കോഴിക്കോട്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും പരിഹസിച്ചാണ് ജലീലിന്റെ പ്രതികരണം.
‘ജലീലിനെ ചോദ്യം ചെയ്ത ഇ.ഡി പത്തരമാറ്റ് തങ്കം.
രാഹുല്‍ജിയെ ചോദ്യം ചെയ്ത ഇ.ഡി തനി ചപ്പിളിയായ പിച്ചള.
ഇതെന്തു നീതി ഇതെന്തു ന്യായം,
പറയട പറയട കോണ്‍ഗ്രസേ,
മൊഴിയട മൊഴിയടാ
മുസ്‌ലിം ലീഗേ,’ എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ ദല്‍ഹിയില്‍ ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. എ.ഐ.സി.സി ആസ്ഥാനത്തിന് അകത്തുകയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പൊലീസ് നടപടിയില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ ജെബി മേത്തര്‍ അടക്കമുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഇന്നലെയും ഐ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം ഇ.ഡി ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ ദല്‍ഹി പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
മുതിര്‍ന്ന നേതാക്കളായ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.