| Thursday, 22nd October 2020, 11:53 am

കെ.ടി ജലീലിന്റെ വാട്‌സ് ആപ്പ് മുസ്‌ലിം ലീഗിന്റെ ഐ.ടി സെല്‍ ചോര്‍ത്തി; ഗുരുതര വെളിപ്പെടുത്തലുമായി ലീഗ് പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നെന്ന് ലീഗ് പ്രവര്‍ത്തകന്‍ യാസിര്‍ എടപ്പാള്‍. മീഡിയാ വണ്ണിന്റെ ചാനല്‍ ചര്‍ച്ചയിലായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.

മറ്റൊരു ചാനലിനോടു പറയാത്ത കാര്യം വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയ കാര്യം ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയത്.

ഒന്ന് രണ്ട് മാസങ്ങള്‍ മുന്‍പ് തങ്ങളുടെ ഐ.ടി സെല്‍ ജലീലിന്റെ ഫോണ്‍ ഹാക് ചെയ്‌തെന്നും അതില്‍ നിന്ന് കെ.എം.സി.സി.എ അപകീര്‍ത്തിപ്പെടുത്തുന്ന രണ്ടുമൂന്ന് വോയ്‌സ് ക്ലിപ്പുകള്‍ താന്‍ ലീക്ക് ചെയ്യുകയും പബ്ലിക്കാക്കുകയും ചെയ്തതായും ഇയാള്‍ പറയുന്നുണ്ട്.

” അന്ന് നിര്‍ഭാഗ്യവശാല്‍ ഒരു ഫ്‌ളൈറ്റിന്റെ അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ അന്ന് കെ.ടി ജലീല്‍ അതിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം തന്നെ ഒരാള്‍ക്ക് പേഴ്‌സണലായി അയച്ച വോയ്‌സ് ക്ലിപ്പ് എന്നുപറയുന്നത് ഇങ്ങനെയായിരുന്നു, കെ.എം.സി.സിയുടെ ഫ്‌ളൈറ്റ് പൊക്കാന്‍ എസ്.ടി.യു എന്നു പറയുന്ന മുസ്‌ലിം ലീഗിന്റെ തൊഴിലാളി യൂണിയന്റെ തൊഴിലാളികള്‍ ആരും അവിടെയുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാണ് അധിക്ഷേപിച്ചത്,” എന്ന് യാസിര്‍ പറഞ്ഞു.

മന്ത്രിയുടെ വാട്‌സ് ആപ്പാണ് സെല്‍ ഹാക്ക് ചെയ്തതെന്നും നിയമവിരുദ്ധമായ കാര്യമാണ് ചെയ്തതെന്ന് അറിയാമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ താന്‍ നേരിട്ടോ യു.എ.ഇ യില്‍ നിന്നോ അല്ല ഹാക്കിംഗ് നടത്തിയതെന്നും അതുകൊണ്ട് തന്നെ അതിന്റെ കുറ്റം തന്നിലേക്ക് വരില്ലെന്നും യാസിര്‍ പറയുന്നുണ്ട്.

മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യാസിര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിര്‍ ആരോപിച്ചിരുന്നു.

മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിന്റെ ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: KT Jaleel issue and  Yasir Edappal

We use cookies to give you the best possible experience. Learn more