തിരുവനന്തപുരം: ചിലര്‍ തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ച് ടിക്കറ്റ് വരെ എടുത്തുവച്ചുവെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. നിയമസഭയിലെ ചില അംഗങ്ങള്‍ അതിന് ചൂട്ടുപിടിച്ചത് വേദനയുണ്ടാക്കിയെന്നും ജലീല്‍ പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.
എന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഒരിടത്തും ഇന്ത്യന്‍ അധിനിവേശ എന്ന പദം ഉപയോഗിച്ചിട്ടില്ല. എന്നിട്ടും ഞാനത് പിന്‍വലിച്ചു. നാട്ടില്‍ അതുകൊണ്ട് ഒരു വര്‍ഗീയ ദ്രുവീകരണമോ കുഴപ്പമോ ഉണ്ടാകരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നിട്ടും എന്നെ വിടാന്‍ തല്‍പ്പര കക്ഷികള്‍ തയ്യാറല്ല. എന്റെ ഉമ്മയുടെ ഉപ്പ സൈനികനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളാണ് താനെന്നും കെ.ടി ജലീല്‍ പറഞ്ഞു.
ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ പങ്കെടുത്ത ആളാണ് എന്റെ ഉമ്മയുടെ ഉപ്പ. അതിന്റെ പേരില്‍ അദ്ദേഹം 12 കൊല്ലം ജയിലില്‍ അടക്കപ്പെട്ടുവെന്നും ജലീല്‍ ഓര്‍മിക്കുന്നു. വര്‍ത്തമാനകാലത്ത് എന്തുപറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് ജനങ്ങള്‍ നോക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയെ പാക് ചാരന്‍ എന്നാണ് ബി.ജെ.പി നേതാക്കള്‍ വിശേഷിപ്പിച്ചത്. ഇബ്രാഹീം സുലൈമാന്‍ സേഠിനും ഇതുപോലുള്ള വിശേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുപോലെ രാജ്യദ്രോഹത്തിന്റെ തീക്കൊള്ളിയെടുത്ത് മറ്റുള്ളവരുടെ തലയില്‍ വെക്കാന്‍ ശ്രമിക്കരുതെന്നും ജലീല്‍ പറഞ്ഞു.
അതേസമയം, ജമ്മു-കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ കീഴ് വായ്പൂര് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 153ബി ഐ.പി.സി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോട് കൂടിയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
എഴുമറ്റൂര്‍ സ്വദേശി അരുണ്‍ മോഹന്‍ നല്‍കിയ ഹരജിയില്‍ ജലീലിനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.\
വിഷയത്തില്‍ പത്തനംതിട്ട കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹരജി നല്‍കിയതെന്ന് അരുണ്‍ മോഹന്‍ പറഞ്ഞിരുന്നു.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു-കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന് പറഞ്ഞ് ജലീല്‍ രംഗത്തെത്തിയിരുന്നു. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നും ജലീല്‍ മറുപടി കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
CONTENT HIGHLIGHTS: KT Jaleel MLA said that some people tried to make him a traitor and even took away his ticket