നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകുമെന്ന് ചോദിച്ച എം.കെ മുനീറിന് കെ.ടി ജലീലിന്റെ തകര്‍പ്പന്‍ മറുപടി: വീഡിയോ കാണാം
Daily News
നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകുമെന്ന് ചോദിച്ച എം.കെ മുനീറിന് കെ.ടി ജലീലിന്റെ തകര്‍പ്പന്‍ മറുപടി: വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2016, 10:42 am

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് പൂര്‍ണമായി ഒരാളെ ഏല്‍പ്പിച്ചതിനെ വിമര്‍ശിച്ച എം.കെ മുനീര്‍ എം.എല്‍.എയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്കിടെയാണ് സംഭവം.


Shocking News: ജെ.എന്‍.യു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍


നാലു ഭാര്യമാരെ ഒരുമിച്ച് കൊണ്ടുപോകുന്ന ബുദ്ധിമുട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ എന്നു പറഞ്ഞാണ് എം.കെ മുനീര്‍ രംഗത്തുവന്നത്. എങ്ങനെ ഇതു കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.

“എന്റെ പ്രിയപ്പെട്ട സുഹൃത്ത് അദ്ദേഹം എന്റെ കൂടെ യൂത്ത് ലീഗില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിട്ട് ഇരുന്നതാണ്. അഞ്ചുവര്‍ഷം പ്രസിഡന്റും അഞ്ചുവര്‍ഷം ജനറല്‍ സെക്രട്ടറിയും. പക്ഷെ അങ്ങേക്ക് ഈ നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകാന്‍ പറ്റും എന്നെനിക്കറിയില്ല..  തുടക്കത്തില്‍ നല്ല സന്തോഷമൊക്കെ തോന്നും. പക്ഷെ ഞാന്‍ പറയുന്നത് വകുപ്പിനെക്കുറിച്ചാണ് ഇനി അതിന്റെ പേരില്‍ തലയില്‍ കയറേണ്ട. അപ്പോ ഈ നാലെണ്ണത്തിനെ കൊണ്ടുനടക്കാന്‍ നല്ല ബുദ്ധിമുട്ടാണ്.” എന്നായിരുന്നു മുനീറിന്റെ ചോദ്യം.

സുന്ദരിയായ ഒരു പെണ്ണിനെ വെട്ടിമുറിച്ച് തുണ്ടമാക്കി വീതംവെച്ചു നല്‍കുകയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞാണ് കെ.ടി ജലീല്‍ തിരിച്ചടിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിച്ച് സുന്ദരിയായ ഒരു സ്ത്രീയാക്കി നല്‍കിയെന്നും ജലീല്‍ വ്യക്തമാക്കി.


Also Read:  ജേക്കബ് വടക്കാഞ്ചേരിയുടെ വേദിയില്‍ അനില്‍ അക്കര: വി.കെ.സിക്ക് പഠിക്കണമെന്ന് അനില്‍ അക്കരയോട് സോഷ്യല്‍ മീഡിയ


“ഇവിടെ മുനീര്‍ സാഹിബ് പറഞ്ഞ ഒരു കാര്യം സുന്ദരിയായ നാലു സ്ത്രീകളെ വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഞാന്‍ അനുഭവിക്കുന്നത് എന്നാണ്. അല്ല സാര്‍. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ മൂന്നു കഷ്ണമാക്കി കഴിഞ്ഞ സര്‍ക്കാര്‍ വെട്ടിനുറുക്കിമുറിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു ശസ്ത്രക്രിയയിലൂടെ ആ അധിക്ഷേപിക്കപ്പെട്ട അംഗങ്ങള്‍ മുഴുവന്‍ തന്നെ സംയോജിപ്പിച്ചുകൊണ്ട് സുന്ദരിയായ ഒരു പെണ്‍കുട്ടിയായാണ് ഇതിനെ തന്നിരിക്കുന്നതെന്ന് ബഹുമാന്യനായ മുനീര്‍ സാഹിബ് ഓര്‍ക്കണം.” എന്നായിരുന്നു ജലീലിന്റെ മറുപടി.


