| Thursday, 13th July 2023, 2:02 pm

മുഴുവന്‍ എ പ്ലസ് നേടിയിട്ടും കുട്ടിക്ക് സീറ്റ് ലഭിക്കാതിരുന്നത് ഓപ്ഷന്‍ നല്‍കിയതിലെ പിഴവ്: കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടി കരഞ്ഞ വിദ്യാര്‍ത്ഥിനി ഫാത്തിമ ശസയെ താന്‍ അവഹേളിച്ചെന്ന വാര്‍ത്തക്ക് മറുപടിയുമായി കെ.ടി ജലീല്‍ എം.എല്‍.എ. ഫ്രട്ടേണിറ്റി പ്രവര്‍ത്തകയായ കുട്ടി പത്താം ക്ലാസ് പഠിച്ച് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പാസായത് വണ്ടൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണെന്നും കുട്ടി പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയപ്പോള്‍ പഠിച്ച സ്‌കൂള്‍ ഓപ്ഷന്‍ കൊടുത്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടിയുടെ സ്വന്തം പഞ്ചായത്തായ തിരുവാലി പഞ്ചായത്തിലെ വീടിനടുത്തുള്ള തിരുവാലി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലും ഓപ്ഷന്‍ നല്‍കിയില്ലെന്നും അത് ബോധപൂര്‍വ്വമോ അല്ലാതെയോ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പത്തോ ഇരുപതോ സ്‌കൂളുകളില്‍ വരെ ഓപ്ഷന്‍ കൊടുക്കാന്‍ ഒരു അപേക്ഷകക്ക് അവസരമുണ്ടായിരിക്കെ ആ കുട്ടി മൂന്നേ മൂന്ന് സ്‌കൂളിലാണ് ഓപ്ഷന്‍ നല്‍കിയത്. എം.ഇ.എസ് ഒടട മമ്പാട്, വണ്ടൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മഞ്ചേരി യത്തീംഖാന ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് അപേക്ഷ നല്‍കിയത്. ഈ മൂന്നിടത്തും തിരുവാലി പഞ്ചായത്തുകാരിയായ കുട്ടിക്ക് പഠിച്ച സ്‌കൂള്‍ സ്‌കോറും സ്വന്തം പഞ്ചായത്തെന്ന സ്‌കോറും കിട്ടില്ല. ആ പ്രദേശക്കാരും അതേ സ്‌കൂളുകളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങളിലും എസ്.എസ്.എല്‍.സി ക്ക് എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കുമാകും പ്രസ്തുത സ്‌കോര്‍ ലഭ്യമാവുക.

തന്റെ സ്വന്തം പഞ്ചായത്തായ തിരുവാലിയിലെ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലോ കുട്ടി പത്താം ക്ലാസ് പഠിച്ച വണ്ടൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലോ ഓപ്ഷന്‍ അഥവാ അപേക്ഷ കൊടുത്തിരുന്നെങ്കില്‍ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ സയന്‍സ് ബാച്ചില്‍ കുട്ടിക്ക് പ്രവേശനം ഉറപ്പായിരുന്നു. എട്ടും ഒന്‍പതും എ പ്ലസ് ഉള്ളവര്‍ക്ക് വരെ മേല്‍പ്പറഞ്ഞ രണ്ട് സ്‌കൂളിലും പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പില്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

എം.ഇ.എസിലെ പ്രസിഡന്റ് ഇടപെട്ട് കുട്ടിക്ക് അഡ്മിഷന്‍ കിട്ടിയെന്നും അതാരും പറഞ്ഞ് കണ്ടില്ലെന്നും ജലീല്‍ പറഞ്ഞു. ആ കുട്ടി ഇതിനൊന്നും ഉത്തരവാദിയായിരിക്കില്ലെന്നും അവരെക്കൊണ്ട് ഇത് ചെയ്യിച്ചവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ മരിച്ചാണെങ്കിലും മരുമകളുടെ കണ്ണീര് കാണാന്‍ ആഗ്രഹിച്ച അമ്മായിഅമ്മയെ പോലെയാകരുത് ലീഗും ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

”കുട്ടി’ക്ക് മമ്പാട് എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി. പഠനം ആരംഭിച്ചു. അക്കാര്യമൊന്നും ആരും പറഞ്ഞില്ല. കുട്ടിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി എം.ഇ.എസ് പ്രസിഡണ്ട് ഡോ ഫസല്‍ ഗഫൂര്‍ നേരിട്ട് ഇടപെട്ടു. ആദ്യം ചേരാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചു. പിന്നെ സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ന്നു. ആ പാവം കുട്ടി ഇതിനൊന്നും ഉത്തരവാദിയായിരിക്കില്ല. പക്ഷെ, അവരെക്കൊണ്ട് ഇത് ചെയ്യിച്ചവര്‍ മാപ്പര്‍ഹിക്കുന്നില്ല. മകന്‍ മരിച്ചാണെങ്കിലും മരുമകളുടെ കണ്ണീര് കാണാന്‍ ആഗ്രഹിച്ച അമ്മായിഅമ്മയെ പോലെയാകരുത് ലീഗും ജമാഅത്തെ ഇസ്‌ലാമിയും.

സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാന്‍ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയും ഫ്രട്ടേണിറ്റിയും ലീഗും നടത്തിയ ഗൂഢാലോചനയായിരുന്നു ആ ”കരച്ചില്‍ നാടക’മെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാകുമോ? ആ സീന്‍ കണ്ടപ്പോഴേ എനിക്ക് പന്തികേട് മണത്തത് ജമാഅത്തെ ഇസ്‌ലാമിയേയും അവരുടെ യുവതുര്‍ക്കിക്കളെയും ശരിക്കും അറിയുന്നത് കൊണ്ടാണ്. സ്വന്തം വാദം സ്ഥാപിക്കാന്‍ എന്ത് നെറികേടും അവര്‍ ചെയ്യും,’ ജലീല്‍ പറഞ്ഞു.

Content Highlight: KT Jaleel criticise league over seat crisis

We use cookies to give you the best possible experience. Learn more