| Tuesday, 20th May 2014, 10:54 am

ഒന്നുറക്കെ കരയാന്‍ പോലുമുള്ള ശക്തി കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമില്ല: കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ബി.ജെ.പിയുടെ ചരിത്രവിജയത്തേക്കാള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവുക കോണ്‍ഗ്രസിന്റെ ദയനീയ പരാജയമാവും. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയവും.

കെ.ടി ജലീല്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്- കോണ്‍ഗ്രസ്സുകാരല്ലാത്തവരെ പോലും കോണ്‍ഗ്രസ്സിന്റെ ദയനീയ പ്രകടനം കുറച്ചൊന്നുമല്ല ദുഖിപ്പിക്കുന്നത്. ഇടതുപക്ഷസാന്നിദ്ധ്യം അനിവാര്യമായ ഒരു ചരിത്ര സന്ധിയില്‍ അവര്‍ പരമ ദൂര്‍ബലാവസ്ഥയിലുമായി.

കേരളത്തില്‍ ഇടതുപക്ഷത്തിന് എട്ട് സീറ്റുകളേ കിട്ടിയുള്ളൂ. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന് രണ്ടേ രണ്ട് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ ബി.ജെ.പി.യെ പ്രതിരോധിച്ചു നിര്‍ത്തിയിരുന്ന കോണ്‍ഗ്രസ്സും, പ്രത്യയശാസ്ത്ര രംഗത്ത് അവരോടിഞ്ചോടിഞ്ച് പൊരുതി നിന്നിരുന്ന ഇടതുപക്ഷവും മെലിഞ്ഞൊട്ടിയാണ് പതിനാറാം ലോക്‌സഭയിലെത്തുന്നത്. ഒന്നുറക്കെ കരയാന്‍ പോലുമുള്ള ശക്തി പാര്‍ലമെന്റിനകത്ത് ഇരുകൂട്ടര്‍ക്കുമില്ല.

പ്രണബ് മുഖര്‍ജിയായിരുന്നു കഴിഞ്ഞ പത്ത് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ ഇങ്ങനെയൊരു ദുരന്തം കോണ്‍ഗ്രസ്സിനുണ്ടാകുമായിരുന്നില്ലെന്നാണ് ജലീലിന്റെ നിരീക്ഷണം.

ജനങ്ങള്‍ക്കിടയില്‍ സമത്വമാഗ്രഹിക്കുന്ന രാജ്യതത്പരരെ ഇത്തരമൊരു സാഹചര്യം ഉത്കണ്ഠാകുലരാക്കുക സ്വാഭാവികമാണ്. വരാന്‍ പോകുന്ന നാളുകളെ കുറിച്ച് കേള്‍ക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും സത്യമായി പുലരാതിരിക്കട്ടെ എന്നാണ് ഓരോ ഇന്ത്യക്കാരന്റയും ആഗ്രഹവും പ്രാര്‍ത്ഥനയും എന്ന് പറഞ്ഞാണ് ജലീല്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more