കര്‍ണാടകയില്‍ മുസ്‌ലിം സംഘടനകളെ അകറ്റി നിര്‍ത്തി, മുസ്‌ലിങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് നടത്തിയ തന്ത്രം ജയിച്ചു: കെ.ടി ജലീല്‍
Kerala News
കര്‍ണാടകയില്‍ മുസ്‌ലിം സംഘടനകളെ അകറ്റി നിര്‍ത്തി, മുസ്‌ലിങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് നടത്തിയ തന്ത്രം ജയിച്ചു: കെ.ടി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2023, 6:42 pm

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സംഘടനകളെ അകറ്റി നിര്‍ത്തി, മുസ്‌ലിങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് നടത്തിയ തന്ത്രം ജയിച്ചെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. മതേതര ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമായുള്ള പാര്‍ട്ടികള്‍ക്ക് പ്രസക്തിയില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഇന്നോളം ചെയ്യാന്‍ മടിച്ച കാര്യം ഡി.കെ ശിവകുമാര്‍ കര്‍ണാടകയില്‍ പരീക്ഷിച്ചെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ മുസ്‌ലിം ലീഗിനെ പോലും അവര്‍ കൂടെകൂട്ടിയില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ഉവൈസിയുടെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തുടങ്ങി ഒരുത്തരേയും നാലയലത്ത് പോലും കോണ്‍ഗ്രസ് അടുപ്പിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിം വിഷയങ്ങളെ സധൈര്യം കോണ്‍ഗ്രസ് അഭിമുഖീകരിച്ചു. അവരില്‍ നിന്നുള്ള മതഭക്തരായവരെയടക്കം തെരഞ്ഞെടുപ്പ് ഗോദയിലിറക്കി. പര്‍ദ്ദയും ഹിജാബും ധരിച്ച മുസ്‌ലിം വനിതയെ വീണ്ടും മല്‍സരിപ്പിക്കാന്‍ ചെങ്കൂറ്റം കാട്ടി,’ ജലീല്‍ പറഞ്ഞു.

ഹിജാബ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് വലിയ ബഹളമൊന്നും ആ സമയത്ത് ഉണ്ടാക്കിയില്ലെന്നും എന്നാല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാംമതാചാരപ്രകാരം ശിരോവസ്ത്രം ധരിക്കാറുള്ള സിറ്റിംങ് എം.എല്‍.എയായ ഖനീസ ഫാത്തിമക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കിയാണ് ‘ഹിജാബില്‍’ ഡി.കെ നയം വ്യക്തമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ പ്രീതിപ്പെടുത്തിയും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ പോലുള്ള പിന്തിരിപ്പന്‍ പാര്‍ട്ടികളെ പ്രീണിപ്പിച്ച് ന്യൂനപക്ഷ വര്‍ഗീയതയെ തലോടിയും തെരഞ്ഞെടുപ്പ് ജയത്തിന് തുനിയാറുള്ള അന്തവും കുന്തവുമില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡി.കെ ശിവകുമാര്‍ എന്ന രാഷ്ട്രീയ ചാണക്യനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ജലീല്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ യു.പിയാക്കി കര്‍ണാടകയെ മാറ്റാനായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പാഷ എന്ന നാല്‍ക്കാലി വില്‍പ്പനക്കാരനെ ബീഫിന്റെ പേരു പറഞ്ഞ് ഹിന്ദുത്വവാദികള്‍ കൊന്നത്. രാമനവമി ആഘോഷത്തിന്റെ മറവില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് ആരും മറന്നുകാണില്ല. അതേതുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. തന്റെ ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍സുഹൃത്തുമൊത്ത് ജ്യൂസ് കുടിച്ച മുസ്‌ലിം
പയ്യനെ സംഘികള്‍ തല്ലിച്ചതച്ച വാര്‍ത്തക്കും ബെംഗളൂരു സാക്ഷിയായി. ടിപ്പു സുല്‍ത്താന്‍ മൈസൂരില്‍ നിര്‍മിച്ച മസ്ജിദ് പിടിച്ചടക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാരെ ഭരണക്കാര്‍ കച്ചകെട്ടിയിറക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.പി പോലെ മുസ്‌ലിങ്ങള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ദേശമായി കര്‍ണാടക മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും അങ്ങോട്ട് പഠിക്കാനും ആശുപത്രി ആവശ്യത്തിനും ബിസിനസിനും പോയിരുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ ഇടിച്ചിലുണ്ടായെന്നും ജലീല്‍ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം

