്‍ അര്‍ഹതയില്ലെന്നാണ്. ഞാനും ഈ വിദ്യാഭ്യാസ മന്ത്രിയും പ്രീഡിഗിക്ക് പഠിച്ചത് ഒരു കോളേജിലാണ്. അതൊരു കോളേജല്ല എന്ന് മന്ത്രിക്ക് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണം. അതിന് ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.ബി.എയ്ക്ക് ചേര്‍ന്നതും സഭാരേഖകളിലുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിന് ശേഷം വിഷയത്തില്‍ സ്പീക്കര്‍ സംസാരിച്ചു. കോളേജില്‍ പഠിച്ചിട്ടില്ല എന്നത് ഒരു കുറവായി കാണുന്ന രീതി നിയമസഭ സാമാജികര്‍ക്ക് ബാധകമല്ല. അതൊരു ആക്ഷേപമായി ഉന്നയിക്കുന്നതും ശരിയല്ല. ജൈവ മനുഷ്യരുടെ മൂല്യങ്ങളും ബോധവും അറിവും ബോധവും രൂപം കൊള്ളുന്നതും മണ്ണില്‍ നിന്നാണ്. ഏത് സാഹചര്യത്തിലായാലും അത് വേണ്ടിയിരുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു.
തുടര്‍ന്ന് മന്ത്രി ഖേദപ്രകടനം നടത്തി. അംഗം പ്രകടിപ്പിച്ച് വികാരങ്ങളില്‍ ഒരു വിശദീകരണത്തിന് മുതിരുന്നില്ല. എന്റെ പരാമര്‍ശം അദ്ദേഹത്തിന് പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഞാനത് പിന്‍വലിക്കുന്നു. അദ്ദേഹത്തിനുണ്ടായ മനപ്രയാസത്തില്‍ ഖേദിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.