Kerala News
'എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍'; സി.പി.ഐ വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 19, 06:23 am
Monday, 19th September 2022, 11:53 am

മലപ്പുറം: സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു ജലീലിന്റെ കുറിപ്പ്.

മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏത് ചേരിയെയാണെന്ന് ഗൗരവപൂര്‍വം ആലോചിച്ചാല്‍ നന്നാകും.
യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ ‘അസുഖം’ വേറെയാണെന്നും, അതിനുള്ള ചികിത്സ വേറെത്തന്നെ നല്‍കണമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

മതനിരപേക്ഷ മനസ്സുകളെ ജലീലും അന്‍വറും അകറ്റി എന്നായിരുന്നു സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമര്‍ശനം.

മത സാമുദായിക ശക്തികളോട് സര്‍ക്കാര്‍ അനാവശ്യ മമത കാണിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് എം.എല്‍.എമാരായ പി.വി. അന്‍വറിനും കെ.ടി. ജലീലിനും എതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കുന്നുവെന്നും ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ മതനിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാര്‍. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകും.

യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നല്‍കണം.

Content Highlight: KT Jaleel’s Reaction against CPI Remarks