മുസ്‌ലിം സംഘടനകളെ അകറ്റി നിര്‍ത്തി, മുസ്‌ലിങ്ങളെ ചേര്‍ത്തുപിടിച്ച്, കോണ്‍ഗ്രസ് പയറ്റിയ തന്ത്രം ജയിച്ചു! ഹിജാബ് (ശിരോവസ്ത്രം) വിവാദം കര്‍ണാടകയില്‍ അനാവശ്യമായി ഉണ്ടാക്കിയ അസ്വാരസ്യങ്ങള്‍ ചെറുതല്ല. ഹിജാബ്, സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോമിന്റെ പേരും പറഞ്ഞ് ബി.ജെ.പി സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തി. കോടതിയില്‍ ഹിജാബിനെ എതിര്‍ത്ത് സത്യവാങ്ങ്മൂലം നല്‍കി. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹിജാബ് വിലക്കി. ചില സ്ഥാപനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ശിരോവസ്ത്രം അനുവദിച്ചു. വിലക്കേര്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം മുസ്‌ലിം പെണ്‍കുട്ടികള്‍ വിടുതല്‍ വാങ്ങിപ്പോവുകയോ പഠനം നിര്‍ത്തുകയോ ചെയ്തു. ഇതിനെല്ലാം നേതൃത്വം നല്‍കിയ വിദ്യാഭ്യാസമന്ത്രിയാണ് നാഗേഷ് തോറ്റമ്പി. ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ ദൈന്യമാര്‍ന്ന മുഖം ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ വരഞ്ഞ് കാട്ടിയത് കണ്ട് ജനങ്ങള്‍ മൂക്കത്ത് കൈവിരല്‍ വെച്ചു!

ദക്ഷിണേന്ത്യയിലെ യു.പിയാക്കി കര്‍ണാടകയെ മാറ്റാനായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പാഷ എന്ന നാല്‍ക്കാലി വില്‍പ്പനക്കാരനെ ബീഫിന്റെ പേരുപറഞ്ഞ് ഹിന്ദുത്വവാദികള്‍ കൊന്നത്. രാമനവമി ആഘോഷത്തിന്റെ മറവില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് ആരും മറന്നുകാണില്ല. അതേതുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. തന്റെ ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍സുഹൃത്തുമൊത്ത് ജ്യൂസ് കുടിച്ച മുസ്‌ലിം പയ്യനെ സംഘികള്‍ തല്ലിച്ചതച്ച വാര്‍ത്തക്കും ബെംഗളൂരു സാക്ഷിയായി. ടിപ്പു സുല്‍ത്താന്‍ മൈസൂരില്‍ നിര്‍മിച്ച മസ്ജിദ് പിടിച്ചടക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാരെ ഭരണക്കാര്‍ കച്ചകെട്ടിയിറക്കി.

മലയാളിക്ക് സുരക്ഷിതത്വം ഉണ്ടെന്ന് കരുതിയിരുന്ന കര്‍ണാടക പതുക്കെപ്പതുക്കെ മതഭ്രാന്തിന്റെ കാവിയണിയുന്നത് ഭയപ്പാടോടെയാണ് മലയാളികള്‍ കണ്ടത്. യു.പി പോലെ മുസ്‌ലിങ്ങള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ദേശമായി കര്‍ണാടക മാറി. അങ്ങോട്ട് പഠിക്കാനും ആശുപത്രി ആവശ്യത്തിനും ബിസിനസിനും പോയിരുന്ന മലയാളികളുടെ എണ്ണത്തില്‍ വലിയ ഇടിച്ചിലുണ്ടായി. നിലവില്‍ അവിടെ കച്ചവട-വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ എല്ലാം കെട്ടിപ്പൂട്ടി നാടണയാന്‍ വെമ്പി. പലരും വിദേശ രാജ്യങ്ങളിലേക്ക് നിക്ഷേപം മാറ്റിത്തുടങ്ങി. കന്നഡ നാടിന്റെ സമ്പദ്ഘടനയെ പുതിയ സാഹചര്യങ്ങള്‍ പ്രതികൂലമായി ബാധിച്ചു. കര്‍ണാടകയിലെ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് അപകടം മണത്തു. കര്‍ണാടക താവളമാക്കി ഹിന്ദു കാര്‍ഡിറക്കി ദക്ഷിണേന്ത്യ കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി കെട്ടിയ മനക്കോട്ട ഹിന്ദുമത വിശ്വാസികള്‍ തന്നെ തകര്‍ക്കാന്‍ തീരുമാനിച്ചത് അങ്ങിനെയാണ്.

