| Wednesday, 30th November 2022, 12:02 pm

അച്ഛന്‍മാരുടെ വായില്‍ തോന്നിയത് കേട്ട് മടുത്തു, പച്ചക്ക് മറുപടി പറയാനാണ് തീരുമാനം: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്റെ മനസില്‍ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡോഷ്യസ് ഡിക്രൂസുമെല്ലാം പറയുന്നതെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ.

മന്ത്രി അബ്ദുറഹിമാനെതിരെ തിയോഡോഷ്യസ് നടത്തിയ ‘പേരില്‍ തന്നെ തീവ്രവാദമുണ്ടെന്ന’ പ്രസ്താവന വന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അത്ഭുതകരമാണെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

അച്ഛന്‍മാര്‍ക്ക് വായില്‍ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാന്‍ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

‘ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗീയവാദി’ എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ജലീല്‍ തിയോഡോഷ്യസിനെതിരെ ശക്തമായ ഭാഷയില്‍ ജലീല്‍ വിമര്‍ശനവുമുന്നയിച്ചിരുന്നു.

ഇല്ലാത്ത ലൗ ജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ‘അഴകൊഴമ്പന്‍’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ അംഗീകരിക്കാന്‍ രാജ്യസ്നേഹമുള്ള ആര്‍ക്കും കഴിയില്ലെന്ന് വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതേകുറിച്ചുള്ള 24 ന്യൂസിന്റെ ചോദ്യത്തോട് നല്‍കിയ പ്രതികരണത്തിലാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

‘അബ്ദുറഹിമാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. എന്നാല്‍ ആ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്,’ എന്നാണ് ഫാ. ഡിക്രൂസ് പറഞ്ഞത്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വിഴിഞ്ഞത്ത് നടന്നത് താനൂര്‍ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യം

ഡൊമിനിക്ക് ലാപിയറും ലാരി കോളിന്‍സും കൂടി എഴുതിയ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന പുസ്തകം 35 വര്‍ഷം മുമ്പാണ് വായിച്ചത്. അതിലൊരു സംഭവം പറയുന്നുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച വാര്‍ത്ത ഞെട്ടലോടെ ലോകം കേട്ട നിമിഷങ്ങള്‍. ഇന്ത്യ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആളുകള്‍ ദുഃഖം സഹിക്കവയ്യാതെ വാവിട്ടു കരയുന്നു. രാഷ്ട്ര നേതാക്കള്‍ സ്തബ്ധരായി. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത മണിക്കൂറുകള്‍.

ആരാണ് ഘാതകന്‍? കേട്ടവര്‍ കേട്ടവര്‍ പരസ്പരം ചോദിച്ചു. ഒരാള്‍ക്കും ഒരു നിശ്ചയവുമില്ല. ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു വാര്‍ത്തയറിഞ്ഞ് അങ്ങേയറ്റം ആശങ്കയോടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പരിസരം മുഴുവന്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.

വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു: ‘ഗാന്ധിജിയെ കൊന്നത് ഒരു മുസ്‌ലിമാണ്’. ഇതുകേട്ട മൗണ്ട് ബാറ്റണ്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പ്രതികരിച്ചു; ‘അല്ല, മുസ്‌ലിമല്ല ഗാന്ധിജിയെ കൊന്നത്’. ആ സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; ‘ഘാതകന്‍ ഒരു മുസ്‌ലിമാകരുതേ’. അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമോര്‍ത്തായിരുന്നു മൗണ്ട് ബാറ്റന്റെ ആത്മഗതം.

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത ചാനലുകളില്‍ എഴുതിക്കാണിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസിലേക്ക് ഓടിവന്നത് മൂന്നര പതിറ്റാണ്ട് മുമ്പ് വായിച്ച ഡൊമിനിക്കിന്റെയും ലാരിയുടെയും മേലുദ്ധരിച്ച വരികളാണ്.
പാലാ ബിഷപ്പും ഫാദര്‍ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വര്‍ഗീയവും വംശീയവുമായ പ്രസ്താവനകള്‍ കടുത്ത വര്‍ഗീയവാദികള്‍ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണ്.

ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഖകരമാണ്. മന്ത്രി അബ്ദുറഹിമാനെതിരെ തിയോഡോഷ്യസ് നടത്തിയ ‘പേരില്‍ തന്നെ’ തീവ്രവാദമുണ്ടെന്ന പ്രസ്താവന വന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അത്ഭുതകരമാണ്.

വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്റെ മനസ്സില്‍ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡോഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും. അച്ഛന്‍മാര്‍ക്ക് വായില്‍ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല.

കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാന്‍ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കില്‍ മര്യാദ. മര്യാദ കേടാണെങ്കില്‍ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്‍മാര്‍ക്ക് തീരുമാനിക്കാം.

Content Highlight: KT jaleel’s Reaction on Fr. theodosius d’cruz’S statement against minister Abdurahiman

We use cookies to give you the best possible experience. Learn more