| Wednesday, 18th May 2022, 10:44 pm

'മോനേ ദിനേശാ, ആ കളി ഇങ്ങോട്ടു വേണ്ട,സംഘപരിവാറിനെതിരാകുമ്പോള്‍ തീവ്രവാദികളാക്കുന്ന വേല കയ്യിലിരിക്കട്ടെ'; നിങ്ങള്‍ 'സിമി'യല്ലേ എന്ന കമന്റിന് ജലീലിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടത്തിയതിനെതുര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ
വന്ന വിദ്വേഷ കമന്റിന് മറുപടി നല്‍കി കെ.ടി. ജലീല്‍ എം.എല്‍.എ. ‘താങ്കള്‍ ആ പഴയ സിമി ലൈന്‍ ഇതുവരെ വിട്ടില്ലേ ജലീല്‍. ഇങ്ങനെ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന താങ്കള്‍ മിനിമം ഒരു ജനപ്രതിനിധിയാണെന്നെങ്കിലും ഓര്‍ക്കണം,’ എന്ന കമന്റിനാണ് ജലീല്‍ മറുപടി നല്‍കിയത്.

സംഘ്പരിവാര്‍ വാദത്തോട് മൗനമവലംബിക്കാത്തവരെ തീവ്രവാദികളാക്കുന്ന വേല കയ്യിലിരിക്കട്ടെയെന്ന് ജലീല്‍ കമന്റിന് മറുപടി നല്‍കി.

‘മടിയില്‍ കനമില്ലാത്തത് കൊണ്ട് ബി.ജെ.പിക്ക് കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടുമില്ല. തല ഉയര്‍ത്തിപ്പിടിച്ച് നെഞ്ചുവിരിച്ച് കാര്യങ്ങള്‍ പറയും. സംഘികളുടെ ഉമ്മാക്കി കണ്ടാല്‍ പേടിക്കുന്നവരുണ്ടാകും. മോനേ ദിനേശാ, ആ കളി ഇങ്ങോട്ടു വേണ്ട,’ കെ.ടി. ജലീല്‍ മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.

ഗ്യാന്‍വാപി വിഷയത്തില്‍ കെ.ടി. ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാരാണസിയിലെ ലോക പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദാണ് ഗ്യാന്‍വാപി മസ്ജിദ്. 1669 ല്‍ മുഗള ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബാണ് പള്ളി നിര്‍മിച്ചത്. കാശി എക്കാലത്തും ഹൈന്ദവ സഹോദരന്‍മാര്‍ തിങ്ങിത്താമസിക്കുന്ന ദേശമാണ്. അവിടെയുണ്ടായിരുന്ന വിശ്വേശ്വര്‍ ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചതെന്നാണ് സംഘപരിവാര്‍ വാദം. അങ്ങിനെ ഒരു ക്ഷേത്രം തകര്‍ത്ത് പള്ളി പണിത് ശക്തി കാട്ടലായിരുന്നു ഔറംഗസേബിന്റെ ലക്ഷ്യമെങ്കില്‍ വിശ്വനാഥ ക്ഷേത്രം തന്നെ തകര്‍ത്ത് തല്‍സ്ഥാനത്ത് മസ്ജിദ് നിര്‍മ്മിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?


നിലവിലെ ഒരു ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് പണിതത് എന്നുള്ളതിന് ചരിത്രപരമായി യാതൊരു തെളിവുമില്ല. കെട്ടുകഥകളും ഊഹാപോഹങ്ങളുമല്ലാതെ. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഈ അവകാശവാദം നേരത്തേ തള്ളിയതാണ്.

മതസൗഹാര്‍ദത്തിന്റെ ചിഹ്നങ്ങളായി ഹൈന്ദവ ദേവാലയങ്ങള്‍ക്കടുത്ത് മുസ്‌ലിം ദേവാലയങ്ങള്‍ പണിയുന്ന രീതി മധ്യകാല ഇന്ത്യയുടെ സവിശേഷതയാണ്. ഒരു കോമ്പൗണ്ടില്‍ ഹൈന്ദവ-മുസ്‌ലിം ആരാധനാലയങ്ങള്‍ എത്രയോ സ്ഥലങ്ങളില്‍ നമുക്ക് കാണാം.
തിരുവനന്തപുരത്തെ പാളയം പള്ളിയുടെയും വിനായക ക്ഷേത്രത്തിന്റെയും അതിര്‍ത്തി മതിലുകള്‍ ഒന്നാണ്. നാളെ ഒരു ശിവലിംഗം പള്ളിയുടെ ഏതെങ്കിലും മൂലയില്‍ കണ്ടെത്തി എന്നു പറഞ്ഞു സംഘികള്‍ ഗ്യാന്‍വാപ്പസിയുടെ കാര്യത്തില്‍ സ്വീകരിച്ച സമീപനം പാളയം പള്ളിയുടെ കാര്യത്തിലും ഉന്നയിച്ചാല്‍ എന്താകും സ്ഥിതി. പി.സി. ജോര്‍ജിന് ജാമ്യം കൊടുത്ത മജിസ്‌ട്രേറ്റിന് മുന്നിലൊക്കെ കേസും കൂടി വന്നാല്‍ സംഗതി കുശാലാകും.

മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമാണ് ശബരിമല. എരുമേലിയിലെ വാവര് പള്ളിയില്‍ ദര്‍ശനം നടത്തിയാണ് ഭക്തര്‍ അയ്യപ്പ സ്വാമിയെ കാണാനെത്തുക. പതിനെട്ടാംപടിയുടെ തൊട്ടു മുന്നില്‍ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന വാവര് സ്വാമിയുടെ നട ഭാരതീയ മതബോധത്തിന്റെ സൗഹൃദക്കാഴ്ചയാണ്. അവിടെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട് ഭക്തരെ അനുഗ്രഹിക്കുന്ന മൗലവിയെ കണ്ടാല്‍ ആരും അമ്പരക്കും. ഭാവിയില്‍ ഇതിനൊക്കെ ഭംഗം വരുമോ എന്നാണെന്റെ ഭയം?

ഔറംഗസേബിനെ വര്‍ഗീയവാദിയാക്കി മുദ്രകുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗ്യാന്‍വാപ്പി മസ്ജിദിനെതിരായ കുല്‍സിത നീക്കം. ഇന്ത്യയില്‍ നീണ്ട 49 വര്‍ഷം ഭരിച്ച് സ്വാഭാവിക മരണം വരിച്ച ഒരേയൊരു ഭരണകര്‍ത്താവേ ഉണ്ടായിട്ടുള്ളൂ. അത് ഔറംഗസേബാണ്. അദ്ദേഹത്തോളം ലളിതമായി ജീവിച്ച ഒരു രാജാവ് ലോകത്തെവിടെയും അക്കാലത്ത് ജീവിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. സ്വന്തം ഉപജീവനത്തിന് തൊപ്പി തുന്നിയും ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും വരുമാനം കണ്ടെത്തിയ ഔറംഗസേബ് ഭൂരിപക്ഷ മത
സമുദായത്തിന്റെ വികാരങ്ങളെ വിലമതിച്ച് കണ്ടു. അങ്ങിനെ അല്ലായിരുന്നെങ്കില്‍ ഇത്രയധികം കാലം മഹാഭൂരിപക്ഷം ഹൈന്ദവരുള്ള രാജ്യം അദ്ദേഹത്തിന് ഭരിക്കാന്‍ കഴിയുമായിരുന്നില്ല.
യുക്തിക്കും സത്യത്തിനും തെളിവുകള്‍ക്കും വര്‍ത്തമാന ഇന്ത്യയില്‍ എന്തുവില? അല്ലേ?

CONTENT HIGHLIGHTS:  KT Jaleel MLA  responds to hateful comments Below is the Facebook post

We use cookies to give you the best possible experience. Learn more