കോഴിക്കോട്: ലീഗ് നടത്തിയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാര്‍ടിയുടെ സംസ്ഥാന നേതാക്കള്‍ ഏറ്റെടുക്കുമെങ്കില്‍ തന്‍റെ പങ്ക് താനും ഏറ്റെടുക്കാമെന്ന് മന്ത്രി കെ.ടി ജലീല്‍. ലീഗ് നടത്തിയ കൊലപാതകങ്ങളില്‍ എനിക്കും പങ്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ലീഗിന്റെയും യൂത്ത് ലീഗിന്റെയും സംസ്ഥാന നേതാക്കള്‍ അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെങ്കില്‍ എന്റെ പങ്ക് ഞാനും ഏറ്റെടുക്കാം എന്ന് കെ.ടി ജലീല്‍ പറഞ്ഞു. കൊന്ന് തള്ളിയവരുടെ പട്ടിക മേശപ്പുറത്ത് വെക്കാന്‍ പറഞ്ഞത് അബദ്ധമായെന്ന് ലീഗിന് അധികം വൈകാതെ മനസ്സിലാകുമെന്നും ജലീല്‍ പറഞ്ഞു.
നാദാപുരത്തെ മാര്‍ക്സിസ്റ്റ് തേര്‍വാഴ്ചക്കെതിരെ ഞാനുള്‍പ്പടെ ജാഥ നയിച്ചതും ശരിയാണ്. അവിടെ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് നാടുനീളെ ഞങ്ങള്‍ പറഞ്ഞ് നടന്ന തെരുവമ്പറമ്പത്ത് നബീസു തന്നെ അത് സത്യമല്ലെന്ന് മാലോകരോട് വിളിച്ച് പറഞ്ഞത് ഞെട്ടലോടെയാണല്ലോ ഞാനടക്കമുള്ള നേതാക്കള്‍ അന്ന് കേട്ടത്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്തതിന്റെ ഫലം അന്ന് ഞങ്ങള്‍ ഒരുമിച്ചനുഭവിച്ചതാണ് . ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു എന്ന് കേട്ടാല്‍ ബംഗാളില്‍ ന്യൂനപക്ഷം മര്‍ദ്ദിക്കപ്പെടുകയാണെന്ന് പറഞ്ഞ് പാവം ലീഗ് പ്രവര്‍ത്തകരെക്കൊണ്ട് പ്രകടനം നടത്തിക്കുന്ന ഏര്‍പ്പാട് ലീഗിന്റെ “”യുവസിങ്കങ്ങള്‍”” ഇനിയെങ്കിലും നിര്‍ത്തിയാല്‍ എല്ലാവര്‍ക്കും നല്ലതാണ്. കെ.ടി ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
സ്വന്തം തെറ്റുകള്‍ കാണാതെ മറ്റുള്ളവരുടെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വിമര്‍ശന ശരങ്ങളെയ്ത് ആളാകുന്ന പണി എന്റെ ചില ലീഗ് സുഹൃത്തുക്കള്‍ക്ക് മുമ്പേ ഉള്ളതാണെന്നുംസി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളെല്ലാം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകങ്ങളും ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ അരുംകൊലകള്‍ സ്വന്തം ഇഷ്ടപ്രകാരം അവര്‍ നടത്തിയ കൃത്യങ്ങളുമാകുന്നതിലെ “യുക്തി” എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും ജലീല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സ്വന്തം തെറ്റുകള്‍ കാണാതെ മററുള്ളവരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വിമര്‍ശന ശരങ്ങളെയ്ത് ആളാകുന്ന പണി എന്റെ ചില ലീഗ് സുഹൃത്തുക്കള്‍ക്ക് മുമ്പേ ഉള്ളതാണ് . CPM പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളെല്ലാം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകങ്ങളും ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ അറുകൊലകള്‍ സ്വഇഷ്ടപ്രകാരം അവര്‍ നടത്തിയ കൃത്യങ്ങളുമാകുന്നതിലെ “യുക്തി” എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . CPM നെ ഒററതിരിഞ്ഞ് കൂട്ടത്തോടെ ആക്രമിക്കാന്‍ മാധ്യമപ്പടയുടെയും അന്തിച്ചര്‍ച്ചാ വിശാരദന്മാരുടെയും ഒത്താശയോടെ വലതു പാര്‍ട്ടികള്‍ കുറേനാളുകളായി നടത്തി വരുന്നത് നാട്ടില്‍ അങ്ങാടിപ്പാട്ടാണ് . കൊന്ന് തള്ളപ്പെടുന്ന സഖാക്കള്‍ പത്രങ്ങളുടെ ചരമക്കോളങ്ങളില്‍ ഒതുങ്ങുന്നതും ഈ അച്ചുതണ്ട് ശക്തികളുടെ ഗുഢാലോചനയുടെ ഫലമാണ് .
