| Monday, 2nd April 2018, 5:34 pm

വിശുദ്ധ ഖുര്‍ആന്‍ സാക്ഷി, ഞാന്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ ആരും മരണപ്പെട്ടിട്ടില്ല; കെ.എം ഷാജിയുടേത് നുണ ബോംബ്; മറുപടിയുമായി കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എ തനിയ്‌ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍. കെ.എം ഷാജിയുടേത് നുണബോംബ് എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഷാജിയുടെ ആരോപണങ്ങള്‍ക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പഴയ സഹപ്രവര്‍ത്തകന്‍ കെ.എം ഷാജി തനിക്കെതിരെ പച്ചക്കള്ളം എഴുന്നള്ളിച്ച് നടത്തുന്ന പ്രസംഗം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നു പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ ഡ്രൈവിങ്ങ് പഠിക്കുമ്പോള്‍ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലൈസന്‍സുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും, ഇതിനായി പേടിച്ചരണ്ട് ലീഗ് ഓഫീസിലേക്ക് ഓടിച്ചെന്നെന്നുമാണ് അദ്ദേഹം പറയുന്നതെന്നു പറയുന്ന ജലീല്‍ അങ്ങിനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് പറഞ്ഞു.

“വിശുദ്ധ ഖുര്‍ആന്‍ സാക്ഷി; ഈയുള്ളവന്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാള്‍ മരണപ്പെടുകയോ, കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലൈസന്‍സുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍നിന്ന് ഊരിപ്പോരുകയോ, ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗാഫീസില്‍ ഓടിയെത്തുകയോ ചെയ്തിട്ടില്ല.” ജലീല്‍ പറഞ്ഞു.

ഇരുപത്തിയഞ്ച് വര്‍ഷം താന്‍ യാത്ര ചെയ്ത ഒരു ടാക്‌സി അപകടത്തില്‍പ്പെട്ട് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവമാകാം ഇത്തരത്തിലൊരു കഥമെനയാന്‍ ഷാജിയെ പ്രേരിപ്പിച്ചതെന്നു പറയുന്ന ജലീല്‍ വണ്ടിയുടെ ഉടമസ്ഥന്‍ ലീഗുകാരനായ മമ്മു ഗുരുക്കളാണെന്നും ഡ്രൈവര്‍ കുഞ്ഞിപ്പയെന്നൊരാളാണെന്നും സംശയമുള്ളവര്‍ക്ക് കുറ്റിപ്പുറം സ്റ്റേഷനില്‍പ്പോയി അന്വേഷിക്കാമെന്നും പറഞ്ഞു.

വിമര്‍ശനത്തില്‍ തന്നോടെന്നല്ല ആരോടും സാമാന്യമായി പുലര്‍ത്തേണ്ട മര്യാദ ഷാജി പുലര്‍ത്താറില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ബോദ്ധ്യമാകുമെന്നും ജലീല്‍ വിമര്‍ശിച്ചു. “എനിക്കൊരു പാര്‍ട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യങ്ങ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തില്‍ അദ്ദേഹം. ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാള്‍ക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.” ജലീല്‍ പറയുന്നു.

ലീഗിനെതിരെ സഭയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കില്‍ ഒരേഒരു കാര്യമേ തനിക്കു അനുബന്ധമായി ചേര്‍ക്കാനുള്ളെന്നു പറഞ്ഞ മന്ത്രി ലീഗുകാരല്ല തങ്ങളുടെ പിതാവിനെ, ഭര്‍ത്താവിനെ, സഹോദരനെ, മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികള്‍ക്ക് നിയമ സഹായം ചെയത്‌കൊടുത്ത് സഹായിച്ചതെന്നും അവരുടെ കുടുംബം പറയുകയാണെങ്കില്‍ തന്റെ ആരോപണങ്ങള്‍ പിന്‍വലിച്ച താന്‍ മാപ്പ പറയാമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

“കൊലപാതകങ്ങള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും മഹാപരാധമാണ്. ഒരു ന്യായീകരണവും അതിനില്ല. കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ് . ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക..” എന്നു പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കെ.എം ഷാജിയുടെ നുണബോംബ്
—————————————
എന്റെ പഴയ സഹപ്രവര്‍ത്തകന്‍ കെ.എം. ഷാജി MLA എനിക്കെതിരെ പച്ചക്കള്ളം എഴുന്നള്ളിച്ച് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത് ഇന്നലെയാണ്. ഞാന്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലൈസന്‍സുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും, ഇതിനായി പേടിച്ചരണ്ട് ലീഗാഫീസിലേക്ക് ഓടിച്ചെന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിശുദ്ധ ഖുര്‍ആന്‍ സാക്ഷി; ഈയുള്ളവന്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാള്‍ മരണപ്പെടുകയോ , കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലൈസന്‍സുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍നിന്ന് ഊരിപ്പോരുകയോ , ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗാഫീസില്‍ ഓടിയെത്തുകയോ ചെയതിട്ടില്ല .

