| Thursday, 31st October 2019, 8:58 pm

വിജി തുടര്‍ന്ന് പഠിക്കും; സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കോളെജ് മാറ്റ ഉത്തരവിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥിനി വിജിക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍.

സര്‍ക്കാര്‍ സ്ഥാപനമായ സി.ആപ്റ്റില്‍ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ഡ് വെബ് ഡിസൈനിംഗ് കോഴ്‌സിന് സൗജന്യമായി പഠിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കികൊടുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അടുത്ത  അധ്യയന വര്‍ഷം മുതല്‍ നഗരത്തില്‍ തന്നെ ഏതെങ്കിലും ഒരു കോളെജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലിനെ തുടര്‍ന്ന് ചേര്‍ത്തല എന്‍.എസ്.എസ് കോളെജില്‍ നിന്നും തിരുവനന്തപുരം വിമന്‍സ് കോളെജിലേക്ക് മാറ്റം ലഭിച്ച വിജിയാണ് വിവാദത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

വിജി പഠിക്കും, സർക്കാർ നെഞ്ചോട് ചേർത്തുവെക്കും.
—————————————-
അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാൻസറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേർത്തല NSS എയ്ഡഡ് കോളേജിലാണ് മെറിറ്റിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലിൽ ചേർന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സർക്കാർ വുമൻസ് കോളേജിലേക്ക് സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത്. അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ എന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയത്. അടിമുടി അനാവശ്യ കോലാഹലങ്ങൾ തീർത്ത വിവാദങ്ങൾ അഭിമാനിയായ വിജിയിൽ തീർത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വർഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി – ആപ്റ്റിൽ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവൺമെന്റ് മുൻകയ്യെടുത്ത് സഫലമാക്കും. അടുത്ത അദ്ധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജിൽ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവരെപ്പോലുള്ള നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും.

We use cookies to give you the best possible experience. Learn more