ഓരോരുത്തരുടെയും അസഹിഷ്ണുത അറിയാന്‍ സോഷ്യല്‍ മീഡിയയിലെ അവരുടെ പ്രതികരണങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍മതി. ലീഗ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായിരുന്നുവെങ്കില്‍ ബോംബ് നിര്‍മ്മാണത്തിനിടെ നാദാപുരത്ത് എങ്ങിനെയാണ് അഞ്ച് ചെറുപ്പക്കാര്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ചത് ? ഉറൂസിന് ചോറ് വെക്കുമ്പോള്‍ ബിരിയാണിച്ചെമ്പില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ടതല്ലല്ലൊ അവര്‍ക്ക് . എ.പി – ഇ.കെ തര്‍ക്കങ്ങളില്‍ കൊല്ലപ്പെട്ടവരൊക്കെ എ.പിക്കാരും കൊന്നവര്‍ ലീഗുകാരമായതിലെ മറിമായം എന്താണ് ? ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വത്സനെ വെട്ടിയരിഞ്ഞ് കൊന്നത് ലീഗുകാരായിരുന്നു എന്നത് ആര്‍ക്കാണറിയാത്തത് ? നാദാപുരത്തെ ഷിബിനെ കൊന്നത് ലീഗുകാരല്ലെന്നുണ്ടോ ? കെ.ടി.സി അബ്ദുല്‍ ഖാദറും മണ്ണാര്‍ക്കാട്ടെ സഹോദരന്‍മാരായ ഹംസയും നൂറുദ്ദീനും കുനിയിലെ സഹോദരങ്ങളായ അബൂബക്കറും ആസാദും കുണ്ടൂരിലെ കുഞ്ഞുവും കൊറ്റി പള്ളിയിലെ ജീവനക്കാരനായിരുന്ന ഹക്കീമുമടക്കം
44 പേരുടെ പേരുവിവരം ആരോ പ്രസിദ്ധപ്പെടുത്തിയത് കണ്ട് എനിക്കൊരു വാട്ട്സ് അപ്പ് മെസ്സേജ് കിട്ടി . 1989 ലെ ദേശീയ പണിമുടക്ക് ദിനത്തില്‍ വയനാട്ടിലെ ആച്ചൂര്‍ എസ്റ്റേറ്റ് സമരത്തിനിടെ പത്തൊമ്പതുകാരനായ സഖാവ് കുട്ടിപ്പയെ കൊന്നതും ലീഗ് പ്രവര്‍ത്തകരാണെന്ന്്. കൊന്ന് തള്ളിയവരുടെ പട്ടിക മേശപ്പുറത്ത് വെക്കാന്‍ പറഞ്ഞത് അബദ്ധമായെന്ന് ലീഗിന് അധികം വൈകാതെ മനസ്സിലാകും . ട്രോളന്‍മാര്‍ക്ക് സ്പീക്കറുടെ മേശപ്പുറത്ത് വെക്കാന്‍ കൊണ്ട് പോകുന്ന വാഴക്കുലകളുടെ എണ്ണം ഇടക്കിടക്ക് കൂട്ടേണ്ടിയുംവരും .
