'മാധ്യമത്തിന്റെ ശനികാലത്തിന്റെ തുടക്കം വെല്‍ഫയര്‍ പാര്‍ട്ടി, ഇടതുപക്ഷ മനസുള്ളവരായിരുന്നു പത്രത്തെ പാലൂട്ടി വളര്‍ത്തിയിരുന്നത്'
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണമാണ് മാധ്യമം പത്രത്തിന് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്ത് നേതാക്കളില്‍ മൊട്ടിട്ട രാഷ്ട്രീയ മോഹങ്ങള്‍ സഫലമാക്കാന്‍ പ്രഖ്യാപിത നിഷ്പക്ഷ നിലപാടില്‍ പത്രത്തിന് തരാതരംപോലെ വെള്ളവും വിഷവും ചേര്‍ക്കേണ്ടി വന്നെന്നും ജലീല്‍ പറഞ്ഞു.
ശമ്പള കുടിശിക മൂന്ന് മാസമാകുന്ന സാഹചര്യത്തില്‍ തിരൂവോണദിനത്തില്‍
ഉപവാസ സമരം നടത്തിയ മാധ്യമം ദിനപത്രത്തിലെ ജീവനക്കാരോട് ഐക്യപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജലീല്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
‘ഇടതുപക്ഷ മുന്നണിയില്‍ ചേക്കാറാന്‍ ഒരിക്കലുമാവില്ലെന്ന് തിരിച്ചറിഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടിക്ക്, യു.ഡി.എഫില്‍ ഒരു ബെര്‍ത്ത് വാങ്ങിക്കൊടുക്കാന്‍ എന്തൊക്കെ നെറികേടുകളാണോ ചെയ്യേണ്ടത് അതൊക്കെ ‘മാധ്യമം’ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്തു.
വ്യക്തിഹത്യയും ഊഹാപോഹ പ്രചരണങ്ങളും വലതുപക്ഷ പത്രങ്ങളെപ്പോലെ ‘മാധ്യമ’വും അതിന്റെ മുഖമുദ്രയാക്കി. നിലത്തിഴഞ്ഞിട്ടും പക്ഷെ യു.ഡി.എഫും കനിഞ്ഞില്ല. സി.പി.ഐ.എമ്മിനെ ദുര്‍ബലമാക്കി ഇടതുപക്ഷത്തെ ക്ഷയിപ്പിക്കാന്‍ ‘മാധ്യമം’ പയറ്റാത്ത അടവുകളില്ല. ഇത് ‘മാധ്യമ’ത്തിന്റെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല തകര്‍ത്തത്,’ ജലീല്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെല്ലെങ്കിലും ഇടതുപക്ഷ മനസുള്ള വായനക്കാക്കാരാണ് ‘മാധ്യമ’ത്തെ പാലും തേനുമൂട്ടി വളര്‍ത്തിയിരുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ലോകം ഓണനിറവില്‍; ‘മാധ്യമം’ ജീവനക്കാര്‍ പട്ടിണി സമരത്തിലും!
മൂന്ന് മാസമായി ശമ്പളം കിട്ടാതെ പട്ടിണിയിലായ ‘മാധ്യമം’ ജീവനക്കാര്‍ തിരുവോണ നാളില്‍ ഉപവാസ സമരത്തിലാണെന്ന വാര്‍ത്ത അത്യന്തം ഖേദകരമാണ്. വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് കൂലികൊടുക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് ഒരുനിലക്കും യോജിക്കാത്ത പ്രവൃത്തിയാണ് മാധ്യമം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി മാധ്യമത്തിന് ഉണ്ടായത് എങ്ങിനെയെന്ന് ബന്ധപ്പെട്ടവര്‍ ശാന്തമായി ആലോചിച്ചാല്‍ നന്നാകും.
മാധ്യമം പത്രം നിയന്ത്രിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് ‘മാധ്യമ’ത്തിന്റെ ‘ശനികാലം’ തുടങ്ങിയത്. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്ത് നേതാക്കളില്‍ മൊട്ടിട്ട രാഷ്ട്രീയ മോഹങ്ങള്‍ സഫലമാക്കാന്‍ പ്രഖ്യാപിത നിഷ്പക്ഷ നിലപാടില്‍ പത്രത്തിന് തരാതരംപോലെ വെള്ളവും വിഷവും ചേര്‍ക്കേണ്ടി വന്നു.
