തിരുവനന്തപുരം: കശ്മീരിനെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വിവാദമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് എം.എല്‍.എ കെ.ടി. ജലീല്‍.
കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയതിനാല്‍ പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി പിന്‍വലിക്കുന്നു, എന്നാണ് ഫേസ്ബുക്കില്‍ തന്നെ പങ്കുവെച്ച കുറിപ്പില്‍ കെ.ടി. ജലീല്‍ പറഞ്ഞത്.
എന്നാല്‍ താനുദ്ദേശിച്ചതിന് വിരുദ്ധമായി പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ആളുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.
”നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോത്സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.
നിയമസഭയുടെ പ്രവാസിക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു,” കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റില്‍ ആസാദ് കാശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് എന്ന് നേരത്തെ കെ.ടി.ജലീല്‍ വിശദീകരിച്ചിരുന്നു. ഇതിന്റെ അര്‍ത്ഥം മനസിലാവാത്തവരോട് സഹതാപമാണ് തോന്നുന്നതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കശ്മീര്‍ യാത്രയെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്ന് വിശേഷിപ്പിച്ച ജലീലിന്റെ പോസ്റ്റായിരുന്നു വിവാദമായത്. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
‘പാക് അധീന കശ്മീരെ’ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ കെ.ടി. ജലീല്‍ ‘ആസാദ് കശ്മീരെ’ന്നാണ് കുറിപ്പില്‍ വിശേഷിപ്പിച്ചത്.
വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമര്‍ശം. എന്നാല്‍ ‘പഷ്തൂണു’കളെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദര്‍ പ്രതികരിച്ചിരുന്നു.
ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
Content Highlight: KT Jaleel says he is withdrawing the controversial Azad Kashmir reference from the Facebook post