| Wednesday, 29th June 2022, 4:42 pm

മതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ? ഉദയ്പൂര്‍ കൊലപാതകത്തില്‍ ദുരൂഹതയെന്ന് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലില്‍ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണെന്ന് സി.പി.ഐ.എം സ്വതന്ത്ര്യ എം.എല്‍.എ കെ.ടി. ജലീല്‍. ഉദയ്പൂരില്‍ കണ്ട കൊടുംക്രൂരത എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

മനുഷ്യന്റെ തലയറുത്ത് ഈ കാപാലികര്‍ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്. നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗീയ ഭ്രാന്തന്‍മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. താടിയും തലപ്പാവുമായെത്തി പട്ടാപ്പകല്‍ ഒരു മനുഷ്യനെ കഴുത്തറുത്ത് കൊന്ന പിശാചുക്കള്‍ ഇസ്‌ലാമിനെയാണ് അപമാനിച്ചത്. അവര്‍ മാപ്പര്‍ഹിക്കുന്നേയില്ല. ഈ തെമ്മാടികളെ പിടികൂടി തൂക്കിലേറ്റാന്‍ ഒട്ടും സമയം വൈകിക്കൂടെന്നും ജലീല്‍ പറഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന് പ്രത്യേകം അന്വേഷിക്കണം. വേഷം മാറി വന്ന് പക തീര്‍ത്ത് വഴി തിരിച്ച് വിടാന്‍ നടത്തിയ ശ്രമമാണോ നടന്നതെന്നും പരിശോധിക്കണം. വര്‍ഗീയ കലാപം നടത്തി, ഉദയ്പൂരിലെ മുഴുവന്‍ മുസ്‌ലിം കച്ചവടക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രിതമായി ബിസിനസ് താല്‍പര്യക്കാര്‍ സംഘടിപ്പിച്ചതാണോ അരും കൊലയെന്നും സൂക്ഷ്മമായി അപഗ്രഥിക്കണം.

പണമോ മറ്റ് പ്രലോഭനങ്ങളോ ചൊരിഞ്ഞ് രണ്ട് മുസ്‌ലിം നാമധാരികളെ വിലക്കെടുത്ത്, ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ സമാധാനം കെടുത്താന്‍ ബാഹ്യശക്തികള്‍ ചെയ്യിച്ച മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണോ ഉദയ്പൂരിലേതെന്ന് പ്രത്യേകം നോക്കണം.
ഹീന പ്രവൃത്തി നടത്തിയവരുടെ മട്ടും ഭാവവും, വീഡിയോ ചിത്രീകരണവുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട്.
എന്തായാലും ക്രൂരകൃത്യം ചെയ്ത നരാധമന്‍മാര്‍ക്ക് കൊലക്കയര്‍ തന്നെ നല്‍കണം. അവരെ വെറുതെ വിടരുത്. നാടിനെ രക്ഷിക്കാന്‍ അവര്‍ക്ക് ശിക്ഷ നല്‍കിയേ പറ്റൂവെന്നും ജലീല്‍ പറഞ്ഞു.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഉദയ്പൂരില്‍ നടന്നതെന്നും ഏത് മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


CONTENT HIGHLIGHTS: KT Jaleel on Udaipur murder,
they deliberately bribed to destroy religious harmony

We use cookies to give you the best possible experience. Learn more