ഹിജാബ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് വലിയ ബഹളമൊന്നും ആ സമയത്ത് ഉണ്ടാക്കിയില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാം മതാചാരപ്രകാരം ശിരോവസ്ത്രം ധരിക്കാറുള്ള സിറ്റിംങ് എം.എല്‍.എയായ ഖനീസ ഫാത്തിമക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കിയാണ് ‘ഹിജാബില്‍’ ഡി.കെ നയം വ്യക്തമാക്കിയത്. മഹാഭൂരിഭാഗം ഇന്ത്യക്കാരും ശിരോവസ്ത്രത്തെ (ഹിജാബിനെ) അസഹിഷ്ണുതയോടെ കാണുന്നവരല്ല. അവര്‍ക്ക് നൂറ്റാണ്ടുകളായി പരിചിതമായ വേഷവിധാനമാണത്. അവരതില്‍ ഒരപകടവും ഇന്നോളം കണ്ടിട്ടില്ല.

ഗുല്‍ബര്‍ഗ നോര്‍ത്തില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ച ഖനീസ ഫാത്തിമ മുന്‍ എം.എല്‍.എയും മന്ത്രിയുമായ ഖമറുല്‍ ഇസ്‌ലാമിന്റെ ഭാര്യയാണ്. നിയമസഭാംഗമായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. കര്‍ണാടക സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഖമറുല്‍ ഇസ്‌ലാം. ലീഗിന്റെ ടിക്കറ്റില്‍ അദ്ദേഹം ഗുല്‍ബര്‍ഗയില്‍ നിന്ന് എം.എല്‍.എ ആയിട്ടുണ്ട്. പിന്നീടദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുല്‍ബര്‍ഗയില്‍ നല്ല സ്വാധീനമുള്ള വ്യക്തിയാണ് ഖമറുല്‍ ഇസ്‌ലാം. ലീഗിലായിരിക്കെ കേരളത്തിലെ ലീഗ് സമ്മേളനത്തില്‍ എത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ഞാനോര്‍ക്കുന്നു.

ഒന്‍പത് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ പല പാര്‍ട്ടികളുടെ ബാനറിലും സ്വതന്ത്ര വേഷം കെട്ടിച്ചും ബി.ജെ.പി മുന്‍കയ്യെടുത്ത് ഗുല്‍ബര്‍ഗയില്‍ മത്സരിപ്പിച്ചെങ്കിലും അവരുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ചന്ദ്രകാന്ത് പാട്ടീലിന് ഖനീസ ഫാത്തിമയെ തോല്‍പ്പിക്കാനായില്ല. ഖനീസയുടെ പരാജയം ബി.ജെ.പിക്ക് പ്രസ്റ്റീജായിരുന്നു. ഹിജാബ് വിവാദ കാലത്ത് നിയമസഭയില്‍ താന്‍ ശിരോവസ്ത്രം ധരിച്ച് വരുന്നത് തടയാന്‍ അവര്‍ ബി.ജെ.പിയെ വെല്ലുവിളിച്ചത് വലിയ കോലാഹലത്തിന് ഇടയാക്കി.

ഭര്‍ത്താവ് ഖമറുല്‍ ഇസ്‌ലാമിന്റെ മരണത്തെ തുടര്‍ന്നാണ് 2018 ല്‍ ഖനീസ ഫാത്തിമ ഗുല്‍ബര്‍ഗയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയത്. ബി.ജെ.പി അഴിച്ചുവിട്ട വര്‍ഗീയ ചേരിതിരിവിന് ശേഷവും ഹിജാബ് ധരിച്ചു തന്നെ അവര്‍ മത്സരിച്ചു. കോണ്‍ഗ്രസ് ഖനീസയെ മത്സരിപ്പിച്ചു. ഖനീസ ഫാത്തിമയുടെ മിന്നും ജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാറ്റ് കൂട്ടും. സംശയമില്ല.

