| Saturday, 14th November 2020, 12:52 pm

'എങ്ങും പോയിട്ടില്ല, ഇഞ്ചിക്കൃഷിക്ക് പറ്റിയ ഭൂമിയുണ്ടെങ്കില്‍ അറിയിക്കണം'; പരിഹാസവുമായി കെ. ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താന്‍ നാട്ടില്‍ തന്നെയുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ നാട്ടില്‍ തന്നെയുണ്ടെന്ന് പറഞ്ഞ ജലീല്‍ കോഴ വിവാദത്തില്‍പ്പെട്ട അഴീക്കോട് എം.എല്‍.എ കെ. എം ഷാജിയെയും പരിഹസിച്ച് രംഗത്തെത്തി. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നുവെന്നാണ് ജലീല്‍ പറഞ്ഞത്.

കെ. ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ശിവശങ്കറിന് പിന്നാലെ ജലീലിനും കുരുക്ക് മുറുകും എന്ന തലക്കെട്ടില്‍ പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ കുറിപ്പ്. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.

നേരത്തെ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. ഔദ്യോഗിക വാഹനത്തിലായിരുന്നു ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അദ്ദേഹത്തിനെ ചോദ്യം ചെയ്തത്.

എല്ലാ ചോദ്യം ചെയ്യലുകള്‍ക്കുമൊടുവില്‍ താന്‍ ഇവിടെത്തന്നെയുണ്ടെന്നാണ് ജലീല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്. താന്‍ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ജലീല്‍ നേരത്തെയും പറഞ്ഞിരുന്നു.

കെ. ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.

സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ ‘അഭ്യുദയകാംക്ഷികളെ’യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതേ.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KT Jaleel facebook post on allagations against him

We use cookies to give you the best possible experience. Learn more