| Saturday, 5th November 2022, 9:39 am

ബി.ജെ.പി സര്‍ക്കാരിന് അഴീക്കോട്ടെ വീടും സ്ഥലവും, ഇടത് സര്‍ക്കാരിന് അരക്കോടി; കെ.എം. ഷാജിയെ പരിഹസിച്ച് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പരിഹാസവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ദുരിതാശ്വാസ നിധിയിലേക്ക് നയാപൈസ കൊടുക്കരുതെന്ന് പറഞ്ഞ തന്റെ പഴയ സഹപ്രവര്‍ത്തകന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് അരക്കോടിയോളം രൂപ കൊടുക്കേണ്ടി വന്നുവെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇ.ഡിക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം ‘ഹദിയ’ (സമ്മാനം) നല്‍കിയിരുന്നുവെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

‘ബി.ജെ.പി സര്‍ക്കാരിന് അഴീക്കോട്ടെ വീടും സ്ഥലവും, ഇടത് സര്‍ക്കാരിന് അരക്കോടി. ഇഞ്ചിക്കൃഷി നടത്തി ഇങ്ങനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം,’ കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ വിജിലന്‍സ് പിടികൂടിയ പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വിജിലന്‍സിന് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.

വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് കെ.എം. ഷാജി സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദമാണ് കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് പണം കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അര ലക്ഷത്തോളം രൂപ (47,35,500 രൂപ) വിജിലന്‍സ് പിടിച്ചെടുത്തത്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ പഴയ സുഹൃത്തിന്റെ ഒരു ഫാഗ്യം!
നാടും മേടും വീടും മലവെള്ളപ്പാച്ചിലില്‍ പകച്ച് നിന്ന കാലം.
നദികളും തോടുകളും കായലുകളും കവിഞ്ഞൊഴുകി കരയെ വിഴുങ്ങിയ നാളുകള്‍.
കുന്നും മലകളും നാട്ടിന്‍പുറങ്ങളെ മണ്ണും കല്ലുമിട്ട് പുതച്ചുമൂടിയ ദിനങ്ങള്‍.
തിമര്‍ത്ത് പെയ്യുന്ന മഴയും ആഞ്ഞ് വീശുന്ന കാറ്റും മലയാളികളെ വിറപ്പിച്ച രാപ്പകലുകള്‍.

ഡാമുകള്‍ തുറന്ന് വിട്ടപ്പോള്‍ രൗദ്രഭാവം പൂണ്ടെത്തിയ വെള്ളം മദയാനയെപ്പോലെ ഉറഞ്ഞുതുള്ളിയ ദിനരാത്രങ്ങള്‍.
ലോകം മുഴുവന്‍ കേരളത്തിനുമേല്‍ സഹായ ഹസ്തം നീട്ടി താങ്ങായി നിന്ന പ്രതിസന്ധി ഘട്ടം.
പതിറ്റാണ്ടുകളുടെ നേട്ടങ്ങള്‍ ആര്‍ത്തലച്ചെത്തിയ വെള്ളം തകര്‍ത്തെറിഞ്ഞ ശപിക്കപ്പെട്ട നിമിഷങ്ങള്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈക്കുഞ്ഞ് മുതല്‍ നൂറ് വയസ്സ് പിന്നിട്ടവര്‍ വരെ ദേശ-ഭാഷ വ്യത്യാസമില്ലാതെ കഴിവിനപ്പുറം നല്‍കി സാമൂഹ്യ ബാദ്ധ്യത നിര്‍വ്വഹിച്ച ചരിത്ര മുഹൂര്‍ത്തം.

അന്ന് ഒരു നയാപൈസ മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ എന്റെ പഴയ സഹപ്രവര്‍ത്തകന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ!
കേന്ദ്ര സര്‍ക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇ.ഡിക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം ‘ഹദിയ’ (സമ്മാനം) നല്‍കിയിരുന്നു!

ബി.ജെ.പി സര്‍ക്കാരിന്: അഴീക്കോട്ടെ വീടും സ്ഥലവും
ഇടതു സര്‍ക്കാരിന്: അരക്കോടി.
ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!

(വാല്‍ക്കഷ്ണം: സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച മഹാന്‍മാരായ ലീഗിന്റെ മണ്‍മറഞ്ഞ നേതാക്കളുടെ സംശുദ്ധ ജീവിതം അണികള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിന് മുമ്പ് ആ മഹത്തുക്കളുടെ പേരുകള്‍ ഉച്ഛരിക്കാനുള്ള യോഗ്യതയെങ്കിലും ബന്ധപ്പെട്ടവര്‍ നേടാന്‍ ശ്രമിക്കുന്നത് നന്നാകും.)

Content Highlight: KT Jaleel Facebook reaction on ML Leader KM shaji’s property confiscation order

We use cookies to give you the best possible experience. Learn more