| Friday, 10th June 2022, 12:42 pm

86 വയസായി, പൂര്‍ണ ആരോഗ്യവാന്‍; ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ജയശങ്കറും വിനുവും 'മരിപ്പിച്ച' എന്റെ പിതാവാണിത്: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി. ജോണും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും ചേര്‍ന്ന് ‘മരിപ്പിച്ച’ തന്റെ പിതാവ് പൂര്‍ണ ആരോഗ്യവാനാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഫേസ്ബുക്കില്‍ പിതാവിന്റെ ചിത്രങ്ങള്‍ പങ്കുവെ

ച്ചായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

സി.പി.ഐ.എം വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും മൂത്ത് മത്തായവരാണ് ജയശങ്കറും വിനുവുമെന്ന് ജലീല്‍ പറഞ്ഞു.

‘അദ്ദേഹം മരിച്ചിട്ടില്ല. ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ അഡ്വ: ജയശങ്കറും അവതാരകന്‍ വിനു വി. ജോണും ചേര്‍ന്ന് മരിപ്പിച്ച എന്റെ വന്ദ്യ പിതാവാണ് ചിത്രത്തില്‍.
86 വയസായി. പൂര്‍ണ ആരോഗ്യവാന്‍. എന്നും മൂന്ന് കിലോമീറ്റര്‍ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റില്‍ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റില്‍ കോരി കുളിക്കുന്നവര്‍ വളരെ അപൂര്‍വ്വമാകും. ആ അപൂര്‍വ്വരില്‍ ഒരാളാണ് എന്റെ ഉപ്പ.

കോട്ടന്‍ ഷര്‍ട്ടും കരയില്ലാത്ത സിങ്കിള്‍ മല്ല് മുണ്ടും തോളില്‍ ഒരു ടര്‍ക്കിയുമാണ് വേഷം. പുതു തലമുറയില്‍ പെടുന്നവര്‍ക്ക് പഴക്കം ചെന്ന വാച്ച് കാണണമെങ്കില്‍ അദ്ദേഹത്തിന്റെ കയ്യിലേക്ക് നോക്കിയാല്‍ മതി. ചെരുപ്പും ഷൂവും തേയുന്നത് വരെ ഉപയോഗിക്കും. പതിനാറ് വയസ്സ് മുതല്‍ സമ്പൂര്‍ണ വെജിറ്റേറിയന്‍. റേഷന്‍ കടയിലെയും മാവേലി സ്റ്റോറിലെയും സ്ഥിര സന്ദര്‍ശകന്‍. ബാലന്‍ നായരുടെ അംബിക ഹോട്ടലിലെ ചായ കുടിക്കാന്‍ അങ്ങാടിയിലെത്തുന്ന പതിവിന് ഇന്നും ഭംഗം വരുത്താത്ത പഴമക്കാരന്‍.

അന്‍പത് വര്‍ഷം അങ്ങാടിയില്‍ ബിസിനസ് ചെയ്തിട്ട് ഒരു സൈക്കിള്‍ പോലും സ്വന്തമായില്ലാത്ത ഒരു സാധാരണക്കാരന്‍. ഇത്തരം മനുഷ്യരോടെങ്കിലും അല്‍പം ദയ കാണിച്ച് കൂടെ,’ കെ.ടി. ജലീല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസവും വിനുവിനെതിരെയും ജയശങ്കറിനെതിരെയും ജലീല്‍ രംഗത്തെത്തിയിരുന്നു. ഇസ്‌ലാമിക് ഹിസ്റ്ററി പഠിച്ചതിനാല്‍ വിവരമില്ലെന്ന് പറഞ്ഞ് ഇരുവരും അധിക്ഷേപിച്ചെതിനെതിരെയാണ് ജലീല്‍ പ്രതികരിച്ചത്.
താന്‍ എം.എക്ക് പഠിച്ചത് ഇസ്ലാമിക് ഹിസ്റ്ററി അല്ലെന്നും ഇനി അതാണെങ്കില്‍ ഇസ്ലാമിക് ഹിസ്റ്ററിക്കെന്താണ് കുഴപ്പമെന്നും ജലീല്‍ ചോദിച്ചിരുന്നു.

CONTENT HIGHGLIGHTS: KT Jaleel says my father is completely healthy, on basis of assianet news discussion

We use cookies to give you the best possible experience. Learn more