| Thursday, 30th March 2023, 10:02 pm

'ബി.ജെ.പിക്കൂറുള്ള അനില്‍ കെ. ആന്റണിമാര്‍'; മക്കള്‍ക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമായിട്ടാണോ 'മുതിര്‍ന്ന നേതാക്കള്‍' ബി.ജെ.പിയെ കണ്ടിട്ടുള്ളത്? കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റെണിയുടെ ബി.ജെ.പി അനുകൂല നിലപാടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അനില്‍ കെ. ആന്റണിക്ക് എങ്ങനെയെങ്കിലും ബി.ജെ.പിയില്‍ എത്തിയാല്‍ മതി എന്നുള്ള അജണ്ടയാണുള്ളതെന്ന’ കപില്‍ സിബലിന്റെ പ്രസ്താവന ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു ജലീലിന്റെ പ്രതികണം. അനില്‍ കെ. ആന്റെണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടിയെന്നും

ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുള്ള ‘അവസാനത്തെ അഭയകേന്ദ്രമാണ്’ ബി.ജെ.പിയെന്ന് ദീര്‍ഘ ദര്‍ശനം ചെയ്തതായിരിക്കുമോ ഇങ്ങനെയുള്ള നിലപാടുകള്‍ക്ക് കാരണമെന്നും ജലീല്‍ ചോദിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തോട് ചെയ്ത അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ജലീലിന്റെ കുറിപ്പ്.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അനില്‍ കെ. ആന്റെണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി!
ബി.ജെ.പി രാജ്യത്തെ ഇതര പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല എന്ന സത്യം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല.

ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുള്ള ‘അവസാനത്തെ അഭയകേന്ദ്രമാണ്’ (Last Resort) ബി.ജെ.പിയെന്ന് ദീര്‍ഘ ദര്‍ശനം ചെയ്തതായിരിക്കുമോ അതിന്റെ കാരണം? അറിയില്ല!
ബി.ജെ.പിക്ക് പിന്നില്‍ ഹിന്ദുത്വ രാഷ്ട്രവാദികളായ ആര്‍.എസ്.എസ് ഉണ്ടെന്നതാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം. മതേതര രാജ്യമായ ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ബി.ജെ.പിക്ക് ആര്‍.എസ്.എസ് എന്ന പോലെ ഒരു മതഗുരുനാഥനില്ല.
പശുവിന്റെ പേരിലുള്ള മനുഷ്യക്കൊലകളെ ബി.ജെ.പി ഇന്നോളം അപലപിച്ചിട്ടില്ല.

ഗുജറാത്ത് വംശഹത്യയെ ബി.ജെ.പി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത് നിലംപരിശാക്കിയ സംഭവത്തില്‍ ബി.ജെ.പി ഇക്കാലമത്രയും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കാനുള്ള സംഘപരിവാര്‍ നീക്കത്തോട് ഈ നിമിഷം വരെ ബി.ജെ.പി വിയോജിച്ചിട്ടില്ല.

ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവത്തിലും നിരവധി ക്രൈസ്തവ വിശ്വാസികള്‍ പീഡിപ്പിക്കപ്പെട്ട വിഷയത്തിലും ബി.ജെ.പി യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല.

ക്രൈസ്തവ മിഷനറിമാര്‍ മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നവരാണെന്ന സംഘമിത്രങ്ങളുടെ അസത്യ പ്രചരണങ്ങളെ ബി.ജെ.പി ഇതെഴുതുന്ന സമയം വരെ തിരുത്തിയിട്ടില്ല.

പറഞ്ഞുവന്നാല്‍ പട്ടിക ഇനിയും ഒരുപാട് നീളും. മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ തന്നെ ധാരാളമാണ് ബി.ജെ.പി മറ്റു പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് മനസിലാക്കാന്‍.

ഇത്തരം പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ല. അതിന്റെ അനന്തരഫലമാണ് അനില്‍ കെ. ആന്റെണിമാര്‍.

Content Highlight: KT Jaleel criticizing Anil K. Antony

We use cookies to give you the best possible experience. Learn more