| Friday, 23rd September 2022, 7:53 pm

ഇടപാടുകള്‍ സത്യസന്ധമാണെങ്കില്‍ ഏത് അന്വേഷണത്തിനും ഒന്നും ചെയ്യാനാകില്ല; രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ 'മൊസാദാ'യാലും ഒരു ചുക്കും ചെയ്യില്ല: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതിലും ഓഫീസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നതിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഏത് അന്വേഷണ ഏജന്‍സികള്‍ പരിശോധനക്ക് വന്നാലും ഭയപ്പെടേണ്ട കാര്യമില്ലെന്നും അതിന്റെ പേരില്‍ സമരാഹ്വാനങ്ങളും ആവശ്യമില്ലെന്നും ജലീല്‍ പറഞ്ഞു.

‘ഒരു വ്യക്തിപര അനുഭവം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയയിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

നമ്മളുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സുതാര്യവും സത്യസന്ധവുമാണെങ്കില്‍ ലോകത്തിലെ ഏത് സാമ്പത്തിക അന്വേഷണ വിഭാഗം വിചാരിച്ചാലും ഒരാളെയും ഒന്നും ചെയ്യാന്‍ കഴിയില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ സാക്ഷാല്‍ ‘മൊസാദാ’യാലും ഒരു ചുക്കും ചെയ്യില്ല. വാര്‍ത്താ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആര്‍ത്തട്ടഹസിച്ച് കൊമ്പുകുലുക്കി വന്നിട്ടും നിര്‍ഭയം എല്ലാറ്റിനെയും നെഞ്ചുവിരിച്ച് നേരിട്ടത് മടിയില്‍ കനമില്ലാത്തത് കൊണ്ട് തന്നെയാണ്.
നികുതിയടക്കാത്ത പണം കൈവശം വെച്ചതിന്റെ പേരില്‍ തനിക്ക് ഒരു രൂപയും എവിടെയും പിഴയൊടുക്കേണ്ടി വന്നിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

എന്റെയോ കുടുംബത്തിന്റെയോ പേരിലുള്ള നിക്ഷേപത്തിന്റെ ഉറവിടം കാണിച്ച് കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് എന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഒരു ഏജന്‍സിയും മരവിപ്പിച്ചിട്ടില്ല.
അവിഹിത സമ്പാദ്യം സ്വന്തമാക്കിയതിന്റെ പേരില്‍ എന്റെ ഒരു രൂപയുടെ സ്വത്തുവഹകളും ആരും കണ്ടു കെട്ടിയിട്ടില്ല. എന്റെ കട്ടിലിനടിയില്‍ നിന്ന് 60 ലക്ഷം പോയിട്ട് ഒരു നയാ പൈസ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ചിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നിട്ടും എന്നെയും കുടുംബത്തെയും അപമാനിക്കാന്‍ പത്രമാധ്യമങ്ങളും ചാനല്‍ അവതാരകരും ‘നിശ്പക്ഷ’ നിരീക്ഷകരും യു.ഡി.എഫും ബി.ജെ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും എന്തൊക്കെ നുണപ്രചാരണങ്ങളാണ് അഴിച്ചു വിട്ടത്?

അതിന്റെ പേരില്‍ വഴിതടയലും ചീമുട്ടയേറും ഉള്‍പ്പടെ എന്താക്കെ അതിക്രമങ്ങളാണ് കാട്ടിക്കൂട്ടിയത്. വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെ എന്നെ പിന്തുടര്‍ന്ന് തൊട്ടടുത്ത ടൗണില്‍ തമ്പടിച്ച കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എന്റെ ലൊക്കേഷന്‍ തല്‍സമയ വാര്‍ത്തയായി നല്‍കി ജീവന്‍ അപായപ്പെടുത്താന്‍ വരെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ സൗകര്യമൊരുക്കി കൊടുത്തത് മലയാളികള്‍ മറന്നു കാണില്ലെന്നും ജലീല്‍ പറഞ്ഞു.

‘ഇതിനെല്ലാം പുറമെയായിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യകളും ട്രോളുകളും.
ഒരു കെണിയിലും പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ ‘രാജ്യദ്രോഹിയാക്കാനായി’രുന്നല്ലോ അരയും തലയും മുറുക്കി ഒരുപറ്റം വര്‍ഗീയ മനസ്സുള്ളവര്‍ രംഗത്ത് വന്നത്.

ചിലര്‍ കോടതികളെ സമീപിച്ചതും നാം കണ്ടു. അതുമായി ബന്ധപ്പെട്ട് ഏത് പൊലീസ് സംഘമാണെങ്കിലും അന്വേഷിക്കട്ടെ. വസ്തുതകള്‍ സത്യസന്ധമായി അവരെ ബോധിപ്പിക്കും. അതോടെ ദുഷ്പ്രചരണങ്ങളുടെ കാര്‍മേഘങ്ങള്‍ നീങ്ങും. ആകാശം തെളിയും.’സൃഷ്ടാവായ നാഥന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'(വിശുദ്ധ ഖുര്‍ആന്‍),’ കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: KT Jaleel says Any investigation can do nothing if the transactions are honest

Latest Stories

We use cookies to give you the best possible experience. Learn more