തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. മുസ്‌ലിങ്ങള്‍ക്കിടയില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതെന്നും ജലീല്‍ പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. ഹൈന്ദവ സമുദായത്തില്‍ ഇതേ കാര്യങ്ങള്‍ ചെയ്യുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചര്‍ ഉള്‍പ്പടെയുള്ള വര്‍ഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നു.
കമന്റ് ബോക്‌സില്‍ വന്ന് ‘പഴയ സിമിക്കാരന്‍’ എന്ന ചാപ്പ എനിക്കുമേല്‍ ചാര്‍ത്തുന്നവരോട് ഒരു വാക്ക്. കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളില്‍ പ്രതിയായി, പില്‍ക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പാര്‍ലമെന്റ് അംഗം വരെയായ ഫൂലന്‍ദേവിയെ ‘പഴയ കൊള്ളക്കാരി’ എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത്?
നേരത്തെ ആര്‍.എസ്.എസിലോ സംഘ് കുടുംബത്തിലോ പ്രവര്‍ത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാര്‍ട്ടികളില്‍ എത്തിപെട്ടവര്‍ക്ക് ‘പഴയ സംഘി’ എന്ന മേല്‍ച്ചാര്‍ത്ത് എന്തേ ആരും പതിച്ചുനല്‍കാത്തത്? ആ അളവുകോല്‍ എനിക്കു മാത്രം ബാധകമാക്കാത്തതിന്റെ ‘ഗുട്ടന്‍സ്’ പിടികിട്ടുന്നില്ല,’ കെ.ടി. ജലീല്‍ പറഞ്ഞു.