| Monday, 6th September 2021, 6:58 pm

കമ്പ്യൂട്ടറില്‍ കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ മായ്ച്ച് കൃത്രിമം നടത്തി; എ.ആര്‍. ബാങ്കില്‍ നടന്നത് ലീഗ് നേതാക്കളുടെ വന്‍ തട്ടിപ്പെന്ന് ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എ.ആര്‍. ബാങ്കില്‍ മുസ്‌ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പി.കെ. കുഞ്ഞാലിക്കുട്ടിയും മകന്‍ ആഷിഖും ഹരികുമാറും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയും അബ്ദുറഹിമാന്‍ രണ്ടത്താണിയും ചേര്‍ന്ന് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുന്ന പരിശോധനക്കെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പരിശോധിക്കാന്‍ എ.ആര്‍ നഗര്‍ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഹരികുമാര്‍ ജോലി ചെയ്ത 40 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഭയാനകമാകു സ്ഥിതിഗതികളെന്നും അദ്ദേഹം പറഞ്ഞു.

‘പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് എ.ആര്‍. നഗര്‍ ബാങ്കില്‍ നടത്തിയ 3 കോടി രൂപയുടെ നിക്ഷേപം, 30.8.2021 ലെ KOC. FED. FEDOP/S 249/8904210/2021 നമ്പര്‍ കത്ത് പ്രകാരം ആര്‍.ബി.ഐയുടെ അന്വേഷണപരിധിയിലാണ് ഉള്ളത്,’ ജലീല്‍ പറഞ്ഞു.

മുന്‍ താനൂര്‍ എം.എല്‍.എയും ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ 50 ലക്ഷം വായ്പയടക്കം പല ലീഗ് നേതാക്കള്‍ക്കും യഥേഷ്ടം വാരിക്കോരി നല്‍കിയിട്ടുള്ള അനധികൃത വായ്പകളുടെയും ആനുകൂല്യങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദമായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2012-13 കാലഘട്ടത്തില്‍ രണ്ടരക്കോടി രൂപയുടെ ഗോള്‍ഡ് ലോണ്‍ അഴിമതിയാണ് ബാങ്കില്‍ നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പേരില്‍ മാത്രം വിവിധ കസ്റ്റമര്‍ ഐ.ഡികളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന സോഫ്റ്റ്‌വെയറില്‍ ഡാറ്റാബേസില്‍ കസ്റ്റമര്‍ ഐ.ഡികളിലെ മേല്‍വിലാസങ്ങള്‍ 4.11.2019 ന് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ തീയതി മുതല്‍ ഹരികുമാര്‍ വ്യാപകമായി തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

എ.ആര്‍ നഗര്‍ ബാങ്ക് ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക്.

എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെയെല്ലാം മുഖ്യസൂത്രധാരര്‍ മുസ്ലിംലീഗ് നേതാവും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി MLAയും അദ്ദേഹത്തിന്റെ ബിനാമി ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണ്.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍ നഗര്‍ കോപ്പറേറ്റീവ് ബാങ്കില്‍ അന്‍പതിനായിരത്തില്‍പരം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.

257 കസ്റ്റമര്‍ ഐ.ഡി കളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെല്ലാം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. (പേജ് 12)

ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു റാന്‍ഡം പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയും.

ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രിമാരായിയിരിക്കെ പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടന്നു വരികയാണ്.

ടൈറ്റാനിയം അഴിമതിയിലൂടെ ആര്‍ജ്ജിച്ച പണമാകണം എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ഡേറ്റുകളും വര്‍ഷവും പരിശോധിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാവുക. മലബാര്‍ സിമന്റ്‌സ്, കെ.എം.എം.എല്‍ തുടങ്ങിയ കേരളത്തിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് സമാഹരിച്ച തുകയും ഈ ബാങ്കില്‍ നിക്ഷേപിക്കപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്കിന് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് AR നഗര്‍ ബാങ്കില്‍ നടത്തിയ 3 കോടി രൂപയുടെ നിക്ഷേപം
30.8.2021 ലെ KOC. FED. FEDOP/S 249/8904210/2021 നമ്പര്‍ കത്ത് പ്രകാരം ആര്‍.ബി.ഐയുടെ അന്വേഷണപരിധിയിലാണ് ഉള്ളത്.

