മലപ്പുറം: സംഘപരിവാര്‍ ഹലാല്‍, തുപ്പല്‍ വിവാദമുണ്ടാക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടിയുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.
നാട്ടാചാരങ്ങളോട് എതിര്‍പ്പുള്ളവരാണെങ്കില്‍ അതിനെ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അപവാദ പ്രചരണം നടത്തി ആളുകളെ അവഹേളിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചിലരുടെ വിശ്വാസം മറ്റു ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നാം. ഇത്തരം പ്രവൃത്തികള്‍ നിയമം മൂലം നിരോധിക്കപ്പെടാത്ത കാലത്തോളം പൗരസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന നാട്ടില്‍ പാടില്ലാ എന്ന് കല്‍പ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ജലീല്‍ പറഞ്ഞു.
‘നൊട്ടിമ്മാമയുടെ ഊത്തും പമ്പ കടന്ന വയറുവേദനയും’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു ജലീലിന്റെ പ്രതികരണം.
‘ഗ്രാമീണ നാട്ടു വിശ്വാസങ്ങള്‍ക്ക് എന്ത് മതം, എന്ത് ജാതി? ഇന്നുമിതൊക്കെ പല രൂപത്തിലും ഭാവത്തിലും എല്ലാ മതവിഭാഗക്കാരിലും അപൂര്‍വ്വമെങ്കിലും പഴമയുടെ തുടര്‍ കണ്ണികളായി നിലനില്‍ക്കുന്നുണ്ട്. ചിലരുടെ വിശ്വാസം മറ്റു ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നാം.
അതുകൊണ്ടു തന്നെ അതിനെ വിമര്‍ശിക്കാം, എതിര്‍ക്കാം. ആരും എതിരു പറയില്ല. പക്ഷെ ഇത്തരം പ്രവൃത്തികള്‍ നിയമം മൂലം നിരോധിക്കപ്പെടാത്ത കാലത്തോളം പൗര സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന ഒരു നാട്ടില്‍ ‘പാടില്ലാ’ എന്ന് കല്‍പ്പിക്കാന്‍ എങ്ങിനെ സാധിക്കും,’ കെ.ടി. ജലീല്‍ ചോദിച്ചു.
അതേസമയം, ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്.
സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കെതിരെ സി.പി.ഐ.എം- കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നൊട്ടിമ്മാമയുടെ ഊത്തും പമ്പ കടന്ന വയറുവേദനയും. ഞങ്ങളുടെ തറവാട് വീടിനടുത്ത് ഒരു നൊട്ടിമ്മാമയുണ്ടായിരുന്നു. വളാഞ്ചേരി കാട്ടിപ്പരുത്തി നിവാസികള്‍ക്ക് സുപരിചിതയാണവര്‍. ഞങ്ങള്‍ കാണുന്ന കാലത്ത് പ്രായാധിക്യത്താല്‍ നടു അല്‍പം വളഞ്ഞാണ് നടന്നിരുന്നത്.
മാറ് മറക്കാന്‍ നേര്‍ത്ത ഒറ്റമുണ്ട് ഉപയോഗിച്ചിരുന്ന അവരോടൊപ്പമാണ് സഹോദരി കൂലയും താമസിച്ചിരുന്നത്. നൊട്ടിമ്മാമയുടെ മകള്‍ രണ്ട് കാലിനും സ്വാധീനമില്ലാത്തതിനാല്‍ കൈകള്‍ കുത്തി നിരങ്ങിയാണ് സഞ്ചരിക്കുക. മകളെ പരിപാലിക്കാനുള്ളത് കൊണ്ടാവണം അധിക സമയവും അവര്‍ വീട്ടില്‍ തന്നെയാണ് കഴിച്ചുകൂട്ടാറ്. അല്‍പസ്വല്‍പം ചെപ്പടി വൈദ്യമൊക്കെ നൊട്ടിമ്മാമക്ക് അറിയുമെന്നാണ് സാധാരണക്കാരായ നാട്ടുകാരുടെ വിശ്വാസം.