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഞാന്‍ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു ടാക്‌സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച് അപകടത്തില്‍ പെട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായ സഹോദരന്‍ മരണപ്പെട്ട സംഭവമാകാം ഇങ്ങിനെയൊരു കഥ മെനയാന്‍ ഷാജിയെ പ്രേരിപ്പിച്ചത്. ആ വണ്ടിയുടെ ഉടമസ്ഥന്‍ മുറിച്ചാല്‍ പച്ചയെന്ന് നാട്ടുകാര്‍ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ്. ഡ്രൈവര്‍ അവിടുത്തുകാരന്‍ തന്നെയായ കുഞ്ഞിപ്പയായിരുന്നു. തല്‍സംബന്ധമായ കേസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംശയമുള്ളവര്‍ക്ക് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ് .

വിമര്‍ശനത്തില്‍ എന്നോടെന്നല്ല ആരോടും സാമാന്യമായി പുലര്‍ത്തേണ്ട മര്യാദ ഷാജി പുലര്‍ത്താറില്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും. അവാസ്തവങ്ങള്‍ ചേരുവ ചേര്‍ത്ത് എതിര്‍പക്ഷത്ത് നില്‍ക്കുന്ന സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ച്കീറുന്ന “കാടന്‍സ്‌റ്റൈല്‍” ലീഗില്‍ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത്തരം അതിരുകടന്ന അസഭ്യവര്‍ഷങ്ങളൊന്നും അധികകാലം നീണ്ടുനില്‍ക്കില്ല. എനിക്കൊരു പാര്‍ട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യങ്ങ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തില്‍ അദ്ദേഹം. ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാള്‍ക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് .

ലീഗിനെതിരെ സഭയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കില്‍ ഒരേഒരു കാര്യമേ എനിക്കു അനുബന്ധമായി ചേര്‍ക്കാനുള്ളു. ലീഗുകാരല്ല തങ്ങളുടെ പിതാവിനെ, ഭര്‍ത്താവിനെ, സഹോദരനെ, മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികള്‍ക്ക് നിയമ സഹായം ചെയത്‌കൊടുത്ത് സഹായിച്ചതെന്നും മണ്ണാര്‍ക്കാട്ടെ ഹംസയുടെയും നൂറുദ്ദീന്റെയും കുടുംബം പറയുമെങ്കില്‍, കുനിയിലെ അബൂബക്കറിന്റെയും ആസാദിന്റെയും ഭാര്യമാര്‍ പറയുമെങ്കില്‍, ഓമശ്ശേരിക്കാരന്‍ കെ.ടി.സി അബ്ദുല്‍ ഖാദറിന്റെ ബന്ധുക്കള്‍ പറയുമെങ്കില്‍, കുണ്ടൂര്‍ കുഞ്ഞുവിന്റെ സഹോദരങ്ങള്‍ പറയുമെങ്കില്‍, ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട വല്‍സന്റെ മക്കള്‍ പറയുമെങ്കില്‍, നാദാപുരത്തെ ഷിബിന്റെ അച്ഛന്‍ പറയുമെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന 44 സഹോദരന്‍മാരെ കൂടാതെ വയനാട്ടിലെ എസ്റ്റേറ്റ് സമരത്തില്‍ വധിക്കപ്പെട്ട കുഞ്ഞിപ്പയുള്‍പ്പടെയുള്ളവരുടെ ബന്ധുമിത്രാതികള്‍ പറയുമെങ്കില്‍, ബോംബ് നിര്‍മ്മാണത്തിനിടെ സ്‌പോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ച നരിക്കാട്ടേരിയിലെ അഞ്ച് ചെറുപ്പക്കാരുടെ രക്ഷിതാക്കള്‍ അവരാരും യൂത്ത്‌ലീഗ് പ്രവര്‍ത്തകരായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമെങ്കില്‍ ഞാന്‍ എന്റെ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാം. ഇതിനൊന്നും ലീഗ് പാര്‍ട്ടിയോ നേതാക്കളോ ഉത്തരവാദിയല്ലെന്നാണ് വാദമെങ്കില്‍ CPM പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതക കേസുകളില്‍ CPM പാര്‍ട്ടിയും അതിന്റെ നേതാക്കളും എങ്ങിനെയാണ് ഉത്തരവാദികളാവുക ? ലീഗിനും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും അയ്രണ്ട് പതിനഞ്ചും CPM ന് മാത്രം അയ്രണ്ട് പത്തുമാകുന്നത് ഏത് “അളവോമീറററിന്റെ” അടിസ്ഥാനത്തിലാണ് ?

കൊലപാതകങ്ങള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും മഹാപരാധമാണ്. ഒരു ന്യായീകരണവും അതിനില്ല. കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ്. ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയുക.. (“”സിറാജ് ” പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇമേജായി കൊടുത്തിട്ടുള്ളത് )

We use cookies to give you the best possible experience. Learn more