| Thursday, 24th February 2022, 7:06 pm

ഫാദര്‍ കോട്ടൂരിന് പരോള്‍ അനുവദിച്ചതിലും ലോകായുക്ത ഇടപെട്ടു, മുഖ്യമന്ത്രി അറിഞ്ഞപ്പോള്‍ പരോള്‍ റദ്ദാക്കി ജയിലിലേക്കയച്ചു: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലോകായുക്തക്കെതിരെ വീണ്ടും ആരോപണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഉറ്റ ബന്ധുവായ അഭയ കൊലക്കേസ് പ്രതി ഫാദര്‍ കോട്ടൂരിന് പരോള്‍ അനുവദിച്ചതില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചുവെന്ന് ജലീല്‍ ആരോപിച്ചു.

ജോമോന്‍ പുത്തന്‍പുരക്കലിന്റെ ‘അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ആത്മകഥയില്‍ നിന്നുള്ള ഒരുഭാഗം പങ്കുവെച്ചായിരുന്നു ജലീലിന്റെ പ്രതികരണം. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പരോള്‍ റദ്ദാക്കി ജയിലിലേക്ക് അയച്ചതെന്നുമാണ് ഈ ഭാഗത്തില്‍ പറയുന്നത്.

‘ഏമാന്റെ മുന്നില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്ന് അധികം നാറുന്നതിന് മുമ്പ് സ്വയം രാജിവെച്ച് പോവുക. അതല്ലെങ്കില്‍ ചീഞ്ഞുനാറിപ്പുഴുത്ത് സ്വാഭാവിക വീഴ്ചക്ക് കാത്തിരിക്കുക. ഏതാണ് വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കാം,’ ജലീല്‍ എഴുതി.

അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കഴിഞ്ഞ ദിവസവും കെ.ടി. ജലീല്‍ പറഞ്ഞിരുന്നു.

ഒന്നാംപ്രതിയും ബന്ധുവുമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അഭയ കേസ് പ്രതികളെ നാര്‍കോ അനാലിസിസ് നടത്തിയ വീഡിയോ ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടു. ബെംഗളൂരുവിലെ സ്ഥാപനത്തില്‍ പോയാണ് വീഡിയോ കണ്ടത്. ഇതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് രാജിവെക്കണമെന്നും ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തേയും സിറിയക് ജോസഫിനെതിരെ കെ.ടി. ജലീല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ ആരോപിച്ചിരുന്നത്. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറയുന്നു.

കെ.ടി. ജലീല്‍ പങ്കുവെച്ച ജോമോന്‍ പുത്തന്‍പുരക്കലിന്റെ ‘അഭയ കേസിന്റെ ചുരുളഴിച്ച ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ആത്മകഥയിലെ ഭാഗം

‘നാടിനെ നടുക്കിയ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കോടതി ശിക്ഷിച്ച് അഞ്ചു മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുമ്പ് കൊറോണയുടെ മറവില്‍ നല്‍കിയ ‘പരോള്‍ നാടകം’ ഞെട്ടിക്കുന്നത്.

സുപ്രീംകോടതി ഉത്തരവുണ്ടെന്ന വ്യാജേന 2021 മെയ് 9ന് നിയമ വിരുദ്ധമായാണ് അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത എന്ന പദവി ദുരുപയോഗം ചെയ്താണ് സ്വന്തം ഭാര്യാ സഹോദരീ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ഫാദര്‍ തോമസ് കോട്ടൂര്‍ എന്ന കൊലക്കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി ജയില്‍ ഡി.ജി.പി ആയിരുന്ന ഋഷിരാജ് സിംഗിനു മേല്‍ സമ്മര്‍ദം ചെലുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അറിയാതെയാണ് ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പടെയുള്ള രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിപ്പിച്ചതെന്ന സത്യം അത്യന്തം ഗൗരവമേറിയതാണ്. ഇതറിഞ്ഞ മുഖ്യമന്ത്രി പരോള്‍ റദ്ദ് ചെയ്ത് ഇരുവരെയും ജയിലിലേക്കയച്ചു’

CONTENT HIGHLIGHTS:  KT Jaleel says Lokayukta also intervenes in granting parole to Father Kottur

We use cookies to give you the best possible experience. Learn more