മുന്‍ താനൂര്‍ എംഎല്‍എയും ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ
അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ 50 ലക്ഷം വായ്പ്പയടക്കം പല ലീഗ് നേതാക്കള്‍ക്കും യഥേഷ്ടം വാരിക്കോരി നല്‍കിയിട്ടുള്ള അനധികൃത വായ്പകളുടെയും ആനുകൂല്യങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദമായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ കസ്റ്റമര്‍ മേല്‍വിലാസങ്ങള്‍ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുന്ന പരിശോധനക്കെത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പരിശോധിക്കാന്‍ എ.ആര്‍ നഗര്‍ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ല. ഞാന്‍ മുന്‍പ് സൂചിപ്പിച്ചപോലെ ദേശദ്രോഹ സ്വര്‍ണകള്ളകടത്ത് സംബന്ധിച്ച ഇടപാടുകളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നുണ്ട്.

രാജ്യത്ത് കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുവേണ്ടി കൊണ്ടുവന്ന ഇന്‍കം ടാക്‌സ് നിയമം 269 T ക്ക് വിരുദ്ധമായിട്ടാണ് എ.ആര്‍ നഗര്‍ ബാങ്കിലെ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണം ഇടപാടുകള്‍ ഈ ബാങ്കില്‍ നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹരികുമാര്‍ ജോലി ചെയ്ത 40 വര്‍ഷത്തെ ഇത്തരം ഇടപാടുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഭയാനകമാകും സ്ഥിതിഗതികള്‍.

2012-13 കാലഘട്ടത്തില്‍ രണ്ടരക്കോടി രൂപയുടെ ഗോള്‍ഡ് ലോണ്‍ അഴിമതിയാണ് ബാങ്കില്‍ നടന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി യുടെ പേരില്‍ മാത്രം വിവിധ കസ്റ്റമര്‍ ഐഡി കളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന സോഫ്റ്റ്വെയറില്‍ ഡാറ്റാബേസില്‍ കസ്റ്റമര്‍ ഐഡി കളിലെ മേല്‍വിലാസങ്ങള്‍ 4.11.2019 ന് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റ തീയതിമുതല്‍ ഹരികുമാര്‍ വ്യാപകമായി തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായി.

ഇത്തരത്തില്‍ അഡ്രസുകളില്‍ വ്യാപകമായി മാറ്റം വരുത്തിയത് ഹരികുമാര്‍ ആണെന്ന് ഇപ്പോഴത്തെ സെക്രട്ടറി രേഖാമൂലം സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക് പാണ്ടിക്കടവത്ത് 6. 12.2015, 1.6.2017, 21.6.2017 തീയതികളിലായി മൂന്ന് കോടി രൂപ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിന്റെ പേരില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂരിയാട് ബ്രാഞ്ചിലുള്ള കറന്റ് അക്കൗണ്ട് നമ്പര്‍ 5616 ല്‍ വിദേശത്തുനിന്ന് നിക്ഷേപം നടത്തിയത്, പ്രഥമദൃഷ്ട്യാതന്നെ, ഹവാല ഇടപാടാണെന്ന് ബോധ്യപ്പെട്ടതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NRE, NRO അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് നിയമപരമായി സാധിക്കാത്ത സഹകരണ ബാങ്കാണ് എ.ആര്‍ നഗര്‍ സഹകരണ ബാങ്ക്. ആഷിക്ക് നിക്ഷേപിച്ച മൂന്ന് കോടിയില്‍ ഒരു കോടി രൂപക്ക് മാത്രമേ ഫിക്‌സഡ് ഡെപ്പോസിറ്റിനുള്ള അപേക്ഷ അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളൂ. ഇതിന്റെ പലിശ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി പിന്‍വലിക്കുന്നതിന് പകരം നേരിട്ട് ക്യാഷായി കൈപ്പറ്റുകയാണ് ചെയ്തത്.