വയറുവേദന വരുമ്പോള്‍ ‘കൊതികൂടിയതാകും’ എന്നു പറഞ്ഞ് കല്ലുപ്പും ചുവന്ന മുളകും രണ്ട് ചെറിയ ഉള്ളിയും പൊതിഞ്ഞ് ഉമ്മ എന്നെ നൊട്ടിമ്മാമയുടെ അടുത്തേക്ക് പറഞ്ഞയക്കും. ആ ചെറു പൊതിയുമായി വയറും തടവി അവരുടെ വീട്ടിലേക്ക് ഇടംവലം നോക്കാതെ ഒറ്റ നടത്തമാണ്. പുല്ലുമേഞ്ഞ മണ്‍ചുമരുള്ള കുടിലിന്റെ മുന്നില്‍ ചെന്ന് ‘നൊട്ടിമ്മാമാ’ എന്ന് ഉറക്കെ വിളിക്കും. ശബ്ദം കേട്ട് മകളാണ് ആദ്യം കൈ കുത്തി ഇഴഞ്ഞെത്തുക. എന്നെ കണ്ടാല്‍ അകത്തേക്ക് നോക്കി ‘ഹാജ്യാരാപ്ലയുടെ മകന്‍ വന്നിട്ടുണ്ടെന്ന്’ വിളിച്ച് പറയും. കുറച്ചു കഴിഞ്ഞാല്‍ നൊട്ടിമ്മാമ പുറത്തു വരും. എന്റെ കയ്യില്‍ നിന്ന് ഉമ്മ ഏല്‍പ്പിച്ച പൊതി വാങ്ങി എന്തൊക്കെയോ മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം ഊതി എന്റെ ദേഹമാസകലം ഉഴിഞ്ഞ് വാങ്ങും. പിന്നെ അതില്‍ നിന്ന് രണ്ട് കല്ലുപ്പും ചെറിയ ഉള്ളിയും എടുത്ത് എനിക്ക് കഴിക്കാന്‍ തരും. ഞൊടിയിടയില്‍ ഞാനത് അകത്താക്കും. കൊണ്ടുപോയ കടലാസില്‍ തന്നെ ഒരു മണി പോലും പോകാതെ ഭദ്രമായി പൊതിഞ്ഞ് തിരിച്ച് നല്‍കും. വീട്ടില്‍ കൊണ്ടുപോയി അടുപ്പിലിടാന്‍.
ഉമ്മ ഏല്‍പിച്ച എട്ടണ(50 പൈസ) അവരുടെ കയ്യില്‍ വെച്ച് കൊടുത്ത് മന്ത്രിച്ചു കിട്ടിയ ‘നിധി’യും കൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞ് നോക്കാതെ വീടും ലക്ഷ്യമാക്കി ഓടും. എന്നെയും കാത്ത് ഉമ്മ അടുക്കളയുടെ വാതില്‍പ്പടിയില്‍ തന്നെ നില്‍പ്പുണ്ടാകും. റിലേ ഓട്ടത്തില്‍ ബാറ്റണ്‍ വാങ്ങാന്‍ സഹ ഓട്ടക്കാരന്‍ നില്‍ക്കുന്ന പോലെ. കിതച്ചെത്തുന്ന എന്റെ കയ്യില്‍ നിന്ന് ധൃതിയില്‍ പൊതി വാങ്ങി കത്തുന്ന അടുപ്പിലേക്ക് ഒരൊറ്റ ഏറാണ്. പിന്നെ ചടപടാ എന്നൊരു പൊട്ടു കേള്‍ക്കാം. കൂടെ ശൂ എന്ന ശബ്ദത്തോടെ ഒരു കത്തലും. അതോടെ എല്ലാം ശുഭം. എന്റെ ‘പള്ളേലെര്ത്തം'(വയറുവേദന) സ്വാഭാവികമായിത്തന്നെ അപ്പോഴേക്ക് പമ്പ കടന്നിട്ടുണ്ടാകും. നാട്ടിന്‍പുറങ്ങളിലെ സൗഹൃദത്തിന്റെ കണ്ണികളാണിതൊക്കെയെന്നാണ് പില്‍ക്കാലത്ത് ചിന്തിച്ചപ്പോള്‍ ഒരു ചെറു ചിരിയോടെ മനസ്സിലാക്കിയത്.
ഇത്തരം ഗ്രാമീണ നാട്ടു വിശ്വാസങ്ങള്‍ക്ക് എന്ത് മതം, എന്ത് ജാതി? ഇന്നുമിതൊക്കെ പല രൂപത്തിലും ഭാവത്തിലും എല്ലാ മതവിഭാഗക്കാരിലും അപൂര്‍വ്വമെങ്കിലും പഴമയുടെ തുടര്‍ കണ്ണികളായി നിലനില്‍ക്കുന്നുണ്ട്. ചിലരുടെ വിശ്വാസം മറ്റു ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നാം. അതുകൊണ്ടു തന്നെ അതിനെ വിമര്‍ശിക്കാം, എതിര്‍ക്കാം. ആരും എതിരു പറയില്ല. പക്ഷെ ഇത്തരം പ്രവൃത്തികള്‍ നിയമം മൂലം നിരോധിക്കപ്പെടാത്ത കാലത്തോളം പൗര സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന ഒരു നാട്ടില്‍ ‘പാടില്ലാ’ എന്ന് കല്‍പ്പിക്കാന്‍ എങ്ങിനെ സാധിക്കും? ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് സുരേന്ദ്രനും കൂട്ടരും എല്ലാ മതക്കാര്‍ക്കിടയിലും നിലനില്‍ക്കുന്ന ഇത്തരം നാട്ടാചാരങ്ങളോട് എതിര്‍പ്പുള്ളവരാണെങ്കില്‍ അതിനെ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കാനല്ലേ ശ്രമിക്കേണ്ടത്. അല്ലാതെ അപവാദ പ്രചരണം നടത്തി ആളുകളെ അവഹേളിക്കാനല്ലല്ലോ?
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIHGTS: former minister KT. Jaleel In reply to K. Surendran, While the Sangh Parivar was creating halal and spit controversy