കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട ജഡ്ജിയുടെ സ്ഥലംമാറ്റത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.ടി. ജലീല്‍ എം.എല്‍.എ. ഭീരുക്കളാണ് ഒളിച്ചോടുകയെന്നും ചെയ്തത് സത്യമാണെങ്കില്‍ ആരെയാണ് ഭയപ്പെടുന്നതന്നെും കെ.ടി. ജലീല്‍ ചോദിച്ചു. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും നില്‍ക്കപ്പൊറുതിയുണ്ടാകില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് റിയാസ് മൗലവി വധക്കേസില്‍ മൗലവിയുടെ കുടുംബത്തിന്റെ അഭിഭാഷകനായിരുന്ന അഡ്വ. സി. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. സാധാരണ കോടതികളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥലംമാറ്റമുണ്ടാകുക സമ്മര്‍ വെക്കേഷന് ശേഷം മെയ് മാസത്തിലാണെന്നും എന്നാല്‍ റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴയിലേക്ക് മാറ്റിയിരിക്കുന്നു എന്നായിരുന്നു അഡ്വ. സി. ഷുക്കൂറിന്റെ പ്രതികരണം.
റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥലം മാറ്റിയത്. അതേസമയം ആറുമാസം മുന്‍പ് ബാലകൃഷ്ണന്‍ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു എന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് സ്ഥലം മാറ്റമെന്നുമാണ് വിശദീകരണം.
റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലില്‍ പറയുന്നു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭീരുക്കളാണ് ഒളിച്ചോടുക. ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാന്‍. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും.
CONTENT HIGHLIGHTS: KT Jaleel ridicules the transfer of the judge in Riyas Maulvi case