| Saturday, 28th January 2023, 10:43 am

മഅ്ദനിയെ കണ്ടു... കണ്ണ് നിറഞ്ഞു, ആ മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിന്റെയും നെഞ്ചുരുക്കും: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജീവിതത്തിനും മരണത്തിനുമിടയില്‍ മഅ്ദനിയെ കൊല്ലാകൊല ചെയ്യുന്നത് നീതി നിഷേധത്തിന്റെ പാരമ്യതയാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. വീട്ടുതടങ്കലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമത്തിലിട്ട കുറിപ്പിലാണ് കെ.ടി. ജലീല്‍ ഇക്കാര്യം പങ്കുവെച്ചത്.

എന്നോ ഒരിക്കല്‍ പ്രസംഗത്തില്‍ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുന്‍നിര്‍ത്തി ഇന്നും മഅ്ദനിയെ വിമര്‍ശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കുപിഴയില്‍ മനസറിഞ്ഞ് പശ്ചാത്തപിച്ചിട്ടും ഫാസിസ്റ്റുകള്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞു. മനസ്സുവെച്ചാല്‍ എളുപ്പം തീര്‍ക്കാവുന്ന നടപടിക്രമങ്ങള്‍ അനന്തമായി നീട്ടുകയാണ്. മഅ്ദനിയുടെ ശരീരം നിശ്ചലമാകുന്നത് വരെ അത് നീളാനാണ് സാധ്യതയെന്നും ജലീല്‍ ആരോപിച്ചു.

‘അന്തിമ വിധി പറയും മുമ്പേ പ്രതി കാലയവനികക്കുള്ളില്‍ മറഞ്ഞുവെന്ന് എഴുതി ഫയല്‍ ക്ലോസ് ചെയ്യാനാകുമോ അധികാരികളുടെ ശ്രമം? അനാവശ്യമായി പീഡിപ്പിച്ചു എന്ന പഴി വീണ്ടും കേള്‍ക്കാതിതിരിക്കാനും ആ ചീത്തപ്പേര് ഒഴിവാക്കാനുമല്ലാതെ മറ്റെന്തിനാണ് കേസ് തീര്‍പ്പാക്കാതെയുള്ള ഈ വലിച്ചു നീട്ടല്‍?,’ ജലീല്‍ ചോദിക്കുന്നു.

ജയില്‍വാസം തീര്‍ത്ത അസ്വസ്ഥതകളില്‍ ഒരു മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിന്റെയും നെഞ്ചുരുക്കുമെന്നും കെ.ടി. ജലീല്‍ കുറിച്ചു.

കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്നും, മഅ്ദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരും അതോര്‍ക്കണമെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മഅ്ദനിയെ കണ്ടു;
കണ്ണ് നിറഞ്ഞു.
ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ?
ആരോട് ചോദിക്കാന്‍?
ആരോട് പറയാന്‍?

ചെയ്യാത്ത കുറ്റം ആരോപിച്ച് ഒന്‍പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍! മുടിനാരിഴ കീറിയ വിചാരണക്കൊടുവില്‍ കുറ്റവിമുക്തന്‍! ജീവിതത്തിന്റെ വസന്തം കരിച്ച് കളഞ്ഞവരോടും തന്റെ ഒരു കാല്‍ പറിച്ചെടുത്തവരോടും ആ മനുഷ്യന്‍ ക്ഷമിച്ചു.

ശിഷ്ടകാലം സമൂഹ നന്മക്കായി നീക്കിവെക്കാമെന്ന തീരുമാനത്തില്‍ മുന്നോട്ട് പോകവെ കള്ളക്കഥ മെനഞ്ഞ് വീണ്ടും കര്‍ണാടക സര്‍ക്കാറിന്റെ വക കരാഗ്രഹ വാസം! നാലര വര്‍ഷം പുറം ലോകം കാണാത്ത കറുത്ത ദിനരാത്രങ്ങള്‍. ദീനരോദനങ്ങള്‍ക്കൊടുവില്‍ ചികിത്സക്കായി കര്‍ശന വ്യവസ്ഥയില്‍ ജാമ്യം. ബെംഗളൂരുര്‍ വിട്ട് പോകരുത്. പൊതു പരിപാടികളില്‍ പങ്കെടുക്കരുത്. ദയാരഹിതമായ വീട്ടുതടങ്കല്‍ തന്നെ.

ഇത്രമാത്രം ക്രൂരത അബ്ദുന്നാസര്‍ മഅ്ദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നത്? അദ്ദേഹം തെറ്റ് ചെയ്‌തെങ്കില്‍ തൂക്കുകയര്‍ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാകൊല നീതി നിഷേധത്തിന്റെ പാരമ്യതയാണെന്ന് പറയാതെ വയ്യ.

