എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ, ഈശോ മിശിഹ മുകളിലുണ്ടല്ലോ: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതിരണവുമായി കെ.ടി. ജലീല്‍
Kerala News
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ, ഈശോ മിശിഹ മുകളിലുണ്ടല്ലോ: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതിരണവുമായി കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th February 2022, 11:04 am

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജലീല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.

സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍. എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല,’ അദ്ദേഹം പറഞ്ഞു.

കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ.
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കെ.ടി. ജലീല്‍ മന്ത്രിയെന്ന നിലയില്‍ കോണ്‍സുലേറ്റുമായി ഔദ്യോഗിക ബന്ധം മാത്രമാണ് പുലര്‍ത്തിയതെന്നാണ് സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നത്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തങ്ങള്‍ കെ.ടി. ജലീലിനെയാണ് ബന്ധപ്പെട്ടിരുന്നതെന്നും മറ്റ് ചര്‍ച്ചകള്‍ കെ.ടി. ജലീലും കോണ്‍സുലേറ്റ് ജനറലും നേരിട്ടാണ് നടത്തിയതെന്നും സ്വപ്ന പറഞ്ഞിരുന്നു.

നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴവും മതഗ്രന്ഥവും അനുമതിയില്ലാതെ കേരളത്തിലെത്തിച്ചെന്നായിരുന്നു കെ.ടി. ജലീലിനെതിരെയുണ്ടായിരുന്ന ആരോപണം. വിഷയത്തില്‍ കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാറിലെ പ്രോട്ടോക്കോള്‍ ഓഫീസറേയും കേസില്‍ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എഴുതിയെങ്കില്‍ അത് മോശമാണെന്നെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. താന്‍ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോണ്‍ നല്‍കി ഐ.എ.എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് എല്ലാവരും പോയി. അത് ആരാണെന്ന് പിന്നീട് മനസിലാകും. അതൊക്കെ കോടതിയുടെ പരിതിയിലുള്ള കാര്യമാണ്.
കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും.

എന്തൊക്കെയായിരുന്നു പുകില്‍?
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.

കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?

പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!


Content Highlights: KT Jaleel responds to Swapna Suresh’s revelation