ഇടതുപക്ഷ മുന്നണിയില്‍ ചേക്കാറാന്‍ ഒരിക്കലുമാവില്ലെന്ന് തിരിച്ചറിഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടിക്ക്, യു.ഡി.എഫില്‍ ഒരു ബെര്‍ത്ത് വാങ്ങിക്കൊടുക്കാന്‍ എന്തൊക്കെ നെറികേടുകളാണോ ചെയ്യേണ്ടത് അതൊക്കെ ‘മാധ്യമം’ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചെയ്തു.
വ്യക്തിഹത്യയും ഊഹാപോഹ പ്രചരണങ്ങളും വലതുപക്ഷ പത്രങ്ങളെപ്പോലെ ‘മാധ്യമ’വും അതിന്റെ മുഖമുദ്രയാക്കി. നിലത്തിഴഞ്ഞിട്ടും പക്ഷെ യു.ഡി.എഫും കനിഞ്ഞില്ല. സി.പി.ഐ.എമ്മിനെ ദുര്‍ബലമാക്കി ഇടതുപക്ഷത്തെ ക്ഷയിപ്പിക്കാന്‍ ‘മാധ്യമം’ പയറ്റാത്ത അടവുകളില്ല. ഇത് ‘മാധ്യമ’ത്തിന്റെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല തകര്‍ത്തത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെല്ലെങ്കിലും ഇടതുപക്ഷ മനസുള്ള വായനക്കാക്കാരാണ് ‘മാധ്യമ’ത്തെ പാലും തേനുമൂട്ടി വളര്‍ര്‍ത്തിയിരുന്നത്. വലതുമുന്നണിയെ വെള്ളപൂശാനും ഇടതുപക്ഷത്തെ കടന്നാക്രമിക്കാനും ‘ദാവൂദാതികള്‍’ രാപ്പകല്‍ പണിയെടുത്ത് അസത്യങ്ങളും അര്‍ധസത്യങ്ങളും കൊണ്ട് പത്രത്തിന്റെ കോളങ്ങള്‍ നിറച്ചപ്പോള്‍ ‘മാധ്യമ’ത്തിന്റെ കാല്‍ചുവട്ടിലെ മണ്ണാണ് അക്ഷരാര്‍ത്ഥത്തില്‍ ഒലിച്ചു പോയത്.
കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് എല്ലാ പത്രങ്ങളും കരകയറിയപ്പോള്‍ ‘മാധ്യമം’ മാത്രം കരകയറാതെ നിന്നതിന്റെ കാരണവും മറ്റൊന്നല്ല. വായനക്കാരില്‍ നല്ല പ്രചാരം നേടിയ ‘മാധ്യമം’ അഭ്യുദയകാംക്ഷികള്‍ക്കിടയില്‍ മൂക്കുകുത്തി വീണത് അങ്ങിനെയാണ്. വരിക്കാരുടെ എണ്ണത്തില്‍ ഇതുണ്ടാക്കിയ ഇടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആനയായിരുന്ന ‘മാധ്യമം’ ചാവാലിക്കാളയായി മെലിയാന്‍ തുടങ്ങിയ കഥയുടെ രത്‌നച്ചുരുക്കമാണിത്.
ഇന്ന് ‘മാധ്യമം’ ഇറച്ചിവെട്ടുകാരന്റെ കടക്കുമുന്നില്‍ ദയാവധത്തിന് കാത്തുനില്‍ക്കുന്ന ദാരുണാവസ്ഥയിലാണ്. ഈ പത്ര സ്ഥാപനത്തെ ഇത്തരമൊരു പതനത്തില്‍ കൊണ്ടു ചെന്നെത്തിച്ചതില്‍ പുത്തന്‍കൂറ്റുകാരായ നവ ‘പ്രൊഫഷണല്‍’ മാനേജുമെന്റിന്റെ പങ്ക് അനിഷേധ്യമാണ്. അധികം വൈകാതെ ആരുടെയും കത്തും കമ്പിയുമില്ലാതെ തന്നെ ‘മാധ്യമം’ പൂട്ടേണ്ടി വന്നാലും ആരും അല്‍ഭുതപ്പെടേണ്ടതില്ല.
എന്നെ തെറിവിളിക്കാന്‍ കമന്റ് ബോക്‌സില്‍ വരുന്ന ‘വെല്‍ഫെയറുകാര്‍’ ദയവു ചെയ്ത് അവനവനെക്കൊണ്ട് കഴിയുന്ന സംഖ്യ ഓണ്‍ലൈനായി ‘സക്കാത്ത്’ പോര്‍ട്ടലുണ്ടാക്കി നല്‍കി മാധ്യമം ജീവനക്കാരുടെ മൂന്നുമാസത്തെ ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Content Highlight: KT Jaleel MLA said that the formation of the welfare party is the reason for the crisis facing the Madhayamam news paper