12% മുസ്‌ലിങ്ങളുള്ള ഗുജറാത്തില്‍ മുസ്‌ലിം സാന്ദ്രീകൃത മേഖലകളില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ മുസ്‌ലിം പേരുള്ളവരെ പല വേഷം കെട്ടിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് അവരുടെ പരാജയം ഉറപ്പാക്കിയ അമിത്ഷയുടെ കുടിലതന്ത്രം കര്‍ണാടകയില്‍ വിലപ്പോയില്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി വോട്ടുകള്‍ ഒരു പെട്ടിയില്‍ വീഴ്ത്തിയാണ് ബി.ജെ.പി അത്തരം മേഖലകളില്‍ ജയം ഉറപ്പിച്ചത്. മുസ്‌ലിം ജനസംഖ്യ അവഗണിക്കാനാവാത്ത മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് ചെല്ലും ചെലവും കൊടുത്താണ് ബി.ജെ.പി നിയമ നിര്‍മ്മാണ സഭയിലേക്കുള്ള മുസ്‌ലിം പ്രവേശം തടഞ്ഞത്. 12% മുസ്‌ലിങ്ങളുള്ള ഗുജറാത്തില്‍ ഒരേയൊരു അംഗത്തില്‍ അസംബ്ലിയിലെ മുസ്‌ലിം പ്രാതിനിധ്യം പരിമിതപ്പെട്ടതിന്റെ ചതിക്കഥ ഇനിയും പലരും തിരിച്ചറിഞ്ഞിട്ടില്ല.

13% മുസ്‌ലിങ്ങളുള്ള കര്‍ണാടകയില്‍ ഇത്തവണ ഖനീസ് ഫാത്തിമ ഉള്‍പ്പടെ ഒന്‍പത് മുസ്‌ലിങ്ങളാണ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. ഒന്‍പത് പേരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചവരാണ്. ‘ഗുജറാത്ത് മോഡല്‍’ അമിത്ഷാ പയറ്റി നോക്കിയെങ്കിലും കര്‍ണാടകയിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും കുതന്ത്രം തിരിച്ചറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമായുള്ള പാര്‍ട്ടികള്‍ക്ക് പ്രസക്തിയില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് ഇന്നോളം ചെയ്യാന്‍ മടിച്ച കാര്യം ഡി.കെ ശിവകുമാര്‍ വിജയകരമായി കര്‍ണാടകയില്‍ പരീക്ഷിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ മുസ്‌ലിം ലീഗിനെപ്പോലും അവര്‍ കൂടെക്കൂട്ടിയില്ല. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ഉവൈസിയുടെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തുടങ്ങി ഒരുത്തരേയും നാലയലത്ത് അടുപ്പിച്ചില്ല.

എന്നാല്‍ മുസ്‌ലിം വിഷയങ്ങളെ സധൈര്യം കോണ്‍ഗ്രസ് അഭിമുഖീകരിച്ചു. അവരില്‍ നിന്നുള്ള മതഭക്തരായവരെയടക്കം തെരഞ്ഞെടുപ്പ് ഗോദയിലിറക്കി. പര്‍ദ്ദയും ഹിജാബും ധരിച്ച മുസ്‌ലിം വനിതയെ വീണ്ടും മത്സരിപ്പിക്കാന്‍ ചെങ്കൂറ്റം കാട്ടി. വര്‍ത്തമാന ഇന്ത്യയില്‍ പര്‍ദ്ദ ധരിച്ച ഒരു വനിതയെ നിയമനിര്‍മ്മാണസഭയില്‍ എത്തിച്ച കോണ്‍ഗ്രസ്, മൗലാനാ അബുല്‍കലാം ആസാദിന്റെയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും കാലത്തെ ഓര്‍മ്മിപ്പിച്ചു.

കര്‍ണാടകയിലെ 83% വരുന്ന ഹിന്ദുക്കള്‍ മുസ്‌ലിങ്ങളെ ആട്ടി അകറ്റിയ മോദിയേയും അമിത്ഷായേയും പുറംകാല്‍ കൊണ്ട് ചവിട്ടിത്തെറിപ്പിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച കോണ്‍ഗ്രസിനെ അവര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ പ്രീതിപ്പെടുത്തിയും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ പോലുള്ള പിന്തിരിപ്പന്‍ പാര്‍ട്ടികളെ പ്രീണിപ്പിച്ച് ന്യൂനപക്ഷ വര്‍ഗീയതയെ തലോടിയും തെരഞ്ഞെടുപ്പ് ജയത്തിന് തുനിയാറുള്ള അന്തവും കുന്തവുമില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡി.കെ ശിവകുമാര്‍ എന്ന രാഷ്ട്രീയ ചാണക്യനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. വിത്ത് ഗുണം പത്ത് ഗുണം എന്നല്ലേ പഴമക്കാര്‍ പറയാറ്. ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ ഗുണം എന്നാണ് ആര്‍ജ്ജിക്കാനാവുക?

Contenthighlight: KT Jaleel  said that the congress strategy of keeping muslim organisation away and keeping muslims together won the karnataka election