| Saturday, 24th July 2021, 6:00 pm

പത്ത് കൊല്ലം പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നതിന്റെ കലിപ്പ്; ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തില്‍ ലീഗിന്റെ നിലപാട് കാപട്യമെന്ന് ക.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പദ്ധതി വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുന്ന മുസ്‌ലിം ലീഗിനെ പരിഹസിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. ‘ന്യൂനപക്ഷ ക്ഷേമ പദ്ധതി: സര്‍ക്കാര്‍ തീരുമാനം മുറിവേല്‍പ്പിച്ചു, യോചിച്ച പോരാട്ടാത്തിന് മുസ്‌ലിം ലീഗ്’
എന്ന ചന്ദ്രികയുടെ ഇന്നത്തെ ലീഡ് വാര്‍ത്ത പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പാലൊളി കമ്മിറ്റിക്ക് പറ്റിയ തെറ്റാണ് 80:20 അനുപാതമെങ്കില്‍ ലീഗ് ഭരിച്ച 2011 – 2016 കാലയളവില്‍ അത് മാറ്റി 100 ശതമാനവും മുസ്‌ലിങ്ങള്‍ക്കായി പുനര്‍ നിശ്ചയിക്കാതിരുന്നത് ആരെ പേടിച്ചിട്ടായിരുന്നുവെന്ന് കെ.ടി. ജലീല്‍ ചോദിച്ചു.

ലീഗിന് പ്രാതിനിധ്യമുണ്ടായിരുന്ന രണ്ടാം യു.പി.എ. സര്‍ക്കാര്‍ മദ്രസാ നവീകരണ പദ്ധതി അല്ലാതെ മുസ്‌ലിങ്ങള്‍ക്ക് മാത്രമായി മറ്റേതെങ്കിലും ഒരു പദ്ധതി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഇന്ത്യാ രാജ്യത്ത് ഒരിടത്തും നടപ്പിലാക്കിയിട്ടില്ലെന്നിരിക്കെ ലീഗ് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന്റെ കലിപ്പ് തീര്‍ക്കലാണെന്ന് ആര്‍ക്കാണറിയാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ഒന്നും, ഒന്നും കൂട്ടിയാല്‍ രണ്ടും എല്‍.ഡി.എഫ്. ഭരിക്കുമ്പോള്‍ ഒന്നും, ഒന്നും കൂട്ടിയാല്‍ മൂന്നുമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം പരിഹസിച്ചു.

2011 മുതല്‍ 2016 വരെ ആദ്യ വര്‍ഷം കുഞ്ഞാലിക്കുട്ടിയും നാല് കൊല്ലം അഞ്ചാംമന്ത്രി മഞ്ഞളാങ്കുഴിയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്ത കാലയളവില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതത്തില്‍ മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കിപ്പോന്ന സമയത്ത് 100 ശതമാനവും മുസ്‌ലിങ്ങള്‍ക്ക് അവകാശപ്പെട്ട സച്ചാര്‍ പദ്ധതികള്‍ മറ്റാര്‍ക്കും വീതം വെച്ച് നല്‍കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് മുസ്‌ലിങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താമായിരുന്നില്ലേയെന്നും അദ്ദേഹം പറഞ്ഞു.

’80:20 അനുപാതം മാറ്റി ന്യൂനപക്ഷങ്ങളിലെ ജനസംഖ്യാനുപാതത്തിലേക്ക് സ്‌കോളര്‍ഷിപ്പ് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകള്‍ ഹൈക്കോടതിയില്‍ പോയപ്പോള്‍ എന്തേ ലീഗോ ജമാഅത്തെ ഇസ്‌ലാമിയോ സുഡാപ്പിയോ ആ കേസില്‍ കക്ഷി ചേരാതെ ഒളിച്ചുകളി നടത്തി. മുസ്‌ലിം ലീഗ് അധികാരത്തിന് വേണ്ടി നടത്തുന്ന അനുരഞ്ജനങ്ങള്‍ കാണാതെ പോവുകയും ലീഗ് പ്രതിപക്ഷത്താകുമ്പോള്‍ ലീഗിന് ചെയ്യാന്‍ കഴിയാതെ പോയത് മറ്റുള്ളവര്‍ ചെയ്‌തേ പറ്റൂ എന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമല്ലേ,’ കെ.ടി. ജലീല്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: KT Jaleel says Muslim League's stand on minority welfare scheme is hypocritical
We use cookies to give you the best possible experience. Learn more