മലപ്പുറം: ലോകായുക്ത വിധി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ. ടി ജലീല്‍. ഹൈക്കോടതിയും ലോകായുക്ത വിധി അംഗീകരിച്ചതായാണ് അറിഞ്ഞതെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂള്‍ഡ് ബാങ്കുകളിലൊന്നില്‍ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാന്‍ ശ്രമിച്ച ആത്മാര്‍ത്ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യമില്ലെന്നും ജലീല്‍ പറഞ്ഞു. എല്ലാം ദൈവം നോക്കികാണുന്നുണ്ടെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധു നിയമന കേസിലെ ലോകായുക്ത വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീല്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.
ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹരജി നല്‍കിയത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് ലോകായുക്ത ഉത്തരവിട്ടതെന്നാണ് ജലീല്‍ ഹരജിയില്‍ വാദിച്ചത്.
എന്നാല്‍ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്ന മന്ത്രിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തന്നിഷ്ടക്കാര്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂള്‍ഡ് ബാങ്കുകളിലൊന്നില്‍ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാന്‍ ശ്രമിച്ച ആത്മാര്‍ത്ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേ ഇല്ല. ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന്‍ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്‍കുന്ന കരുത്ത് ചെറുതല്ല.
ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടര്‍ന്നാണ് ഞാന്‍ രാജിവെച്ചത്. നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഹൈകോടതിയുടെ വിധിക്കു കാത്തുനില്‍ക്കാതെ തന്നെ ലോകായുക്തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയും പ്രസ്തുത വിധി ഇന്ന് അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകര്‍പ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈകൊള്ളും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക