| Sunday, 30th January 2022, 1:07 pm

തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും; ലോകായുക്തക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലോകായുക്തക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തവനൂര്‍ എം.എല്‍.എ കെ.ടി. ജലീല്‍. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയാണ് ജലീലിന്റെ വിമര്‍ശനം.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചു.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാടെന്നും കുറിപ്പില്‍ പറയുന്നു.

ലോകായുക്ത നിയമഭേദഗതിയില്‍ ഭരണപ്രതിപക്ഷ പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞു. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്.

ലോകായുക്ത നിയമ ഭേദഗതയില്‍ നിന്ന് പിന്മാറാന്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുന്നത് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.ഐ.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നുവെന്ന് കരുതേണ്ടി വരുമെന്നും വി.ഡി. സതീശന്‍ കത്തിലൂടെ പറഞ്ഞിരുന്നു.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും.

മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യു.ഡി.എഫ് പുതിയ ”കത്തി” കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ‘മാന്യനെ’ ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്.

ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം കേരളത്തില്‍ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ല.
2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14 ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും.

‘ജാഗരൂഗരായ’ കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍” എന്നല്ലേ പ്രമാണം. അതിനു ഞാന്‍ നിമിത്തമായി എന്നു മാത്രം


Content Highlight: kt-jaleel-criticizes-lokayukta

We use cookies to give you the best possible experience. Learn more