ഇങ്ങിനെ കോടിക്കണക്കിന് രൂപയുടെ പലിശ ബാങ്കില്‍ നിന്നും പല രും കൈപ്പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇന്‍കം ടാക്‌സ് ആക്ടിലെ 269 Tക്ക് വിരുദ്ധമായതിനാല്‍ നിയമപ്രകാരം ഒരുകോടി 14 ലക്ഷം രൂപ പിഴയൊടുക്കണ്ടതുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിനും ഇന്ത്യന്‍ വിദേശ വിനിമയ ചട്ടത്തിനും വിരുദ്ധമായി നിക്ഷേപിച്ച, കള്ളപ്പണത്തിന്റെ പലിശ കൈപ്പറ്റിയത്, നിയമ വിധേയമാക്കാന്‍ കുഞ്ഞാലിക്കുട്ടി സമ്മര്‍ദ്ദം ചെലുത്തി, 35 ലക്ഷം പിഴയൊടുക്കി ബാക്കി തുക പിന്‍വലിക്കാന്‍ ശ്രമം നടത്തുന്നതായി ബാങ്കില്‍ നിന്നും അറിയാന്‍ സാധിച്ചു. ഇത് സംബന്ധിച്ച് ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കുന്നതാണ്.
ഇന്‍കം ടാക്‌സ് ആക്ട് 269 Tക്ക് വിരുദ്ധമായി നടത്തിയ ഇടപാടുകളെന്ന് ഇതിനകം കണ്ടെത്തിയ തുകയായ 1021 കോടി രൂപക്ക് തതുല്യമായ തുക ബാങ്കിന് പിഴയൊടുക്കേണ്ടിവരും.

ബാങ്കിന്റേതല്ലാത്ത കാരണത്താല്‍ 1021 കോടി രൂപ പിഴ ഒടുക്കേണ്ടി വരുമ്പോള്‍ തകരുന്നത് ഒരു സഹകരണ സ്ഥാപനമാകും. ബാങ്കിന്റെ അന്‍പതിനായിരത്തില്‍പരം വരുന്ന അംഗങ്ങളില്‍ മഹാഭൂരിഭാഗവും മുസ്ലിംലീഗിന്റെ സാധാരണ പ്രവര്‍ത്തകരും അനുയായികളുമാണ്.

ഈ ബാങ്കില്‍ നടന്ന തീവെട്ടിക്കൊള്ളകള്‍ക്ക് ഉത്തരവാദികള്‍ പി.കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ വി.കെ ഹരികുമാറും മറ്റുചില ലീഗ് നേതാക്കളുമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബാങ്കിന് പിഴയിനത്തില്‍ നഷ്ടപ്പെടുന്ന 1021 കോടി രൂപ ഇവരില്‍നിന്ന് ഈടാക്കി എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്കിലെ മുഴുവന്‍ ഇടപാടുകളും നിക്ഷേപങ്ങളും വായ്പകളും അന്വേഷിക്കുവാന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഉടനെതന്നെ കത്ത് നല്‍കും.

കൂടാതെ AR നഗര്‍ സഹകരണ ബങ്കില്‍ നടന്നിട്ടുള്ള കള്ളപ്പണ വിദേശവിനിമയ ഇടപാടുകള്‍ പരിശോധിക്കുന്നതിന് റിസര്‍ബാങ്ക് ഓഫ് ഇന്ത്യക്കും പരാതി നല്‍കും. ആര്‍.ബി.ഐയുടെ കത്ത് പ്രകാരം ഉള്ള അന്വേഷണം പൂര്‍ത്തിയായാല്‍, അതില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മറ്റൊരു റിപ്പോര്‍ട്ടും കൂടി സഹകരണവകുപ്പിന്റെ ഇതേ അന്വേഷണസംഘം ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിലെ വിവരങ്ങള്‍ ഇതിലും ഭയാനകമാകും എന്നാണ് ആദ്യ റിപ്പോര്‍ട്ടും രണ്ടാം റിപ്പോര്‍ട്ടും നല്‍കുന്ന സൂചന

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Jaleel on AR Nagar Bank Fraud

We use cookies to give you the best possible experience. Learn more