തല പോയാലും ഭീകരവാദി വിളി ഭയന്ന് സംഘികള്‍ക്കെതിരെ മൗനമവലംബിക്കില്ല; അഡ്വ. കൃഷ്ണ രാജിന്റെ വിദ്വേഷ പോസ്റ്റിന് ജലീലിന്റെ മറുപടി
Kerala News
തല പോയാലും ഭീകരവാദി വിളി ഭയന്ന് സംഘികള്‍ക്കെതിരെ മൗനമവലംബിക്കില്ല; അഡ്വ. കൃഷ്ണ രാജിന്റെ വിദ്വേഷ പോസ്റ്റിന് ജലീലിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2023, 5:34 pm

മലപ്പുറം: ആര്‍.എസ്.എസിന്റെ വെറുപ്പിന്റെ വിശ്വാസ ധാരയേയും ബി.ജെ.പിയുടെ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും എതിര്‍ക്കുമ്പോള്‍ കിട്ടുന്ന ഭീകരവാദി വിളിയെ പുല്ല് പോലെ കരുതാനാണ് ഇഷ്ടമെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. തല പോയാലും
ഈ വിളി ഭയന്ന് സംഘപരിവാറിനെതിരെ മൗനമവലംബിക്കുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് തീവ്രഹിന്ദുത്വ പ്രചാരകനായ അഡ്വ. കഷ്ണ രാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച
വിദ്വേഷ പോസ്റ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഹോ… ഇനി അടുത്ത മൂന്ന് മാസം മഅ്ദനി സാഹിബും ജലീല്‍ സാഹിബും കൂടി ഒരു കലക്ക് കലക്കും,’ എന്നായിരുന്നു അഡ്വ. കഷ്ണ രാജിന്റെ പോസ്റ്റ്.

ഇതിന് മറുപടിയായി മഅ്ദനി കുറ്റക്കാരനെങ്കില്‍ വിചാരണ നടത്തി ശിക്ഷിക്കട്ടെയെന്നും അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്യുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും ജലീല്‍ പറഞ്ഞു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എത്രമാത്രം വര്‍ഗീയ വിഷം പേറുന്നവരാണ് സംഘികള്‍ എന്നതിന് താഴെ കൊടുത്തിട്ടുള്ള ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തന്നെ ധാരാളം.

ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്നത് പാപമായി കരുതുന്ന ഹൈന്ദവ സനാതന മൂല്യങ്ങളും സംഘികളുടെ വിഷലിപ്തമായ മനസും തമ്മില്‍ എന്ത് ബന്ധം?
‘ഹേ യഥാമാം പ്രപത്യന്തെ
ഥാം സ്ഥദൈവ ഭജാമ്യഹം
മമ വര്‍ത്മാനു വര്‍ത്തന്തെ
മനഷ്യാ പാര്‍ത്ഥ സര്‍വശ’
ഭഗവത് ഗീതയിലെ ദൈവം പറയുന്നു:

”ദൈവ സന്നിധിയിലെത്താന്‍ ഏതേത് മാര്‍ഗങ്ങളാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും ആത്യന്തികമായി നിങ്ങള്‍ എന്റെ മാര്‍ഗത്തിലാണുള്ളത്’.

ദൈവ സാമീപ്യത്തിന് ഏതേത് വിശ്വാസധാരയാണ് മനുഷ്യന്‍ പുല്‍കുന്നതെങ്കിലും അവരെല്ലാം എന്റെ വഴിയിലാണെന്ന് ഉല്‍ഘോഷിക്കുന്ന ഭഗവത് ഗീതയിലെ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇത്രമാത്രം വര്‍ഗീയമായി ചിന്തിക്കാന്‍ കഴിയുന്നത് എങ്ങിനെയാണ്?

ആര്‍.എസ്.എസിന്റെ വെറുപ്പിന്റെ വിശ്വാസ ധാരയേയും ബി.ജെ.പിയുടെ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നതാണ് ‘തീവ്രവാദി’ ‘ഭീകരവാദി’ എന്നൊക്കെയുള്ള എനിക്കെതിരെയുള്ള വിളികള്‍ക്കാധാരമെങ്കില്‍ അതിനെ ”പുല്ല്’ പോലെ കരുതാനാണ് എനിക്കിഷ്ടം. ആ വിളി ഭയന്ന് സംഘികള്‍ക്കെതിരെ മൗനമവലംബിക്കുന്ന പ്രശ്‌നമേയില്ല. തല പോയാലും.

മഅ്ദനി കുറ്റക്കാരനെങ്കില്‍ വിചാരണ നടത്തി ശിക്ഷിക്കട്ടെ. അദ്ദേഹത്തെ കൊല്ലാകൊല ചെയ്യുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. മഅ്ദനി കുറ്റവാളിയെങ്കില്‍ എന്തിന് കര്‍ണാടക സര്‍ക്കാര്‍ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു?

അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റത്തില്‍ ഒരു തെളിവു പോലും അധികാരികളുടെ കയ്യില്‍ ഇല്ല. അതുകൊണ്ട് മാത്രമാണ് വിചാരണ അനന്തമായി നീളുന്നത്. കേരളത്തില്‍ ചികിത്സ തേടാന്‍ മഅ്ദനിക്ക് മൂന്ന് മാസം അനുവദിച്ച സുപ്രീംകോടതി വിധി അഭിനന്ദനാര്‍ഹമാണ്.