| Friday, 18th September 2020, 11:05 am

കലാപകാരികള്‍ക്ക് എന്നെ അപായപ്പെടുത്താന്‍ സ്ഥലവും ഇടവും തത്സമയം നല്‍കുന്ന മാധ്യമസുഹൃത്തുക്കളോട് സഹതാപം മാത്രം; മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന് ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്നും ജലീല്‍ പ്രതികരിച്ചു.

എന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തത്സമയം വിവരം നല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എന്‍.ഐ.എ, Cr.P.C 160 പ്രകാരം ‘Notice to Witness’ ആയി വിസ്തരിക്കാന്‍ വിളിച്ചതിനെ, തൂക്കിലേറ്റാന്‍ വിധിക്കുന്നതിന് മുമ്പ് ‘നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്.

എന്‍.ഐ.എയുടെ നോട്ടീസിന്റെ പകര്‍പ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്.

ഈ ഭൂമുഖത്ത് അകെ പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍?

ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? എന്റെ എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല.

സംഘ്പരിവാറിന്റെ മുഖപത്രമായ ‘ജന്മഭൂമി’യില്‍ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതിന് ഇതില്‍പരം തെളിവ് വേറെ വേണോ എന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താനെന്ന് സാധൂകരിക്കുന്ന എന്‍.ഐ.എയുടെ നോട്ടീസ് പുറത്തുവന്നിരുന്നു.

സി.ആര്‍.പി.സി സെക്ഷന്‍ 160 പ്രകാരമാണ് മന്ത്രിക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചത്. ഈ വകുപ്പ് സാക്ഷി മൊഴി രേഖപ്പെടുത്താന്‍ വിളിച്ച് വരുത്താനുള്ള വകുപ്പാണ്.

യു.എ.പി.എ സെക്ഷന്‍ 16,17,18 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജലീലിന്റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജലീലിന് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിയായതിനാലാണ് ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചിരുന്നു.

നേരത്തെ തന്നെ വിളിപ്പിച്ചത് സാക്ഷിമൊഴി രേഖപ്പെടുത്താനാണെന്ന് ജലീലും വ്യക്തമാക്കിയിരുന്നു. ജലീലിന് പിന്തുണ ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

‘മന്ത്രിക്കെതിരെ പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അത് സ്വാഭാവികമാണ്. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ’, തെറ്റുചെയ്‌തെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KT Jaleel facebook post about NIA Case

We use cookies to give you the best possible experience. Learn more