| Thursday, 7th December 2017, 11:09 pm

മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്ത് ആരും ഒന്നും നേടിയിട്ടില്ലെന്ന് ഹാദിയയോട് മന്ത്രി കെ.ടി ജലീല്‍

എഡിറ്റര്‍

കോഴിക്കോട്: മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്ത് ആരും ഒന്നും നേടിയിട്ടില്ലെന്ന് ഹാദിയയോട് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഹാദിയയോട് ഇക്കാര്യം പറയുന്നത്. “എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളു. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു. അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം. മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുത്” എന്ന് അദ്ദേഹം പറയുന്നു.

ഒരാളെ സംബന്ധിച്ചേടത്തോളം എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റാം. ഭാര്യാ ഭര്‍തൃ ബന്ധം വരെ, എന്നാല്‍ മരണത്തിന് പോലും അറുത്തെറിയാന്‍ പറ്റാത്തതാണ് മാതൃ പിതൃ ബന്ധങ്ങള്‍. മാതാവിനോട് “ഛെ” എന്ന വാക്കുപോലും ഉച്ഛരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി അമ്മയുടെ കാല്‍ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗമെന്നും അരുള്‍ ചെയ്തു. വിശുദ്ധ യുദ്ധത്തേക്കാള്‍ പവിത്രമാണ് പ്രായമായ മാതാപിതാക്കളെ പരിപാലിക്കലെന്നും പറഞ്ഞ പ്രവാചകന്‍, പക്ഷെ ഇവിടെയൊന്നും മാതാവ് സ്വന്തം മതക്കാരിയാകണമെന്ന വ്യവസ്ഥ വെച്ചിട്ടില്ലെന്ന് കൂടി ഓര്‍ക്കണം” എന്നും ജലീല്‍ ഹാദിയയോട് ഫേസ്ബുക്കിലൂടെ പറയുന്നു.


Also Read: കേരളത്തിന്റെ ചലച്ചിത്ര മാമാങ്കത്തിന് നാളെ തിരശീല ഉയരും; ദ ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം


ഹാദിയയെ മുന്‍നിര്‍ത്തി ആദര്‍ശ വിജയം കൊണ്ടാടുന്നവര്‍ മറിച്ച് സംഭവിക്കുന്ന ഒരു മുസ്‌ലിം കുടുംബത്തിന്റെ സ്ഥാനത്ത് നിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി പറയുന്നു. ഹാദിയയെ പച്ചയും(ലീഗിന്റെ പച്ചയല്ല) അശോകനെ കാവിയും (ആര്‍.എസ്.എസിന്റെ കാവി) പുതപ്പിക്കുന്നവരോട് സവിനയം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്.

ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള നാടാണ് ഇന്ത്യ. ഇന്ന് ഇവിടെയുള്ള 99% ഹൈന്ദവേതര മത വിശ്വാസികളുടെ പൂര്‍വ്വികരൂം പ്രാചീന ഇന്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് വന്നിട്ടുള്ളവരാണ്. അവയൊന്നും രാജ്യത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും അകല്‍ച്ചയും ഉണ്ടാക്കിയിട്ടില്ല എന്നും ഇസ്‌ലാം മതം സ്വീകരിക്കാതെ മരണപ്പെട്ട് പോയ അബൂത്വാലിബിനെ മുഹമ്മദ് നബി തള്ളിപ്പറയുകയോ വെറുക്കുകയോ ചെയ്തിട്ടില്ലെന്ന് ഓര്‍ക്കണമെന്നും കെ.ടി ജലീല്‍ പറയുന്നു.


Dont Miss: ലൗവ് ജിഹാദ് ആരോപിച്ച് ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്


ഒരു പ്രവാചകനും വേദഗ്രന്ഥവും സ്വര്‍ഗ്ഗലബ്ധി സാദ്ധ്യമാകാന്‍ മറ്റൊരു മതസ്ഥനെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങങ്ങളും വേദപ്രമാണങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലൂടെ ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായിട്ടുള്ളതാണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്‌നമേ നാട്ടിലുള്ളു എന്നും അദ്ദേഹം ഫേസ്ബുക്ക്് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും മക്കള്‍ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താനാവില്ല. “ആരാന്റെമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലെന്ന്” നാട്ടിലൊരു ചൊല്ലുണ്ട് . ഒരാളുടെ വേദനയും കണ്ണുനീരും ഒരു ദര്‍ശനത്തിന്റെയും വിജയമോ പരാജയമോ ആയി ആഘോഷിക്കപ്പെട്ട് കൂടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം അഖില ഹാദിയയായപ്പോള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ മടിച്ച് നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളില്‍ ആര്‍ത്തിരമ്പുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ആര്‍ക്കെങ്കിലും ഇല്ലാതെ പോയെങ്കില്‍, പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല അവനവനെത്തന്നെയാണ് എന്ന് കേരള സമുഹത്തെ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more