| Tuesday, 14th July 2020, 5:50 pm

സ്വപ്നയെ വിളിച്ചത് റംസാന്‍ ഭക്ഷണകിറ്റിന്റെ കാര്യത്തിന്; വിളിച്ചത് യു.എ.ഇ കൗണ്‍സില്‍ ജനറല്‍ പറഞ്ഞിട്ടെന്നും കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടക്ക് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി ഫോണില്‍ സംസാരിച്ചത് യു.എ.ഇ കൗണ്‍സില്‍ ജനറല്‍ പറഞ്ഞത് പ്രകാരമെന്ന് മന്ത്രി കെ.ടി ജലീല്‍. റംസാനിനോടനുബന്ധിച്ച് ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീലിന്റെ വാക്കുകള്‍:

കഴിഞ്ഞ മേയ് 27 ന് യു.എ.ഇ കൗണ്‍സില്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് എനിക്കൊരു മെസേജ് കിട്ടുകയുണ്ടായി. എല്ലാവര്‍ഷങ്ങളിലും റംസാനിനോടനുബന്ധിച്ച് യു.എ.ഇ കോണ്‍സുലേറ്റ് ഭക്ഷണകിറ്റുകള്‍ റിലീഫിന്റെ ഭാഗമായിട്ട് കൊടുക്കാറുണ്ട്. ഞാന്‍ തന്നെ രണ്ട് മൂന്ന് റിലീഫ് വിതരണ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്.

ഇത്തവണ ലോക്ക് ഡൗണായതുകൊണ്ട് അവര്‍ക്ക് ഭക്ഷണകിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് മേയ് 27 ന് എനിക്കൊരു മെസേജ് വരുന്നത്. ഞങ്ങളുടെ അടുത്ത് ഭക്ഷണകിറ്റുകളുണ്ട്. എവിടെയെങ്കിലും കൊടുക്കണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കണം.

ഇതായിരുന്നു കൗണ്‍സില്‍ ജനറലിന്റെ ഫോണില്‍ നിന്ന് എനിക്ക് ലഭിച്ച സന്ദേശം. ആ സന്ദേശത്തിന് ഞാന്‍ മറുപടി കൊടുത്തു. എങ്ങനെയാണ് ഇത് അറേഞ്ച് ചെയ്യുക എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ കണ്‍സ്യൂമര്‍ഫെഡ് വഴി ഭക്ഷണകിറ്റുകള്‍ അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞു.

ശരി അങ്ങനെയെങ്കില്‍ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടും എന്ന് അദ്ദേഹം എനിക്ക് മെസേജ് ചെയ്യുകയാണ്. 2020 മേയ് 27 നായിരുന്നു അത്. കൗണ്‍സില്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് അവരുമായി ബന്ധപ്പെടുന്നത്.

യു.എ.ഇ കോണ്‍സിലേറ്റാണ് കണ്‍സ്യൂമര്‍ ഫെഡിന് റിലീഫ് കിറ്റുകള്‍ നല്‍കാനുള്ള അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഫോണില്‍ സംസാരിച്ചത്. ബില്ലയച്ചതിന് ശേഷം ബില്ലടയ്ക്കാത്തതിന്റെ പരിഭവം കണ്‍സ്യൂമര്‍ ഫെഡ് അറിയച്ചിനെ തുടര്‍ന്നാണ് സ്വപ്നയെ വിളിച്ചതെന്നും ജലീല്‍ പറഞ്ഞു

അസമയത്തല്ല വിളിച്ചത്. കണ്‍സ്യൂമര്‍ഫെഡ് അറിയിച്ച കാര്യമാണ് സ്വപ്നയെ അറിയിച്ചതെന്നും കെ.ടി ജലീല്‍ പറഞ്ഞു. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എല്ലാവരും വിളിക്കുന്നത് സ്വപ്നയെ തന്നെയാണെന്നും ജലീല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more