ഈ നേതാവിന്റെ മാതാവ് മരണപ്പെട്ടപ്പോള്‍ ഞാനും പോയിരുന്നു, ഒരു തുള്ളി വെള്ളം അവിടുന്ന് കുടിച്ചിരുന്നില്ല, കുടിച്ചിരുന്നെങ്കില്‍ എന്റെ തൊലിക്കട്ടിയും അളന്നേനെ; വി.ടി. ബല്‍റാമിന് കെ.ടി ജലീലീന്റെ മറുപടി
കോഴിക്കോട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപതിജ്ഞ ചടങ്ങില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തതിനെ പരിഹസിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന് കെ.ടി. ജലീല്‍ എം.എല്‍.എയുടെ മറുപടി. ഇനി മുതല്‍ കോണ്‍ഗ്രസുകാര്‍ ഏതെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ നൂറുവട്ടം ആലോചിച്ചിട്ടേ പോകാവൂ എന്ന് കെ.ടി. ജലീല്‍ പറഞ്ഞു. സൗഹൃദത്തിന്റെ പേരില്‍ പങ്കെടുത്താല്‍ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തില്‍ അവിടെ തൊലിക്കട്ടി അളക്കാന്‍ ഒരു സംഘമുണ്ടാകുമെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് മഹത്തരമായ പാര്‍ട്ടിയാണെന്നും, ആ പാര്‍ട്ടിയുടെ പുതിയ ശബ്ദമായ സംസ്ഥാന നേതാക്കളില്‍ ചിലര്‍ സംഘടനയുടെ വാര്‍ഡ് പ്രസിഡന്റാകാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്നും കെ.ടി.ജലീല്‍ പറഞ്ഞു. വി.ടി. ബല്‍റാമിന്റെ മാതാവ് മരണപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ആരും ക്ഷണിക്കാതെ തന്നെ താന്‍ പോയിരുന്നു എന്നും അവിടെ നിന്നും ഒരു തുള്ളി വെള്ളംപോലും കുടിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അഥവാ അറിയാതെ കുടിച്ചിരുന്നെങ്കില്‍ തന്റെ തൊലിക്കട്ടിയും അദ്ദേഹം അളന്നേനെ എന്നും കെ.ടി.ജലീല്‍ പറഞ്ഞു.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡി.കെ.ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും കൈപിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് പരിഹാസ രൂപേണയായിരുന്നു വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. വലിയ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ച് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ക്ഷണിക്കുന്നത് കോണ്‍ഗ്രസിന്റെ മര്യാദയാണെന്നും പങ്കെടുക്കുന്നത് തൊലിക്കട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പോസ്റ്റ്. എന്നാല്‍ ട്രോളായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നും കോണ്‍ഗ്രസിനെ കുറ്റം പറയുന്ന കേരളത്തിലെയടക്കം സി.പി.ഐ.എമ്മുകാരെയാണ് ഉദ്ദേശിച്ചിരുന്നത് എന്നുമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ് പിന്‍വലിച്ചതിന് ശേഷമുള്ള വിശദീകരണ കുറിപ്പില്‍ ഉണ്ടായിരുന്നത്.
കോണ്‍ഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ പുത്തന്‍കൂറ്റുകാരായ സംസ്ഥാന നേതാക്കള്‍ സംഘടനയുടെ വാര്‍ഡ് പ്രസിഡണ്ടാകാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതില്‍ ദു:ഖമുണ്ട്. ഇനിമേലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കള്‍ കരുതണം. എങ്ങാനും സൗഹൃദത്തിന്റെ പേരില്‍ ചടങ്ങില്‍ പങ്കെടുത്താല്‍ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താന്‍ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തില്‍ അവിടെ ഒരു സംഘമുണ്ടാകും. ഈ നേതാവിന്റെ മാതാവ് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വരുന്നവര്‍ക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കില്‍ എന്റെ ‘തൊലിക്കട്ടി’യും ടിയാന്‍ അളന്നേനെ. മേലില്‍ കോണ്‍ഗ്രസ്സുകാര്‍ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ നൂറുവട്ടം ആലോചിച്ചേ പോകാവൂ. വെറുതെ തൊലിക്കട്ടി അളക്കാന്‍ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?
content highlight: KT Jaleel’s reply to VT Balram who mocked Sitaram Yechury