Must Read: 2016ലെ പിണറായിയോട് 1977ലെ പിണറായി ചോദിക്കുന്നു; സര്‍, ഇതാണോ രാഷ്ട്രീയം?


മുമ്പത്തെ ലീഗ് നേതൃത്വം തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിക്കാതെ ഒരാളെ തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന കാര്യവും ജലീല്‍ തന്റെ മറുപടിയില്‍ ഉള്‍പ്പെടുത്തി.

“സര്‍ അങ്ങയുടെ വന്ദ്യനായ പിതാവ് സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഉള്‍പ്പെടുന്ന ലീഗ് നേതൃത്വം അഹമ്മദ് ഗുരുക്കളെ ഏല്‍പ്പിച്ച അതേ സൗന്ദര്യത്തോടെയാണ് എന്നെയും സഖാവ് പിണറായി വിജയന്‍ ഇത് ഏല്‍പ്പിച്ചിരിക്കുന്നത്. അവുക്കാദറുകുട്ടി നഹാവിനെ അന്നത്തെ ലീഗ് നേതൃത്വം ഏല്‍പ്പിച്ച അതേ സൗന്ദര്യത്തോടുകൂടിയാണ് ഈ സുന്ദരിക്കുട്ടിയെ എന്നെയും ഏല്‍പ്പിച്ചിരിക്കുന്നത് എല്‍.ഡി.എഫ് നേതൃത്വം.” ജലീല്‍ വ്യക്തമാക്കി.

വകുപ്പ് വിഭജിക്കാതിരുന്നതില്‍ താങ്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടും തോന്നേണ്ടെന്നും ജലീല്‍ പറഞ്ഞു.


Don”t Miss: മുത്തലാഖിലല്ല മോദി ഉത്തരം പറയേണ്ടത് ഈ സ്ത്രീകളോടാണ്


“അക്കാര്യത്തില്‍ അങ്ങേക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടും വൈഷമ്യവും വേണ്ട എന്ന് ഞാനങ്ങനെയെ ഉണര്‍ത്തുകയാണ് സ്‌നേഹപൂര്‍വ്വം. അങ്ങ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി അഞ്ചുവര്‍ഷം ഉണ്ടായിരുന്നു. അതിന്റെ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ടുതന്നെയാണ് ഞാനിതു പറയുന്നത്. ” എന്നു പറഞ്ഞാണ് ജലീല്‍ അവസാനിപ്പിച്ചത്.

കെ.ടി ജലീലിനു പിന്തുണയുമായി കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയും രംഗത്തെത്തി. തദ്ദേശ വകുപ്പിനെ വിഭജിച്ച യു.ഡി.എഫ് സര്‍ക്കാറിന്റെ നടപടി എം.കെ മുനീറിന്റെ ചിറകരിയാനായിരുന്നു എന്ന ആരോപണമാണ് ഗണേഷ് സഭയില്‍ ഉന്നയിച്ചത്.

“മുനീറിന്റെ ചിറകരിയാന്‍ ഈ വകുപ്പിനെ പതിനാറായി തുണ്ടം തുണ്ടം മുറിച്ചു. നിരവധി കുക്ക് സ്‌പോയില്‍ ചെയ്ത ആ ഡിഷ് ഒരു കുക്കിനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭാഗമായിരുന്ന താന്‍ അന്നും ഇക്കാര്യം പറഞ്ഞിരുന്നെന്നും ഗണേഷ് തുറന്നടിച്ചു. “അന്ന് നമ്മള്‍ ഒരുമിച്ചായിരുന്നു. അന്നും ഞാനിക്കാരും പറഞ്ഞിട്ടുണ്ട്. മുനീറിനൈ ദ്രോഹിക്കാന്‍ വേണ്ടി, സി.എച്ചിന്റെ മകനെ ഒന്നു കൈകാര്യം ചെയ്യാന്‍ വേണ്ടി ചെയ്തതാണതെന്ന് എല്ലാവര്‍ക്കും അറിയാം. ” ഗണേഷ് വ്യക്തമാക്കി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് നഗരവികസനം, പഞ്ചായത്ത് വികസനം എന്നിങ്ങനെ വിഭജിച്ച് നല്‍കുകയാണ് ഉണ്ടായത്.