| Sunday, 20th February 2022, 4:11 pm

പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താനും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

‘രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മം.
ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.

മര്‍ദിത- ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ത്ഥ്യം മനസിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാസിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതുസംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും,’ എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്.

ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളുടെ ഒപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുന്നത് പതിവാണെന്നും രാഷ്ട്രീയ സംവാദങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ വ്യക്തിപരമായി അകല്‍ച്ചയിലാണെന്നത് തെറ്റിദ്ധാരണയാണെന്നുമായിരുന്നു വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കള്ളപ്പണ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി കെ.ടി. ജലീലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടെയും വിശദീകരണം.

തന്റെ കുടുംബത്തെ ഉപദ്രവിക്കരുതെന്ന് കെ.ടി. ജലീലിനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍. കുറ്റിപ്പുറത്തുള്ള ഒരു വ്യവസായിയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

CONTENT HIGHLIGHTS:  KT Jaleel respond that he and Kunhalikutty had a secret meeting at a businessman’s house in Kuttipuram

Latest Stories

We use cookies to give you the best possible experience. Learn more