| Saturday, 22nd April 2023, 10:37 pm

'മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ'; മലപ്പുറത്തുള്ളവരും നികുതി കൊടുക്കുന്നുണ്ട്‌: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റേഷന്‍ അനുവദിക്കാത്ത റെയില്‍വെ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ ട്രെയിനിന് സ്റ്റേഷന്‍ അനുവദിക്കാത്തത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരെയും പോലെ നികുതി കൊടുക്കുന്നവരാണ് മലപ്പുറത്തുള്ളതെന്നും ജില്ലയോടുള്ള അവഗണന അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം.

ഇത്രത്തോളം അവഗണിക്കാന്‍ മലപ്പുറത്തുള്ളവര്‍ കടലാസിന്റെ ആളുകളാണോയെന്നാണ് ജലീല്‍ ചോദിച്ചത്. വന്ദേഭാരതിന്‌ പുറമെ രാജധാനിയടക്കമുള്ള 13ഓളം ട്രെയിനുകള്‍ക്ക് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വെ മന്ത്രാലയം തയ്യാറായില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതികരിക്കാന്‍ മലപ്പുറത്തെയും പൊന്നാനിയിലെയും എം.പിമാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

‘വന്ദേഭാരതിന് മലപ്പുറം ജില്ലയില്‍ മാത്രം സ്റ്റോപ്പില്ല! മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ? വന്ദേഭാരത്, രാജധാനി ഉള്‍പ്പടെ 13 ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെന്‍സസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓര്‍മ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉണ്ടാവണം.

കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണം.

മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രെയിനുകള്‍ക്ക് തിരൂര്‍ ഉള്‍പ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാന്‍ മലപ്പുറം ജില്ലക്കാര്‍ എന്ത് തെറ്റ് ചെയ്തു?

1) ട്രൈന്‍ നമ്പര്‍: 12217, കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്

2) നമ്പര്‍: 19577, തിരുനല്‍വേലി-ജാം നഗര്‍ എക്‌സ്പ്രസ്

3) നമ്പര്‍: 22630, തിരുനല്‍വേലി-ദാദര്‍ എക്‌സ്പ്രസ്സ്

4) നമ്പര്‍: 22659, കൊച്ചുവേളി-ഋഷികേശ് എക്‌സപ്രസ്സ്

5) നമ്പര്‍: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

6) നമ്പര്‍: 02197, ജബല്‍പൂര്‍ സ്‌പെഷല്‍ ഫെയര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

7) നമ്പര്‍: 20923, ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്,

8) നമ്പര്‍: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ്

9) നമ്പര്‍: 12483, അമൃതസര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്

10) നമ്പര്‍: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

11) നമ്പര്‍: 20931, ഇന്‍ഡോര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്

12) നമ്പര്‍: 12431, ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്സ്

13) നമ്പര്‍: 22476, ഹിസര്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്.

മലപ്പുറം ജില്ലക്കാരെന്താ കടലാസിന്റെ ആളുകളോ?

Content Highlight: kt jaleel facebook post on vandhe bharath

We use cookies to give you the best possible experience. Learn more