| Sunday, 22nd January 2023, 9:55 pm

പി.എഫ്.ഐ പ്രവര്‍ത്തകരല്ലാത്തവരുടെ ജപ്തി നടപടികള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്- കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥര്‍: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു.

സംഭവത്തില്‍ പി.എഫ്.ഐ പ്രവര്‍ത്തകരല്ലാത്ത വ്യക്തികള്‍ക്ക് വരെ നടപടി നേരിടേണ്ടിവരുന്നെന്ന് അക്ഷേപമുണ്ട്. എന്നാല്‍, പി.എഫ്.ഐ പ്രവര്‍ത്തകരല്ലാത്തവരുടെ ജപ്തി നടപടികള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്- കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥരെന്ന് പറയുകയാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍.

തന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെ എല്‍.ഡി.എഫിന് വോട്ട് ചെയ്തയാളുകള്‍ക്ക് പോലും നടപടി നേരിടേണ്ടിവന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തതിന് മറുപടി പറയുകയായിരുന്നു ജലീല്‍.

ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മ തിരുത്താന്‍ കേരളത്തില്‍ ജനകീയ സര്‍ക്കാരുണ്ടെന്നും വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ജലീല്‍ മറുപടി നല്‍കി.

‘ഭയപ്പെടേണ്ട. ഉദ്യോഗസ്ഥരില്‍ ആര്‍.എസ്.എസ്, കോണ്‍ഗ്രസ് അനുകൂലികള്‍ കുറച്ചുണ്ടല്ലോ? സര്‍ക്കാരിനെ പറയിപ്പിക്കാന്‍ അത്തരക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. സര്‍ക്കാര്‍ ജീവനക്കാരില്‍ 60 ശതമാനമേ ഇടതുപക്ഷക്കാരുള്ളൂ.

ബാക്കി 40 ശതമാനവും യു.ഡി.എഫ്- ബി.ജെ.പി അനുഭാവികളാണ്. ശ്രദ്ധയില്‍ പെടുത്തിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

നാളെത്തന്നെ കളക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും ഒരു പരാതി കൊടുക്കാന്‍ പറയുക. ആശങ്ക വേണ്ട. ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മ തിരുത്താന്‍ കേരളത്തില്‍ ജനകീയ സര്‍ക്കാരുണ്ട്,’ എന്നായിരുന്നു ജലീലിന്റെ മറുപടി.

പോപുലര്‍ ഫ്രണ്ടിന്റെ പേര് പറഞ്ഞ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമും പറഞ്ഞിരുന്നു.

പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടുന്ന നടപടികള്‍ക്കിടെ, പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ അകാരണമായി ജപ്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സലാം പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: KT. Jaleel Pro-RSS-Congress officials behind confiscation of non-PFI workers

We use cookies to give you the best possible experience. Learn more