എന്നോ ഒരിക്കല്‍ പ്രസംഗത്തില്‍ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുന്‍നിര്‍ത്തി ഇന്നും മഅ്ദനിയെ വിമര്‍ശിക്കുന്നവരുണ്ട്. സംഭവിച്ച നാക്കുപിഴയില്‍ മനസറിഞ്ഞ് പശ്ചാത്തപിച്ചിട്ടും ഫാസിസ്റ്റുകള്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ല.
‘മുസ്‌ലിങ്ങളെ പച്ചക്ക് ചുട്ട് കൊല്ലാനും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും’ പരസ്യമായി അട്ടഹസിച്ച ചെകുത്താന്‍മാര്‍ ഇന്നും നാട്ടില്‍ വിലസി നടക്കുന്നു.

സംശയമുള്ളവര്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗം കേള്‍ക്കുക.
മഅ്ദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിന്റെ സഹധര്‍മിണി സൂഫിയായേയും കുരുക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ണില്‍ ചോരയില്ലാത്ത നീക്കം നീതിപീഠത്തിന്റെ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്ന് മഅ്ദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅദനിയെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരും ഓര്‍ക്കുക.

അബ്ദുന്നാസര്‍ മഅ്ദനിയെ ഒരുപാട് രോഗങ്ങളാണ് അലട്ടുന്നത്. ശരീരം മുഴുവന്‍ തണുപ്പ് കീഴടക്കുന്നു. ഫാനിന്റെ കാറ്റ് പോലും ഏല്‍ക്കാനാവുന്നില്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ഏതാണ്ട് ക്ഷയിച്ച മട്ടാണ്. വൈകാതെ ഡയാലിസിലേക്ക് നീങ്ങേണ്ടിവന്നേക്കും. കണ്ണിന് കാഴ്ചശക്തി കുറഞ്ഞ് വരുന്നു. രക്തത്തിലെ ക്രിയാറ്റിന്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്നു. ഡയബറ്റിക്‌സും രക്തസമ്മര്‍ദ്ദവും അകമ്പടിയായി വേറെയും.

പരസഹായമില്ലാതെ ശുചി മുറിയിലേക്ക് പോലും പോകാനാവില്ല. വീര്യം അണുമണിത്തൂക്കം ചോരാത്ത മനസിന് മാത്രം ലവലേശം തളര്‍ച്ചയില്ല. ജയില്‍വാസം തീര്‍ത്ത അസ്വസ്ഥതകളില്‍ ഒരു മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിന്റെയും നെഞ്ചുരുക്കും.

ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞു. ഇനി വാദം പൂര്‍ത്തിയാക്കണം. മനസ്സുവെച്ചാല്‍ എളുപ്പം തീര്‍ക്കാവുന്നതേയുള്ളൂ. നടപടിക്രമങ്ങള്‍ അനന്തമായി നീട്ടുകയാണ്. മഅ്ദനിയുടെ ശരീരം നിശ്ചലമാകുന്നത് വരെ അത് നീളാനാണ് സാധ്യത.

കോയമ്പത്തൂരിലെ കേസ് വിസ്താരം ഒച്ചിന്റെ വേഗതയിലാക്കിയിട്ടും അവസാനം കുറ്റവിമുക്തനായത് നിലവിലുള്ള കേസിലും സംഭവിക്കുമെന്ന് ഭരണകൂട ഭീകരര്‍ക്ക് നന്നായറിയാം. കുറ്റം ചെയ്യാത്ത ഒരാളെ ആര് വിചാരിച്ചാലും കുറ്റക്കാരനാക്കാനാകില്ലല്ലോ?

അന്തിമ വിധി പറയും മുമ്പേ പ്രതി കാലയവനികക്കുള്ളില്‍ മറഞ്ഞുവെന്ന് എഴുതി ഫയല്‍ ക്ലോസ് ചെയ്യാനാകുമോ അധികാരികളുടെ ശ്രമം? അനാവശ്യമായി പീഡിപ്പിച്ചു എന്ന പഴി വീണ്ടും കേള്‍ക്കാതിതിരിക്കാനും ആ ചീത്തപ്പേര് ഒഴിവാക്കാനുമല്ലാതെ മറ്റെന്തിനാണ് കേസ് തീര്‍പ്പാക്കാതെയുള്ള ഈ വലിച്ചു നീട്ടല്‍?

മഅ്ദനിയെ കണ്ട് മടങ്ങുമ്പോള്‍ എന്റെ ഉള്ളം നിറയെ ഒരായിരം കുതിര ശക്തിയോടെ ഉയര്‍ന്ന ചോദ്യങ്ങള്‍. അവക്കുത്തരം നല്‍കാന്‍ സന്‍മനസുള്ള നീതിമാന്‍മാരില്ലേ ഈ നാട്ടില്‍.

Content Highlight: KT Jaleel’s Facebook Post about Abdul Nazer Mahdani

We use cookies to give you the best possible experience. Learn more