ശുഹൈബിന്റെ കൊലയെ ഒരാളും അംഗീകരിക്കില്ല . അങ്ങേയറ്റം അപലപനീയമാണത് . കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് രണ്ട് പക്ഷമില്ല . അത് കൊണ്ടാണ് പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് . യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശുഹൈബും എം.എസ്.എഫ് നേതാവ് ഷുക്കൂറും SDPl പ്രവര്‍ത്തകന്‍ ഫസലും വധിക്കപ്പെട്ടതിനെ ആ രീതിയില്‍ പറയാതെ അവരൊക്കെ മുസ്ലിങ്ങളായത് കൊണ്ട് സി.പി.എം കാരാല്‍ വധിക്കപ്പെട്ടു എന്ന ലീഗ് പ്രചരണം വര്‍ഗീയമായി ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് . ഇതിന്റെ മറുവശമാണ് RSS ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് . ഹിന്ദുവായത് കൊണ്ടാണ് RSS കാരെ CPM കൊന്നൊടുക്കുന്നത് . മരണപ്പെട്ടവരുടെ മതം ചികഞ്ഞ് പോകുന്ന ലീഗിന്റെയും RSS ന്റെയും ശൈലി നാടിന് അത്യന്തം ആപത്താണ് .
ലീഗ് നടത്തിയ കൊലപാതകങ്ങളില്‍ എനിക്കും പങ്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ലീഗിന്റെയും യൂത്ത് ലീഗിന്റെയും സംസ്ഥാന നേതാക്കള്‍ അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെങ്കില്‍ എന്റെ പങ്ക് ഞാനും ഏറ്റെടുക്കാം . നാദാപുരത്തെ മാര്‍ക്സിസ്റ്റ് തേര്‍വാഴ്ചക്കെതിരെ ഞാനുള്‍പ്പടെ ജാഥ നയിച്ചതും ശരിയാണ് . അവിടെ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് നാടുനീളെ ഞങ്ങള്‍ പറഞ്ഞ് നടന്ന തെരുവമ്പറമ്പത്ത് നബീസു തന്നെ അത് സത്യമല്ലെന്ന് മാലോകരോട് വിളിച്ച് പറഞ്ഞത് ഞെട്ടലോടെയാണല്ലോ ഞാനടക്കമുള്ള നേതാക്കള്‍ അന്ന് കേട്ടത്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്തതിന്റെ ഫലം അന്ന് ഞങ്ങള്‍ ഒരുമിച്ചനുഭവിച്ചതാണ് . ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു എന്ന് കേട്ടാല്‍ ബംഗാളില്‍ ന്യൂനപക്ഷം മര്‍ദ്ദിക്കപ്പെടുകയാണെന്ന് പറഞ്ഞ് പാവം ലീഗ് പ്രവര്‍ത്തകരെക്കൊണ്ട് പ്രകടനം നടത്തിക്കുന്ന ഏര്‍പ്പാട് ലീഗിന്റെ “”യുവസിങ്കങ്ങള്‍”” ഇനിയെങ്കിലും നിര്‍ത്തിയാല്‍ എല്ലാവര്‍ക്കും നല്ലതാണ് .
എല്ലാ പാര്‍ട്ടികളിലെയും അമിതാവേശക്കാരെയും അതിവൈകാരികന്‍മാരെയും ഓരോ പാര്‍ട്ടിയും അടക്കി നിര്‍ത്തണം . ഓരോ ജീവനും വിലപ്പെട്ടതാണ് . ഇനിയൊരു കൊലപാതകവും ഉണ്ടാവില്ലെന്ന് നാമോരോരുത്തരും തീരുമാനിക്കണം . ഒരുതരത്തിലുള്ള സഹായവും കൊലപാതകികള്‍ക്ക് ചെയ്ത് കൊടുക്കുകയില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാനാകണം…