| Wednesday, 19th January 2022, 5:04 pm

എന്റെ ചോര കുടിക്കാനുള്ള തന്ത്ര നീക്കമാണ് ബി.ജെ.പിയെ കൂട്ടുപിടിച്ച് ലീഗ് നടത്തിയത്; കൂടുതല്‍ തെളിവുകള്‍ ഉടന്‍ വരുമെന്ന് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി- മുസ്‌ലിം ലീഗ് വോട്ടു കച്ചവടം നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ.

പ്രമുഖ ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബി.ജെ.പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണെന്നും ഇതിന്റെ ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവരുമെന്ന് ജലീല്‍ പറഞ്ഞു.

തന്നെ തോല്‍പ്പിക്കാന്‍ ലീഗും ജമാഅത്തെ ഇസ്‌ലാമിയും കോണ്‍ഗ്രസും കൂട്ടുപിടിച്ചത് തവനൂരുകാര്‍ക്കറിയുന്ന പരസ്യമായ രഹസ്യമാണ്. ചതിക്കുഴികള്‍ കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ലെന്ന് ജലീല്‍ പറഞ്ഞു.

എന്റെ കരള് ചോര്‍ത്തി ചോര കുടിക്കാനുള്ള തന്ത്രപരമായ കരുനീക്കമാണ് ബി.ജെ.പിയെ കൂട്ടുപിടിച്ച് ലീഗ് നടത്തിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് വെറും ഒന്‍പതിനായിരത്തി തൊള്ളായിരം മാത്രമാണ്.

പതിനായിരം വോട്ടിന്റെ കുറവാണ് ബി.ജെ.പിയുടെ വോട്ടു പെട്ടിയില്‍ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബി.ജെ.പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ്. അതിന്റെ ഓഡിയോ ക്ലിപ്പും താമസിയാതെ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീലിന്റെ വാക്കുകള്‍

ബി.ജെ.പി-ലീഗ് വോട്ട് കച്ചവടം. പി.എം.എ. സലാമിന്റെ ശബ്ദരേഖ പുറത്ത്.
ലീഗ് വിട്ട് പോയവരെ തോല്‍പ്പിക്കാന്‍ എന്ത് നെറികേടും മുസ്‌ലിം ലീഗ് സ്വീകരിക്കുമെന്ന് ഏവര്‍ക്കും അറിവുള്ളതാണ്.

ഏറ്റവും അവസാനം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തൊമ്പതിനായിരത്തിലധികവും അതിന് ശേഷം നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തവനൂര്‍ അസംബ്ലി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന B.J.P യുടെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുപതിനായിരത്തിലധികവും വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ BJPക്ക് വേണ്ടി മല്‍സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് വെറും ഒന്‍പതിനായിരത്തി തൊള്ളായിരം മാത്രമാണ്. പതിനായിരം വോട്ടിന്റെ കുറവാണ് B.J.P യുടെ വോട്ടു പെട്ടിയില്‍ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ B.J.P വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ്. അതിന്റെ ഓഡിയോ ക്ലിപ്പും താമസിയാതെ പുറത്ത് വരും.

മുന്ന് കേന്ദ്ര ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിയാത്തതിന്റെ ജാള്യതയും വിദ്വേഷവും മറച്ചുവെക്കാന്‍ ജനകീയ കോടതിയില്‍ ഈയുള്ളവനെ തോല്‍പ്പിക്കാനായിരുന്നു BJP യുടെ ഗൂഢപദ്ധതി. അത് മനസ്സിലാക്കിയാണ് എന്റെ കരള് ചോര്‍ത്തി ചോര കുടിക്കാന്‍ തന്ത്രപരമായ കരുനീക്കം B.J.Pയെ കൂട്ടുപിടിച്ച് ലീഗ് നടത്തിയത്.

അതോടൊപ്പം വ്യക്തിപരമായി എന്നെ താറടിക്കാന്‍ ഫ്രാങ്കോ ഭക്തനായ ഏമാനില്‍ നിന്ന് തിട്ടൂരം വാങ്ങിയെടുക്കാന്‍ മറ്റൊരു ഫ്രാങ്കോയിസ്റ്റിനെ രംഗത്തിറക്കി അനീതിയുടെ ‘പൂന്തോട്ടം’ പണിത് കള്ളക്കളി കളിച്ചതും ലീഗിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഉത്തമ ദൃഷ്ടാന്തമത്രെ.

പതിനെട്ടടവും പമ്പരം പാച്ചിലും പിന്നെ ഒരു കുത്തിത്തിരിപ്പും നടത്തി, വേണ്ടുവോളം കാറ്റുള്ളപ്പോള്‍ തൂറ്റിയിട്ടും തവനൂരില്‍ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ UDF-BJP-നടേശന്‍-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിന് കഴിയാതെ പോയതും ചരിത്രത്തിലാദ്യമായി എഴുപതിനായിരത്തിലധികം വോട്ടുകള്‍ തവനൂര്‍ നിയോജക മണ്ഡലത്തില്‍ നേടി LDF സാരഥി വിജയിച്ചതും ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ചത് കൊണ്ടാണ്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍പ്പകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ: മുബാറക്ക് പാഷയെ നിയമിച്ചതില്‍ കലിപൂണ്ട വെള്ളാപ്പള്ളി മുതലാളിയെയും ഈയുള്ളവനെ തറപറ്റിക്കാന്‍ ലീഗും ജമാഅത്തെ ഇസ്‌ലാമിയും കോണ്‍ഗ്രസും അന്ന് കുട്ടുപിടിച്ചത് തവനൂരുകാര്‍ക്കറിയുന്ന പരസ്യമായ രഹസ്യമാണ്. ചതിക്കുഴികള്‍ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും LDFനെ തോല്‍പ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: KT  Jaleel MLA has said that the BJP-Muslim League will release more evidence of vote-buying in the last assembly elections.

Latest Stories

We use cookies to give you the best possible experience. Learn more