തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ സർക്കാർ വ്യക്തമായ ഇടപെടൽ നടത്തിയെന്ന് കെ.ടി. ജലീൽ എം.എൽ.എ. ലീഗ് നേതാക്കൾ പ്രതികളെ കുറ്റവിമുക്തരാക്കിയതിൽ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും ഒത്തുകളി ആരോപിക്കുന്നത് ഉദ്യോഗസ്ഥരെ മാനസികമായി തളർത്തുമെന്നും ജലീൽ പറഞ്ഞു.
‘പ്രതികളെ കുറ്റവിമുക്തരാക്കിയ സംഭവത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും നടത്തിയ പ്രസ്താവന അസംബന്ധമാണ്. കോടതി എന്ത് വിധി പറയും എന്ന് നമുക്ക് പറയാൻ ആകില്ല. ലീഗിന്റെ ഒത്തുകളി പ്രസ്താവന നിരുത്തരവാദപരമാണ്. കുഞ്ഞാലിക്കുട്ടിയും പി.എം.എ സലാമും പൊതുസമൂഹത്തോട് മാപ്പ് പറയണം. പ്രോസിക്യൂഷനും പൊലീസും ഒത്തു കളിച്ചു എന്ന് പറയുന്നവർ അവർ എടുത്ത പരിശ്രമങ്ങൾ കാണാതെ പോകരുത്,’ ജലീൽ പറഞ്ഞു.
അതേസമയം റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകാനൊരുങ്ങിയിരിക്കുകയാണ്. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി എ.ജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന വിചാരണ കോടതിയുടെ വിധിന്യായം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
നിലവാരമില്ലാത്ത അന്വേഷണമാണ് നടന്നതെന്ന് വിധിന്യായത്തില്‍ അടിവരയിട്ട് പറഞ്ഞിരുന്നു. പൊലീസിനും സര്‍ക്കാരിനുമെതിരെ ഇന്നലെ തന്നെ വലിയ പ്രതിഷേധം വിഷയത്തില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. വിധിന്യായം പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്നതിന് വേണ്ടിയുള്ള തീരുമാനം എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ എ.ജിക്ക് നല്‍കിയ നിര്‍ദേശം.
Content Highlight: KT Jaleel said that the government had clearly interfered in the Riaz Maulvi murder case