Kerala News
'ജയശങ്കര്‍ കേസില്ലാ വക്കീല്‍'; ചാനലുകളില്‍ വന്നിരുന്ന് മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് 'പാണ്ഡിത്യമാണ്' അദ്ദേഹത്തിനുള്ളത്: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 09, 10:27 am
Thursday, 9th June 2022, 3:57 pm

കോഴിക്കോട്: സാമൂഹ്യ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍. എല്ലാ ദിവസവും ചാനലുകളില്‍ വന്നിരുന്ന് മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളതെന്ന് ജലീല്‍ ചോദിച്ചു.

ചാനല്‍ ചര്‍ച്ചയില്‍ തന്നെ അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിനും അഡ്വ. ജയശങ്കറിനും ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കുകയായിരുന്നു ജലീല്‍.

ഇസ്‌ലാമിക് ഹിസ്റ്ററി പഠിച്ചതിനാല്‍ വിവരമില്ലെന്ന് പറഞ്ഞ് വിനുവും ജയശങ്കറും അധിക്ഷേപിച്ചെതിനെതിരെയാണ് ജലീല്‍ പ്രതികരിച്ചത്.

‘അഡ്വ ജയശങ്കര്‍ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. ഹൈക്കോടതിയിലെ കേസില്ലാ വക്കീലന്‍മാരുടെ കൂട്ടത്തില്‍ പ്രഥമ ഗണനീയ സ്ഥാനമാണ് ജയശങ്കറെന്ന നിയമ കേസരിക്കുള്ളത്. കഴിഞ്ഞ പത്തൊന്‍പത് വര്‍ഷത്തിനിടയില്‍ ഒരു കേസ് ടിയാന്‍ കോടതിയില്‍ വാദിക്കുന്നത് കേട്ടിട്ടില്ലെന്നാണ് ഒരു അഭിഭാഷകന്‍ പറഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്ര വക്കാലത്താണ് ജയശങ്കര്‍ എടുത്തതെന്ന് അദ്ദേഹം സ്വയം വെളിപ്പെടുത്തിയാല്‍ നന്നാകും.

എല്ലാ ദിവസവും ചാനലുകളില്‍ വന്നിരുന്ന് മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളത്? കേസുള്ള വക്കീലന്‍മാര്‍ക്ക് ചാനല്‍ റൂമുകളില്‍ സന്ധ്യാ സമയം ചെലവിടാന്‍ എവിടെ നിന്നാ നേരം കിട്ടുക?. സി.പി.എം വിരോധവും മുസ്‌ലിം വിരോധവും കുത്തിനിറച്ച മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് സ്വന്തമായി അവകാശപ്പെടാനില്ല,’ കെ.ടി. ജലീല്‍ പറഞ്ഞു.

ഞാന്‍ എം.എ. എടുത്തത് ചരിത്രത്തിലാണ്. അല്ലാതെ ഇസ്‌ലാമിക് ഹിസ്റ്ററിയിലല്ല. എന്നാല്‍ അറിവ് സമ്പാദിക്കുന്നതിന്റെ ഭാഗമായുള്ള അധിക വായനയിലൂടെ ഇസ്‌ലാമിക ചരിത്രവും വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ പഠിപ്പിക്കുന്നതും ചരിത്രമാണ്. ഇസ്‌ലാമിക ചരിത്രമല്ല. ഇനി ഇസ്‌ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക. എന്താ കുഴപ്പമെന്നും ജലീല്‍ ചോദിച്ചു.

വെറുതേ ചാനല്‍ റൂമുകളിലിരുന്ന് നാക്കിട്ടടിച്ച് സമയം കളയാതിരിക്കലാണ് കേരളത്തിന്റെ മത-സാമുദായിക സൗഹൃദ രംഗം വഷളാകാതിരിക്കാന്‍ നല്ലതെന്നും ജലീല്‍ പറഞ്ഞു.